മുഖ്യ പരിശീലകനെ പുറത്താക്കി കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍
ഐലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ മികച്ച തുടക്കവുമായി കളം നിറഞ്ഞ മുഹമ്മദന്‍സില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐ ലീഗ് യോഗ്യത റൗണ്ടില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടിയതിന് പിന്നാലെ പരിശീലകന്‍ യാന്‍ ലോയെ പുറത്താക്കിയിരിക്കുകയാണ് കൊല്‍ക്കത്തന്‍ വമ്പന്‍മാരായ മുഹമ്മദന്‍സ്.
മിനര്‍വ പഞ്ചാബ് ഉടമയായ രഞ്ജിത്ത് ബജാജുമായി ചേര്‍ന്ന് മത്സരഫലങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് മുഹമ്മദന്‍സ് യാനെ പുറത്താക്കിയിരിക്കുന്നത്. മുന്‍ മിനേര്‍വ പഞ്ചാബ് പരിശീലകനായിരുന്നു യാന്‍.
രഞ്ജിത്ത് ബജാജ് താമസിച്ച ഹോട്ടലില്‍ യാന്‍ രഹസ്യമായി താമസിച്ചെന്നാണ് മുഹമ്മദന്‍സ് ആരോപിക്കുന്നത്. ഇത് മത്സര ഫലത്തെ സ്വാധീനിക്കാനാണെന്നും ക്ലബ് വിലയിരുത്തുന്നു. ഇതോടെയാണ് കടുത്ത തീരുമാനം മുഹമ്മദന്‍സ് കൈകൊണ്ടത്.
നിലവില്‍ ഐലീഗ് പ്രവേശനം ലക്ഷ്യമിട്ട് വന്‍ മുന്നൊരുക്കമാണ് മുഹമ്മദന്‍സ് നടത്തുന്നത്. സെക്കന്‍ഡ് ഡിവിഷനില്‍ ആദ്യ രണ്ട് മത്സരവും ജയിച്ച് അവര്‍ വരവറിയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ടീമിന് തിരിച്ചടിയായി പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്.