ശാന്തനായ കൊലയാളി, വ്യത്യസ്തനായ ഫിനിഷര്‍, ബൗളര്‍മാരെ നുള്ളി നോവിക്കാതെയായിരുന്നു അയാള്‍ കൃത്യം നിര്‍വ്വഹിച്ചിരുന്നത്

ധനേഷ് ദാമോദരന്‍

ക്രിക്കറ്റ് കാര്‍ഡുകള്‍ കൊണ്ട് ചീട്ടു കളിക്കുന്ന ബാല്യകാലത്ത് അയാളുടെ കാര്‍ഡ് കിട്ടുമ്പോള്‍ മുഖത്ത് ഒരു പുഞ്ചിരി വരാറുണ്ട് .ഒപ്പം എതിരാളിയുടെ കണ്ണുകളില്‍ നിസ്സഹായ അവസ്ഥയും. ആ സ്ഥിതിവിശേഷങ്ങള്‍ പലപ്പോഴും സമ്മാനിക്കുവാന്‍ അവസരം തരാറ് ഏകദിന ക്രിക്കറ്റിലെ ആദ്യത്തെയും എക്കാലത്തെയും മികച്ച ഫിനിഷര്‍ എന്ന് പലരാലും പരക്കെ പറയപ്പെടുന്ന മൈക്കല്‍ ബേവന്‍ തന്റെ ഐതിഹാസിക കരിയറില്‍ പുലര്‍ത്തിയ ശരാശരിയായ 53 എന്ന അക്കമായിരിക്കും.
ക്രിക്കറ്റിലെ ആദ്യത്തെ ജെന്യുന്‍ ഏകദിന സ്‌പെഷലിസ്റ്റ് എന്നാണ് അയാള്‍ അറിയപ്പെടുന്നത് . വാലറ്റക്കാരെ കൂട്ടുപിടിച്ചു ടീമിനെ വിജയിപ്പിക്കുന്നതില്‍ അഗ്രഗണ്യനായതു കൊണ്ടും നിര്‍ണായക കളിയില്‍ ടീമിന് പൊരുതാവുന്ന അപ്രതീക്ഷിത ടാര്‍ഗറ്റ് സമ്മാനിക്കുന്നതു കൊണ്ടും ക്ലോസ് മാച്ചുകളില്‍ അപാരമായ സ്ഥിരത പുലര്‍ത്തുന്നതു കൊണ്ടും ടീമംഗങ്ങള്‍ അയാള്‍ക്ക് അറിഞ്ഞു കൊടുത്ത ഒരു പേരുണ്ട്.

”The Terminator ”

അനാവശ്യ ഷോട്ടുകള്‍ കളിക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാറില്ലത്തത് കൊണ്ട് തന്നെ അക്കാലഘട്ടത്തിലെ ഏറ്റവും മൂല്യമേറിയ ക്രിക്കറ്ററുടെ വിക്കറ്റ് എതിരാളികള്‍ക്ക് പലപ്പോഴും ഒരു കിട്ടാക്കനി ആകാറുമുണ്ട് . ഏകദിന ക്രിക്കറ്റില്‍ അയാള്‍ക്ക് 6 സെഞ്ചുറികള്‍ മാത്രമാണുള്ളത് . 10000 ത്തിലധികം റണ്‍സുകളോ ആവനാഴിയില്‍ തകര്‍പ്പന്‍ ഷോട്ടുകളുളോ ഇല്ലായിരുന്നു .നേടിയ 6900ത്തിലധികം റണ്‍സുകളില്‍ 2000 ത്തോളം റണ്‍സുകള്‍ മാത്രമായിരുന്നു ബൗണ്ടറികളിലൂടെ സൃഷ്ടിക്കപ്പെട്ടത് .
എക്കാലത്തെയും മികച്ച ഫിനിഷര്‍ എന്ന പേര് കൂടി സ്വന്തമായിട്ടും 21 സിക്‌സറുകള്‍ മാത്രമാണ് അയാള്‍ക്ക് കളിച്ച ഇരുന്നൂറിലധികം ഏകദിന മത്സരങ്ങളില്‍ നിന്നും നേടാനായത്. എന്നിട്ടും അയാളെ ഫിനിഷര്‍ എന്ന് വിളിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചുവെങ്കില്‍ അത് തന്നെയാണ് അയാളെ വ്യത്യസ്തനാക്കുന്നത്.
തന്റെ കാലഘട്ടത്തിലെ ഏറ്റവും ബുദ്ധിമാനായ ഏകദിന ക്രിക്കറ്റര്‍ എന്ന് നിസ്സംശയം പറയാവുന്ന പേരാണ് ബെവന്റേത് .ടീമിലെ പകുതി കളിക്കാരെയും നഷ്ടപ്പെട്ട് , വലിയൊരു ടാര്‍ഗറ്റ് മുന്നില്‍ നില്‍ക്കുമ്പോള്‍ ബേവന് വീര്യം കൂടും .സമ്മര്‍ദ്ദത്തെ ഒരു സ്‌പോഞ്ച് പോലെ വലിച്ചെടുത്ത് സിംഗിളുകളും ഡബിളുകളുമായി അയാള്‍ കളം നിറയും .ഒടുവില്‍ അസാധ്യമെന്ന് കരുതിയ വിജയത്തിലേക്ക് കാലെടുത്ത് വെച്ച് കയറുമ്പോള്‍ ടീം വിജയതീരമണഞ്ഞിട്ടുണ്ടാകും .

ബെവന്‍ ബാറ്റ് ചെയ്ത 62% കളികളിലും ആസ്‌ട്രേലിയ വിജയിച്ചു . അതിനേക്കാളുപരി അതില്‍ കൂടുതല്‍ വിജയവും തോല്‍വിയെ ഭയപ്പെട്ടിരുന്ന സമയത്തായിരുന്നു എന്നത് അതിന്റെ മാറ്റുകൂട്ടുന്നു. വിജയിച്ച മാച്ചുകളില്‍ ബേവന്‍ നേടിയത് 4580 റണ്‍സുകള്‍ . 65 ലധികം ശരാശരിയും 75 ലധികം സ്‌ട്രൈക്ക് റേറ്റിലും റണ്‍ നേടിയപ്പോള്‍ 5 സെഞ്ചുറികളും 32 അര്‍ദ്ധ സെഞ്ച്വറികളും പിറന്നു.

30 ലധികം ഇന്നിംഗ്‌സുകളെങ്കിലും കളിച്ചവരില്‍ കരിയറില്‍ ഒരിക്കലും 40 ല്‍ താഴെ ആവറേജ് താഴാത്ത ആദ്യ ക്രിക്കറ്റര്‍ മൈക്കിള്‍ ബേവനാണ് .പിന്നീട് മൈക്ക് ഹസിക്കും കെവിന്‍ പീറ്റേഴ്‌സണും മാത്രം അവകാശപ്പെട്ട നേട്ടം . 1995 ല്‍ പാക്കിസ്ഥാനെതിരേ 53 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്നിംഗ്‌സിനുശേഷം ബേവന്റെ ആവറേജ് 50ല്‍ താഴെക്ക് പോയിട്ടില്ല. സുദീര്‍ഘമായ ഒരു കാലയളവ് എടുക്കുമ്പോള്‍ അത് അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുത തന്നെയാണ്.

232 മാച്ചുകളില്‍ 67 തവണയും പുറത്താകാതെ നിന്ന ബേവന്‍ അവസാന ഓവറുകളിലെ യോര്‍ക്കറുകള്‍ അതിജീവിക്കുന്നതില്‍ വിദഗ്ധനായിരുന്നു .അയാള്‍ സിംഗിള്‍ എടുക്കും . ഡബിള്‍ എടുക്കും ആവശ്യസമയത്ത് ഫോറടിക്കും. അനായാസമായി സ്‌പേസുകള്‍ കണ്ടെത്തും .

90കളില്‍ കരുത്തില്‍ നിന്നും കരുത്തിലേക്ക് പോയ ആസ്‌ട്രേലിയയെ ഒരിക്കലും തോല്‍പ്പിക്കാന്‍ മറ്റുള്ളവരെ അനുവദിക്കാത്ത തരത്തില്‍ അവരുടെ തലം ഉയര്‍ത്തിയത് ബേവനാണ് .പല കളികളും തോറ്റിടത്ത് നിന്ന് ബെവന്‍ ഓസ്‌ട്രേലിയയെ വിജയിച്ചപ്പോള്‍ എതിരാളികള്‍ ആശ അറ്റതു പോലെയായി .പ്രാപ്യമായ ലക്ഷ്യങ്ങളെ അവസാന ഓവറുകളിലേക്ക് നീട്ടി വെക്കാതെയും അപ്രാപ്യമായ ലക്ഷ്യങ്ങളെ വളരെ വിദഗ്ധമായി സട്രൈക്ക് റൊട്ടേറ്റ് ചെയ്തു കൊണ്ടും നിര്‍ണായക സമയത്ത് ബൗണ്ടറി കണ്ടെത്തുകയും ചെയ്ത് എതിരാളികള്‍ക്ക് സമ്മര്‍ദം നല്‍കി തന്റെ കൂടെ കളിക്കുന്നവര്‍ക്ക് യാതൊരു സമ്മര്‍ദ്ദവും നല്‍കാതെ, ഒടുവില്‍ സ്വയം പുറത്താകാതെ, ആഘോഷങ്ങള്‍ തീരെ കാണിക്കാതെ ഫിനിഷിംഗ് പൂര്‍ത്തിയാക്കുന്നതു കൊണ്ട് തന്നെയാകാം അയാളെ എക്കാലത്തെയും മികച്ച ഫിനിഷര്‍ എന്ന് വിളിക്കാന്‍ എന്ന് നിര്‍ബന്ധിതരാക്കുന്നത് .

സ്‌ട്രൈക്ക് റൊട്ടേഷന്‍ എങ്ങനെയായിരിക്കണമെന്നതും ഫിനിഷിംഗ് ഒരു തടസ്സമോ പരിക്കോ ഇല്ലാത്ത തരത്തില്‍ ഒഴുകുന്ന നദി പോലെയാകണമെന്ന് അയാള്‍ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. ഫിനിഷിംഗ് എന്ന കലയിലെ ശാന്തനായ കലാകാരന്‍ ഫിനിഷിംഗ് ലൈന്‍ കടക്കും വരെയും തന്റെ ജോലി തീര്‍ന്നിട്ടില്ല എന്ന് വിശ്വസിച്ചിരുന്നതു കൊണ്ടുതന്നെയാകാം വിജയവേളകളില്‍ ഭൂരിഭാഗം സമയത്തും അയാള്‍ പുറത്താകാതെ നില്‍ക്കുന്നത് ഒരു പതിവ് കാഴ്ചയായിരുന്നു .
തുടര്‍ച്ചയായ 3 ലോകകപ്പ് ഫൈനലുകള്‍ കളിക്കുകയും രണ്ട് ലോകകപ്പ് നേടുകയും ചെയ്ത ”പൈജാമ പിക്കാസോ ‘ എന്ന വിളിപ്പേരുള്ള മൈക്കല്‍ ബേവന്‍ 1996ലെ ബെന്‍സന്‍ & ഹെഡ്ജസ് വേള്‍ഡ് സീരിസോടുകൂടിയാണ് ഏകദിന ക്രിക്കറ്റിലെ വിപ്ലവകാരിയായി മാറുന്നത് . അന്ന് 10 ഇന്നിംഗ്‌സുകളിലായി 194.50 ശരാശരിയില്‍ 389 റണ്‍ നേടിയ ബേവന്‍ 8 കളികളിലും നോട്ടൗട്ട് ആയിരുന്നു.

ആ ടൂര്‍ണമെന്റിലെ ഒരു കളിയില്‍ വെസ്റ്റിന്‍ഡീസിനെതിരെ 173 റണ്‍സ് ചേസിന് ഇറങ്ങിയ ആസ്‌ട്രേലിയ 38 റണ്‍സിന് 6 വിക്കറ്റ് നഷ്ടപ്പെട്ട സമയത്ത് വാലറ്റത്തെ കൂട്ടുപിടിച്ച് 89 പന്തില്‍ 78 റണ്‍സ് അടിച്ച് അവസാന ഓവറിലെ അവസാന പന്തില്‍ 1 പന്തില്‍ 4 റണ്‍സ് വേണ്ട സമയത്ത് ഹാര്‍പ്പറെ ഫോറടിച്ച് ഓസീസിന് ഒരു അത്ഭുത വിജയം നേടി കൊടുത്തത് ലോകക്രിക്കറ്റിലെ ആദ്യ ഫിനിഷറുടെ അസംഖ്യം പ്രകടനങ്ങളിലെ ആദ്യ അധ്യായം ആയിരുന്നു.

ആസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഏകദിന ടീമില്‍ സ്ഥാനം പിടിച്ച ബേവന്‍ ഒരു ഫിനിഷര്‍ക്ക് ആധുനിക കാലഘട്ടത്തില്‍ അവശ്യം വേണമെന്ന് പറയപ്പെടുന്ന കൂറ്റന്‍ ഷോട്ടുകള്‍ ആശ്രയിക്കാതെ തന്റെ പരിമിതികളെ മറികടന്നാണ് അസാധ്യ വിജയങള്‍ സ്വന്തമാക്കിയത്. സിംഗിളുകളെ ഡബിളുകളാക്കി മാറ്റുന്നതിലും വിക്കറ്റിനിടയിലുടെയുള്ള ഓട്ടത്തിലും അനായാസമായി പ്ലേസ് ചെയ്തും സന്ദര്‍ഭത്തെയും സാഹചര്യത്തെയും മനസിലാക്കി കണക്ക് കൂട്ടുവാനുള്ള കഴിവിലും മികച്ചുനിന്നു.

വാലറ്റത്തെ കൂട്ടുപിടിച്ച് എത്രവലിയ സമ്മര്‍ദ്ദത്തെയും അതിജീവിച്ച് ടീമിനെ വിജയിപ്പിക്കുവാനുള്ള അസാധാരണ മികവാണ് എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍മാരില്‍ റിച്ചാര്‍ഡ്‌സ് , സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, ഡീന്‍ ജോണ്‍സ് എന്നിവര്‍ക്ക് പിന്നില്‍ അഞ്ചാമനായി ബെവനെ തെരഞ്ഞെടുക്കുവാന്‍ വിസ്ഡണെ പ്രേരിപ്പിച്ചിട്ടുണ്ടാവുക .

മിഡില്‍ ഓവറുകളില്‍ നായകന്റെ സ്വപ്നം എന്ന് വിശേഷിപ്പിക്കാവുന്ന ബെവന് ടെസ്റ്റ് ക്രിക്കറ്റില്‍ തിളങ്ങാനുള്ള മികവ് ഉണ്ടായിട്ടും പക്ഷെ ആ ഫോര്‍മാറ്റില്‍ ഒന്നുമാകാന്‍ പറ്റിയില്ലെങ്കിലും 50 ഓവര്‍ ക്രിക്കറ്റില്‍ അയാള്‍ ആഘോഷിക്കപ്പെടുക തന്നെ ചെയ്തു .
വര്‍ഷം 2000 ആകുമ്പോഴേക്കും ബേവന്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും മൂല്യമേറിയ താരമായി കഴിഞ്ഞിരുന്നു. 2000 ല്‍ ധാക്കയില്‍ നടന്ന ഏഷ്യന്‍ ഇലവനും റസ്റ്റ് ഓഫ് വേള്‍ഡ് ഇലവനും തമ്മില്‍ നടന്ന നടന്ന അണ്‍ ഓഫീഷ്യല്‍ ഏകദിനമത്സരം കണ്ടവര്‍ക്ക് ബേവന്‍ ആരാണെന്നതിന്റെ കൃത്യമായ ഉത്തരം കിട്ടിയിരുന്നു . ഏഷ്യന്‍ ഇലവന്‍ ഉയര്‍ത്തിയ 321 റണ്‍ അക്കാലഘട്ടത്തില്‍ അപ്രാപ്യമായ ഒരു ലക്ഷ്യം എന്ന് തന്നെ പറയാം . മാത്രമല്ല 37 ഓവറില്‍ 196 /7 എന്ന നിലയില്ലാക്കയത്തിലായിരുന്നു റെസ്റ്റ് ഓഫ് ദ വേള്‍ഡ് .

ഒരു വശത്ത് ബേവന്‍ 45 പന്തില്‍ 50 ഉം 88 പന്തില്‍ സെഞ്ചുറിയും നേടി ഉറച്ചു നിന്നപ്പോള്‍ മത്സരം ഒരു ത്രില്ലറിലേക്ക് നീങ്ങി . അവസാന ഓവറില്‍ 20 റണ്‍സ് എന്ന നിലയിലേക്ക് ബേവന്‍ മത്സരത്തെ ചുരുക്കി. സ്വപ്ന സമാനം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു ഇന്നിംഗ്‌സ്. ഒടുവില്‍ അവസാന ഓവറില്‍ തുടര്‍ച്ചയായി 3 ബൗണ്ടറികള്‍ കണ്ടെത്തി ലക്ഷ്യം രണ്ടു പന്തില്‍ 7 ലെത്തിച്ച ബേവന്‍ മത്സരത്തെ കൈപ്പിടിയിലൊതുക്കിയതായിരുന്നു .എന്നാല്‍ സാമാന്യബുദ്ധിക്ക് നിരക്കാത്ത രീതിയില്‍ ഓടി 32 പന്തില്‍ 23 റണ്‍ നേടിയ കാഡിക്ക് നഷ്ടപ്പെടുത്തിയ ഒരു റണ്‍സിന്റെ വില വളരെ വലുതായിരുന്നു . ലക്ഷ്യം അവസാന പന്തില്‍ 6 റണ്‍സ് .
അവസാന പന്തില്‍ ബേവന്‍ വീണ്ടും ബൗണ്ടറി .ടീം ഒരു റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ ബേവന്‍ 19 ഫോറുകളും 5 സിക്‌സറും അടക്കം പുറത്താകാതെ നേടിയത് 132 പന്തില്‍ 185 റണ്‍സ് ആയിരുന്നു.നേരിട്ടത് അക്രം, വാസ്, റസാഖ്, കുംബ്‌ളെ ,മുരളി ,സച്ചിന്‍ എന്നിവരടങ്ങിയ ബൗളര്‍മാരെയും .കൂറ്റന്‍ സ്‌കോര്‍ പിറന്ന ആ മാച്ചില്‍ 10 ഓവറും പന്തെറിഞ്ഞ ബേവന്‍ 61 റണ്‍സ് മാത്രം വഴങ്ങി ഡിസില്‍വയുടെ വിക്കറ്റും പിഴുതിരുന്നു .

അതിനിടയില്‍ എത്ര എത്ര ഇന്നിംഗ്‌സുകള്‍. 1994 ന്യൂസിലാന്‍ഡിനെതിരെ ഷാര്‍ജയില്‍ 63 പന്തില്‍ പുറത്താകാതെ നേടിയ 39 റണ്‍സുമായി തുടങ്ങിയ കരിയര്‍ പിന്നീട് 30-40 റണ്‍സുകള്‍ സ്ഥിരമായി നേടി ഒടുവില്‍ തന്റെ 12 ആം മാച്ചില്‍ പാകിസ്ഥാനെതിരെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ 42 പന്തില്‍ പുറത്താകാതെ 53 റണ്‍ ടീമിനെ 269 റണ്‍സിലെത്തിച്ചു .അന്ന് ഓസീസ് 200 കടക്കില്ലെന്ന് തോന്നിയ സ്‌കോറാണ് ബേവന്‍ 269 ലെത്തിച്ചത്.അന്ന് ബാറ്റ് ചെയ്യുന്ന സമയത്ത് 68% റണ്‍സും ബേവന്റെ സംഭാവനയായിരുന്നു . 1995 ല്‍ തുടര്‍ച്ചയായ 9 ഇന്നിംഗ്‌സുകളില്‍ പുറത്താകാതെ നിന്ന് ബേവന്‍ അത്ഭുതമായി .

96 ലെ ന്യൂ ഇയര്‍ ദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ അത്ഭുത പ്രകടനത്തിലൂടെ ടീമിനെ വിജയിപ്പിച്ച ബേവന്‍ 1996 ലോകകപ്പ് സെമിഫൈനലില്‍ അതേ എതിരാളികള്‍ക്കെതിരെ 15/ 4 എന്ന നിലയില്‍ തകര്‍ന്ന ആസ്‌ട്രേലിയയെ കൈ പിടിച്ചുയര്‍ത്തി വീണ്ടും അത്ഭുതമായി.69 റണ്‍ നേടിയ ബേവനും 72 റണ്‍ നേടിയ സ്റ്റുവര്‍ട്ട് ലോയും 138 റണ്‍ കൂട്ടുകെട്ട് സൃഷ്ടിച്ചതിന്റെ പിന്‍ബലത്തില്‍ 207 റണ്‍സ് നേടിയ ഓസീസ് 5 റണ്‍സിന് വിജയിച്ചാണ് ഫൈനലിലെത്തിയത് .

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 1997 ല്‍ സെഞ്ചൂറിയനില്‍ നടന്ന മത്സരത്തിലായിരുന്നു അത്. സമ്മര്‍ദ്ദ ഘട്ടത്തില്‍ 285 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് മൂന്നിന് 58 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ബെവന്‍ ക്രീസിലെത്തിയത്. 95 പന്തില്‍ 103 റണ്‍സ് നേടിയ ബെവന്റെ മികവില്‍ ഓസീസ് ഒരു ഓവര്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തി. അന്ന് 89 റണ്‍ നേടിയ സ്റ്റീവ് വോ ക്കൊപ്പം 4 ആം വിക്കറ്റില്‍ ബേവന്‍ സൃഷ്ടിച്ചത് 189 റണ്‍സായിരുന്നു .

1998 ല്‍ ഡല്‍ഹിയില്‍ സിംബാബ്വക്കെതിരെ റിക്കി പോണ്ടിംഗ് 145 റണ്‍സ് അടിച്ച മത്സരത്തില്‍ 25 പന്തില്‍ പുറത്താകാതെ 33 നേടിയ ബേവന്‍ ആണ് സ്‌കോര്‍ 294 ല്‍ എത്തിച്ചത്. ആന്‍ഡി ഫ്‌ളവറിന്റെ കിടയറ്റ ബാറ്റിംഗില്‍ സിംബാബ്വെ ശക്തമായി തിരിച്ചടിച്ചപ്പോള്‍ ഓസീസ് ജയിച്ചത് 16 റണ്‍സിനായിരുന്നു.

1998ലെ ഷാര്‍ജയില്‍ മണല്‍ക്കാറ്റിനെ അതിജീവിച്ച് സച്ചിന്‍ 131 പന്തില്‍ 143 റണ്‍സ് അടിച്ച ഐതിഹാസികമായ മാച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 15 ഓവറില്‍ 87 ന് 3 എന്ന നിലയില്‍ നിന്നും 286 ന് 7 ലേക്കെത്തിച്ച് വിജയത്തിന് അടിത്തറയിട്ടത് 4 ആമനായി ഇറങ്ങി 103 പന്തില്‍ പുറത്താകാതെ നേടിയ 101 റണ്‍ നേടിയ ബെവന്റെ സെഞ്ചുറി പ്രകടനമാണ് .ആ മാച്ച് സച്ചിന് ഇതിഹാസ പദവിയിലേക്കുള്ള യാത്രക്ക് തുടക്കം നല്‍കിയപ്പോള്‍ ബെവന് ഏകദിന ക്രിക്കറ്റിലെ ‘ ഫിനിഷര്‍ ‘ എന്ന പദവിയിലേക്കുള്ള ചുവടുവെപ്പാണ് നല്‍കിയത്.

1999 ല്‍ പെര്‍ത്തില്‍ ശ്രീലങ്കക്കെതിരെ കാള്‍ട്ടണ്‍ & യുനൈറ്റഡ് സീരീസിലെ മച്ചില്‍ 205 റണ്‍സിന് 5 വിക്കറ്റ് നഷ്ടമായ ഓസീസിനെ 274 ലെത്തിച്ച ബെവന്റെ 65 പന്തില്‍ പുറത്താകാതെ 72 റണ്‍ നേടിയ ഇന്നിങ്ങ്‌സില്‍ 4 ബൗണ്ടറികള്‍ മാത്രമാണുണ്ടായത് .ആ മാച്ച് ഓസീസ് 45 റണ്‍സിനാണ് ജയിച്ചത് .

അതേ ടൂര്‍ണമെന്റിന്റെ ഒന്നാം ഫൈനലില്‍ സിഡ്‌നിയില്‍ ഇംഗ്‌ളണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 30 ഓവറിനിടെ 139 റണ്‍സിന് ആദ്യ 5 പേരെയും നഷ്ടപ്പെട്ട് തകര്‍ന്ന ഓസീസിനെ 6 ആമനായി ഇറങ്ങി വാലറ്റക്കാര്‍ക്കൊപ്പം ചേര്‍ന്ന് 232 ന് 8 ലെത്തിച്ച ഇന്നിങ്ങ്‌സില്‍ 72 പന്തില്‍ ബേവന്‍ 69 റണ്‍സ് നേടി പുറത്താകെ നിന്നു .ആസ്‌ട്രേലിയ 10 റണ്‍സിന് വിജയിച്ച മത്സരത്തില്‍ ബേവന്‍ തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ചും .
1996 ലോകകപ്പ് സെമിയില്‍ ഓസീസിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ബെവന്‍ 1999 ലെ ചരിത്ര സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 65 റണ്‍സിന് പൊന്നും വിലയായിരുന്നു .4/68 ,6/158 എന്നിങ്ങനെ തകര്‍ന്ന ഓസീസ് 213 ന് ഓള്‍ ഔട്ടാകുമ്പോള്‍ അവസാന വിക്കറ്റായാണ് 65 റണ്‍ നേടിയ ബേവന്‍ പുറത്തായത് .ടൈയില്‍ കലാശിച്ച ആ മാച്ചില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറും ബെവന്റേതായിരുന്നു .ആ മത്സരത്തിന്റെ വിധിയെഴുതിയത് ബെവന്റ ഇന്നിങ്‌സ് തന്നെയായിരുന്നു .
2001 ല്‍ മഡ് ഗോവയില്‍ നടന്ന ഇന്ത്യ – ഓസ്ട്രലിയ പരമ്പരയിലെ അവസാന ഏകദിന മാച്ചില്‍ ബെവന്‍ തന്നിലെ ഫിനിഷറുടെ മൂല്യം വീണ്ടും തെളിയിച്ചു .ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലക്ഷ്മണിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 265 ന് 6 എന്ന സ്‌കോര്‍ നേടുകയും ശ്രീനാഥ് ഓരോവറില്‍ ഹെയ്ഡനെയും പോണ്ടിംഗിനെയും മടക്കുകയും ചെയ്തതോടെ വിജയം ഉറപ്പിച്ചതായിരുന്നു . എന്നാല്‍ ഒരു വശത്തെ വിക്കറ്റ് വീഴ്ചക്കിടയിലും പതറാതെ നിന്ന് കളിച്ച ബെവന്‍ ഇയാന്‍ ഹാര്‍വിയെ കൂട്ട് പിടിച്ച് വിജയത്തിലെത്തിക്കുമ്പോള്‍ പുറത്താകതെ 87 റണ്‍സ് ആയിരുന്നു . ഓസ്ട്രലിയ 3-2ന് പരമ്പര നേടിയപോള്‍ കളിയിലെ താരം ബേവന്‍ തന്നെ ആയിരുന്നു.

2002 ലെ വി.ബി സീരിസില്‍ മെല്‍ബണില്‍ ആസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് മത്സരം ബേവനിലെ ഫിനിഷറിലെ സമാനതകളില്ലാത്ത മറ്റൊരു പ്രകടനമായിരുന്നു. 246 ചേസിന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ സ്‌കോര്‍ 53/4 നില്‍ക്കുമ്പോയാണ് ബെവന്‍ ക്രീസിലെത്തുന്നത് .പിന്നാലെ 65/5 ലും 22 ആം ഓവറില്‍ 82/6 എന്ന നിലയില്‍ തകര്‍ന്ന് തോല്‍വിയെ തുറിച്ചു നോക്കിയ ഘട്ടത്തില്‍ മൈക്കല്‍ ബേവന്‍ എന്ന ഫിനിഷര്‍ കളി തുടങ്ങി. 7 ആം വിക്കറ്റില്‍ ഷെയ്ന്‍ വോണിനൊപ്പം 61 റണ്‍സ് ,8 ആം വിക്കറ്റില്‍ ബ്രെറ്റ് ലീ ക്കൊപ്പം 81 റണ്‍സ് .ഒടുവില്‍ ബിക്കലിനൊപ്പം 9 ആം വിക്കറ്റില്‍ 24 റണ്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 3 പന്തുകള്‍ പിന്നെയും ബാക്കിയായിരുന്നു .തന്റെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സ് ആയി ബെവന്‍ വിലയിരുത്തുന്നതും ഈ ഇന്നിങ്ങ്‌സ് തന്നെ .
95 പന്തുകളില്‍ ബേവന്‍ നേടിയത് പുറത്താകാതെ 102 റണ്‍സ്. 7 ഫോറുകള്‍ മാത്രം നേടിയ ബേവന് കളികള്‍ ഫിനിഷ് കൂറ്റനടികളുടെ ആവശ്യമോ ,അനാവശ്യ ഷോട്ടുകളോ ,തുടക്കത്തില്‍ സെറ്റില്‍ഡ് ആകാന്‍ ഒരു പാടു പന്തുകളോ ആവശ്യമില്ലായിരുന്നു .ഇന്നിങ്ങ്‌സിന്റെ ഗതിവിഗതികളിലെന്നും അയാള്‍ ഒഴുകുകയായിരുന്നു .കാണികളിലോ നോണ്‍ സ്‌ട്രൈക്കര്‍മാരിലോ അമിത സമ്മര്‍ദ്ദം കൊടുക്കാത്ത അനായാസ സുന്ദരമായിരുന്നു അയാളുടെ ബാറ്റിങ്ങ് .
2003 ലോകകപ്പില്‍ ഓസീസിന് അടി തെറ്റിയത് ഇംഗ്ലണ്ടിനെതിരെയും ന്യൂസിലാന്‍ഡിനെതിരെയും ആയിരുന്നു.2 ലും ബെവന്‍ അവര്‍ക്ക് അത്ഭുത വിജയം നല്‍കി.ഇംഗ്ലണ്ടിനെതിരേ 205 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 135/8 എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ച സമയത്ത് ആന്‍ഡി ബിക്കലിനെ കൂട്ടുപിടിച്ച് നേടിയ 73 റണ്‍സ് കൂട്ടുകെട്ട് ഓസീസിനെ രക്ഷപ്പെടുത്തി. ബിക്കല്‍ 34 റണ്‍സ് നേടിയപ്പോള്‍ 126 പന്തുകളില്‍ നിന്ന് 74 റണ്‍സോടെ ബെവന്‍ പുറത്താകാതെ നിന്നു.

ന്യൂസിലാന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രലിയ 84 ന് 7 എന്ന നിലയില്‍ തകര്‍ന്നതായിരുന്നു. വീണ്ടും ബെവനൊപ്പം ബിച്ചല്‍ 94 പന്തില്‍ നിന്ന് ബെവന്‍ 56 ,ബിക്കല്‍ 83 പന്തില്‍ 64. ആസ്‌ടേലിയ 209 റണ്‍സ് അടിച്ചപ്പോള്‍ ന്യൂസിലണ്ടിന് 112 റണ്‍സ് നേടാനെ പറ്റിയുള്ളൂ .

ഏകദിന ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കിയ ബെവന് പക്ഷെ ടെസ്റ്റ് ക്രിക്കറ്റിന് പറ്റിയ ശൈലി ഉണ്ടായിട്ടും എവിടെയും എത്താനായില്ല .10 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ കരിയറില്‍ 18 ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് ബെവന്‍ കളിച്ചത്. 1994 ബോര്‍ഡര്‍ വിരമിക്കുമ്പോള്‍ പകരക്കാരനായി വന്നത് ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചു കൂട്ടുന്ന 23 കാരനായ ബെവന്‍ ആയിരുന്നു . വസിം അക്രം ഉള്‍പ്പടെയുള്ള പാക് പടക്കെതിരെ കറാച്ചിയില്‍ 82 റണ്‍സടിച്ച് ഒന്നാന്തരമായി ടെസ്റ്റില്‍ ഹരിശ്രീ കുറിച്ച ബെവന്‍ അടുത്ത 2 ടെസ്റ്റുകളില്‍ 70, 91 ഉം നേടി ആദ്യ പരമ്പരയില്‍ തന്നെ 60.75 ശരാശരിയില്‍ 243 റണ്‍സാണ് അടിച്ചു കൂട്ടിയത് .

1996-97 ല്‍ വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ ഇന്നിങ്‌സുകളില്‍ 52 ,85 ചീ,87 ചീ എന്നിങ്ങനെ സ്‌കോറുകള്‍ കുറിച്ച് പ്രാഗത്ഭ്യം തെളിയിച്ചെങ്കിലും സ്ഥിരത നിലനിര്‍ത്താനായില്ല .ഒടുവില്‍ 18 ടെസ്റ്റുകളില്‍ 6 അര്‍ധ സെഞ്ചുറികള്‍ നേടിയ ബെവന് 29.07 ശരാശരിയില്‍ 18 ടെസ്റ്റുകളില്‍ 785 റണ്‍സുമായി കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു .

ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി റണ്‍സടിച്ചു കൂട്ടിയെങ്കിലും പോണ്ടിങ്ങ്, ബ്ലൂ വെറ്റ്, ഡാമിയന്‍ മാര്‍ട്ടിന്‍ തുടങ്ങിയ പ്രതിഭകളുടെ വരവ് ബെവന് വിലങ്ങുതടിയായി . അതിനിടെ കളിച്ച പത്താം ടെസ്റ്റില്‍ ലെഫ്റ്റ് ആം ചൈനമന്‍ സ്പിന്നര്‍ കൂടിയായ ബെവന്‍ 1997 ല്‍ വെസ്റ്റിന്‍ഡീസിനെതിരെ അഡലെയ്ഡില്‍ പന്ത് കൊണ്ടും ഇന്ദ്രജാലം കാട്ടിയിരുന്നു .ഷെയ്ന്‍ വോണ്‍ എന്ന ഇതിഹാസത്തെ സാക്ഷിയാക്കി നിറഞ്ഞാടിയ ബെവന്‍ ആദ്യ ഇന്നിങ്‌സില്‍ 9.5 ഓവറില്‍ 31 റണ്‍സിന് 4 ഉം രണ്ടാം ഇന്നിങ്ങ്‌സില്‍ 22.4 ഓവറില്‍ 82 റണ്‍സിന് 6 ഉം വിക്കറ്റുകളും വീഴ്ത്തി 10 വിക്കറ്റ് നേട്ടം കൈവരിക്കുകയുണ്ടായി .

മത്സരത്തില്‍ ആകെ 113 റണ്‍സിന് 10 വിക്കറ്റ് വീഴ്ത്തിയ ബെവന്റെത് ഇന്നും ഒരു ആസ്‌ട്രേലിയന്‍ ഇടങ്കയ്യന്‍ സ്പിന്നറുടെ ടെസ്റ്റിലെ ഏറ്റവും മികച്ച പ്രകടനമാണ് . അന്ന് ആസ്‌ട്രേലിയന്‍ ഇന്നിങ്ങ്‌സില്‍ 263 പന്തില്‍ പുറത്താകാതെ 85 റണ്‍സുമടിച്ച് കളിയിലെ കേമനായ ബേവന് 15 റണ്‍ കുടി നേടാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ സെഞ്ചുറിയും 10 വിക്കറ്റ് നേട്ടവും എന്ന അപുര്‍വ നേട്ടത്തിനര്‍ഹനാകുമായിരുന്നു .
ഒരു ടെസ്റ്റിനുശേഷം സൗത്താഫ്രിക്ക ക്കെതിരെ വാണ്ടറേഴ്‌സില്‍ 2/64, 4/32 അടക്കം 6 വിക്കറ്റുകള്‍ വീഴ്ത്തി ബെവന്‍ മികവ് ആവര്‍ത്തിച്ചു. ഏകദിന ക്രിക്കറ്റില്‍ രണ്ടുതവണ 3 വിക്കറ്റ് നേട്ടം കൈവരിച്ച ബെവന് ടെസ്റ്റില്‍ 29 വിക്കറ്റുകളും ഏകദിനത്തില്‍ 36 വിക്കറ്റുകളുമുണ്ട്. മഗ്രാത്ത് ,ലീ, വോണ്‍ അടക്കമുള്ള ഇതിഹാസങ്ങളെ വിക്കറ്റിന് പിന്നില്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്ത വിക്കറ്റ് കീപ്പര്‍ ഗില്‍ക്രിസ്റ്റ് പക്ഷെ കീപ്പ് ചെയ്യാന്‍ ഏറ്റവും പ്രയാസമുള്ള ബൗളര്‍ ബേവന്‍ ആണെന്ന് പറഞ്ഞിട്ടുണ്ട്.
ഷോര്‍ട്ട് ബോളുകള്‍ക്കെതിരായ ബേവന്റെ ദൗര്‍ബല്യമാണ് അയാളുടെ ടെസ്റ്റ് കരിയര്‍ ശുഷ്‌കമാക്കിയതെന്ന് പറയപ്പെടുന്നുവെങ്കിലും ഫസ്റ്റ് ക്ലാസില്‍ 237 മാച്ചുകളില്‍ 57.32 ശരാശരിയില്‍ 68 സെഞ്ച്വറികളും 81 അര്‍ധ സെഞ്ച്വറികളും അടക്കം 19147 റണ്‍ നേടിയ ബേവന് പക്ഷെ ആഷസ് ടെസ്റ്റുകളില്‍ പരാജയപ്പെട്ടതാണ് വിനയായത് . കൂടാതെ 119 വിക്കറ്റുകളും ബേവന് എഇ ല്‍ ഉണ്ട് . ലിസ്റ്റ് എ ക്രിക്കറ്റില്‍ 427 മാച്ചുകളില്‍ നിന്നും 57.86 ശരാശരിയില്‍ 15103 റണ്‍സ് നേടിയ ബെവന് 13 സെഞ്ചുറികളും 116 അര്‍ധ സെഞ്ചുറികളും 93 വിക്കറ്റുകളും സ്വന്തമായുണ്ട് .

2003 ഓസ്‌ട്രേലിയന്‍ ബോര്‍ഡിന്റെ കോണ്‍ട്രാക്ട് പട്ടികയില്‍ നിന്നും പുറത്തേക്ക് പോയ ശേഷം ടാസ്മാനിയക്കു വേണ്ടി ഡൊമസ്റ്റിക്ക് ക്രിക്കറ്റില്‍ സജീവമായ ബെവന് തെളിയിക്കാനൊന്നുമുണ്ടായിരുന്നില്ല. ആ സീസണില്‍ സെഞ്ചുറികള്‍ അടിച്ചു കുട്ടി ഒരു സീസണില്‍ ആസ്‌ട്രേലിയന്‍ റെക്കോര്‍ഡ് 1464 റണ്‍സ് നേടി പുതുക്കിയപ്പോള്‍ തൊട്ടു മുന്‍പത്തെ സീസണില്‍ മാത്യു ഇലിയട്ട് കുറിച്ച 1356 റണ്‍സ് പഴങ്കഥയായി. 97.5 ശരാശരിയില്‍ ബെവന്‍ റണ്‍സടിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരനായ ഫില്‍ ജാക്വസ് 273 റണ്‍സ് പിറകിലായിരുന്നു.

വീണ്ടും ദേശീയ ടീമില്‍ സ്ഥാനം പ്രതീക്ഷിച്ച ബെവന്‍ സ്വയം മെച്ചപ്പെടുത്തി ആഭ്യന്തര ക്രിക്കറ്റില്‍ സെഞ്ചുറി വാരിക്കൂട്ടി .വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഇന്നിങ്ങ്‌സില്‍ 190 അടിച്ച ബെവന്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ടീം 270 റണ്‍സ് നേടിയപ്പോള്‍ അതില്‍ 116 റണ്‍സും നേടി .വിക്ടോറിയക്കെതിരായ മാച്ചില്‍ ഷെയ്ന്‍ വോണ്‍ അടക്കമുള്ള ബോളര്‍മാരെ 434 മിനുട്ടുകള്‍ പ്രതിരോധിച്ച് 144 റണ്‍സ് നേടിയ പിന്നാലെ രണ്ടാം ഇന്നിംഗ്‌സില്‍ ടീം നേടിയ 198 ല്‍ 86 ഉം സ്വന്തം പേരില്‍ കുറിച്ചു .മക്ഗിലിന്റെ ടീമിനെതിരെയും നേടി 170 ഓളം റണ്‍സ് .

ING കപ്പ് ഫൈനലില്‍ 52 പന്തില്‍ പുറത്താകാതെ നേടിയ 42 അടക്കം 86.5 ശരാശരിയില്‍ നേടിയത് 519 റണ്‍സ് . 2007 ലോകകപ്പിന് അവസരം കിട്ടും എന്ന് കരുതിയ ബെവന്‍ അത് കൊണ്ട് തന്നെയായിരുന്നു റിട്ടയര്‍മെന്റ് പ്രഖ്യാപിക്കാതിരുന്നതും .എന്നാല്‍ ടീമില്‍ സ്ഥാനം കിട്ടില്ലെന്ന് ഉറപ്പായതോടെ ഒടുവില്‍ 2007 ല്‍ തന്റെ 36-ാം വയസില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ആസ്‌ട്രേലിയയുടെ മഞ്ഞക്കുപ്പായത്തില്‍ നിന്നും വിട പറഞ്ഞ ബെവനെ പക്ഷെ 2008ല്‍ കജഘ ല്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ കണ്ടു .പിന്നീട് അദ്ദേഹം പഞ്ചാബ് കിങ്‌സിന്റെ കോച്ചു കൂടിയായി.

ഏകദിന ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റ് ആയി വാഴ്ത്തപ്പെടുന്നെങ്കിലും ബെവന്‍ സ്വയം ഒരിക്കലും അങ്ങനെ വിലയിരുത്താറില്ല . താന്‍ അങ്ങനെ ആകപ്പെടുകയായിരുന്നുവെന്ന് ബെവന്‍ പറയാറുണ്ട്. ആദ്യ ടെസ്റ്റ് കഴിയുമ്പോള്‍ കുറഞ്ഞത് 100 ടെസ്റ്റുകള്‍ കളിക്കുന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നതായി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു .

232 ഏകദിനമാച്ചില്‍ നിന്ന് 6 സെഞ്ചറിയും 46 അര്‍ധ സെഞ്ചറി അടക്കം 6,912 എന്ന ഏകദിനത്തിലെ സമ്പാദ്യത്തിനപ്പുറത്തായിരുന്നു ബെവന്‍ .കളിച്ച 196 ഇന്നിങ്ങ്‌സുകളില്‍ 67 എണ്ണത്തിലും പുറത്താകാതെ നിന്ന ബെവനെ മറ്റു ഫിനിഷര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കിയത് ചേസിങ്ങില്‍ അയാള്‍ പുറത്താകാത്ത 99% കളികളിലും ടീമിനെ വിജയിപ്പിച്ചിരുന്നു എന്നതാണ് .പതിയെ പിടിച്ച് നിന്ന് കൂറ്റന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റ് കളയുന്ന റിസ്‌ക്കിന് പകരം എല്ലാ പന്തിലും റണ്‍സെടുക്കുവാനാണ് അയാള്‍ ശ്രമിച്ചത് .

വിക്കറ്റിനിടയിലെ ഓട്ടത്തിലെ അധിക മേന്‍മ അയാള്‍ക്ക് പല തവണ ഒരു റണ്‍സിന് പകരം 2 റണ്‍സ് കൊടുത്തു .വലിയ വേദികളില്‍ സ്ഥിരമായി സമ്മര്‍ദ്ദത്തിനിടയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കാര്യത്തില്‍ മറ്റ് ഫിനിഷര്‍മാര്‍ ബെവന്റെ ഏഴയലത്തെത്തില്ല. താന്‍ കളിച്ച 1996, 1999 ,2003 അങ്ങനെ 3 ലോകകപ്പുകളിലും ഓസീസിനെ നിര്‍ണായക വേളകളില്‍ കൈ പിടിച്ചുയര്‍ത്തിയ ടിപ്പിക്കല്‍ ബേവന്‍ ഇന്നിങ്ങ്‌സുകള്‍ കാണാം .

250 റണ്‍സുകള്‍ എടുത്താല്‍ പോലും വിജയം ഉറപ്പായിരുന്ന ആ കാലഘട്ടത്തില്‍ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ 45 ശരാശരി നിലനിര്‍ത്തുവാന്‍ പോലും കഷ്ടപ്പെടുന്ന സമയത്ത് ബെവന്റെ 53 ശരാശരി സ്വപ്നം പോലും കാണാന്‍ കഴിയാത്തതാണെന്ന് പറയാം .ഒരു സമയത്ത് അദ്ദേഹത്തിന്റെ ശരാശരി 65 ഓളം എത്തിയിരുന്നു . കാലമേറെ മാറി. 45 ശരാശരിയൊക്കൊ സര്‍വ സാധാരണമായി കഴിഞ്ഞിരിക്കുന്നു.
ഇന്ന് ഫീല്‍ഡിംഗ് നിയന്ത്രണങ്ങള്‍ ഇല്ല. പവര്‍പ്ലേ ഇല്ല .ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് വാരിക്കൂട്ടുന്നു .അതുകൊണ്ടുതന്നെ ബെവന്‍ എന്ന ഫിനിഷര്‍ എക്കാലവും ലോക ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍ ആയി തന്നെ നിലനില്‍ക്കും.ധോണി ,അആഉ, യുവ് രാജ്, ക്‌ളൂസനര്‍, ഹസ്സി അങ്ങനെ ഒരു പാട് പേര്‍ പിന്നീട് വന്നു . ഇനിയും ഒരുപാട് ഫിനിഷന്മാര്‍ വന്നേക്കാം.ബെവനെക്കാള്‍ മികച്ച ഫിനിഷിംഗ് പാഠവും കാണിച്ചേക്കാം. പക്ഷേ ഏകദിന ക്രിക്കറ്റിലെ ആദ്യ ഫിനിഷര്‍ എന്ന് എല്ലാവരെക്കൊണ്ടും വിളിപ്പിച്ച ബെവന്റെ പ്രസക്തി എക്കാലത്തും നിലനില്‍ക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട .
ക്രിക്കറ്റ് വൃത്തങ്ങളിലെ കഴിഞ്ഞ ദിവസങ്ങളിലെ ചൂടേറിയ ചര്‍ച്ച ആരാണ് മികച്ച ഫിനിഷര്‍ എന്നത്തിനെപ്പറ്റിയായിരുന്നു. തര്‍ക്കവും വാഗ്വാദവും ബാക്കിയാക്കി അത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുമ്പോഴും എന്റെ ഒരു അഭിപ്രായം പറയാം .
‘ ഫിനിഷര്‍മാര്‍ ഒരു പാടുണ്ടാകാം .അതിലെ പലരും ബെവനക്കാള്‍ വലിയവരുമാകാം .പക്ഷെ ഒരു കാര്യം ഉറപ്പ്, യാതൊരു രൗദ്രഭാവവും ആവാഹിക്കാതെ ബൗളര്‍മാരെ നുള്ളി നോവിക്കാതെ റണ്‍സുകള്‍ കുഴിച്ചെടുത്ത് തടസ്സങ്ങളില്ലാത്ത നദിയിലെ ഒഴുക്ക് പോലെ തീരത്തണയുന്ന അയാളോളം വ്യത്യസ്തനായ ഒരു ഫിനിഷര്‍ ലോക ക്രിക്കറ്റില്‍ ഇന്നേ വരെ ജനിച്ചിട്ടില്ല ‘

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like