മുൻ പരിശീലകൻ മികച്ചതായിരുന്നു, ഇവാനാശാനെ പ്രശംസിച്ച് മൈക്കൽ സ്റ്റാറെ

Image 3
ISL

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ എത്തുന്നതിനു മുന്നോടിയായി ടീമിന്റെ മുൻ പരിശീലകനായ ഇവാൻ വുകോമനോവിച്ചിനെ പ്രശംസിച്ച് പുതിയ മാനേജർ മൈക്കൽ സ്റ്റാറെ. ഇവാൻ വുകോമനോവിച്ച് ടീമിനെ മികച്ച പ്രകടനത്തിലേക്ക് നയിച്ചുവെന്നാണ് സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

സീസൺ അവസാനിച്ചതോടെയാണ് ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിയുകയാണെന്ന പ്രഖ്യാപനം വന്നത്. ഒരു സീസൺ കൂടി അദ്ദേഹം തുടരുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഏറെ വൈകാതെ പുതിയ പരിശീലകനായി സ്റ്റാറെയെ നിയമിക്കുകയും ചെയ്‌തു. നിരവധി വർഷത്തെ അനുഭവസമ്പത്തുമായാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്.

വളരെ സത്യസന്ധമായി പറഞ്ഞാൽ മുൻ പരിശീലകൻ ടീമിനെ നയിച്ചത് മികച്ച രീതിയിലാണെന്ന് മൈക്കൽ സ്റ്റാറെ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം ലൈവിൽ വ്യക്തമാക്കി. അതിനു പുറമെ ഒഡിഷ എഫ്‌സിയുമായി കഴിഞ്ഞ സീസണിൽ നടന്ന പ്ലേ ഓഫ് മത്സരം താൻ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടീമിനെക്കുറിച്ച് ഒരു ധാരണയുണ്ടാക്കുന്നതിനു വേണ്ടിയാണതെന്ന് വ്യക്തം.

ഇവാൻ വുകോമനോവിച്ച് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായതിനു ശേഷമാണ് ടീം വിട്ടത്. പുതിയ പരിശീലകനായി എത്തുന്ന സ്റ്റാറെയിൽ നിന്നും അതിനേക്കാൾ മികച്ച പ്രകടനം ആരാധകർ പ്രതീക്ഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു തന്നെ വലിയൊരു ഉത്തരവാദിത്വമാണ് സ്വീഡിഷ് പരിശീലകനെ കാത്തിരിക്കുന്നത്.