; )
യൂറോകപ്പ് പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തുപോയതോടെ ജർമൻ പരിശീലകൻ ജാക്വിം ലോയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി മുൻ താരങ്ങൾ അടക്കമുള്ള പ്രമുഖർ രംഗത്ത്. ജാക്വിം ലോ യുടെ മണ്ടൻ തീരുമാനങ്ങളാണ് ജർമനിയുടെ പുറത്താകലിൽ കലാശിച്ചത് എന്നാണ് വിമർശനം. ജർമൻ മിഡ്‌ഫീൽഡ് ഇതിഹാസമായ മിഷേൽ ബല്ലാക്കും, ജർമൻ അണ്ടർ21 പരിശീലകനായ സ്റ്റീഫൻ ഫിൻസ് അടക്കമുള്ള പ്രമുഖരാണ് ഗ്ലാമർ കോച്ചിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ബ്രസീൽ ലോകകപ്പിൽ ആരാധകരെ ത്രസിപ്പിക്കുന്ന ആക്രമണ ഫുട്ബോളുമായി ജർമനി കപ്പുയർത്തിയതോടെ ഗ്ലാമർ പരിശീലകനായി മാറിയിരുന്നു ജാക്വിം ലോ. എന്നാൽ 2018 ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന ഒന്നാം റൗണ്ട് പുറത്താകലിലൂടെ ലോയുടെ കഷ്ടകാലത്തിന് തുടക്കമായി. പിന്നാലെ നടന്ന നേഷൻസ് ലീഗിലും തുടക്കത്തിൽ തന്നെ പുറത്തായതോടെ ജാക്വിം ലോയെ പുറത്താക്കാനുള്ള മുറവിളികൾ സജീവമായി.
ഈയിടെ സ്പെയിനുമായുള്ള മത്സരത്തിൽ ആറുഗോളുകൾക്ക് പരാജയപ്പെട്ടതും, ജർമൻ മണ്ണിൽ ദുർബലരായ നോർത്ത് മാസിഡോണയുമായി ഏറ്റ പരാജയവും ലോയിലുള്ള വിശ്വാസം ആരാധകർക്ക് നഷ്ടമാകാൻ ഇടയായി. ഇക്കാരണങ്ങൾ കൊണ്ടാവണം പതിവില്ലാത്ത വിധം പരീക്ഷണങ്ങളുമായാണ് ലോ യൂറോയിൽ ജർമനിയെ കളത്തിലിറക്കിയത്.
🇩🇪👏 #EURO2020 pic.twitter.com/qFyeGp4cM5
— UEFA EURO 2020 (@EURO2020) June 29, 2021
മുൻപെങ്ങും ഇല്ലാത്ത വിധം പ്രതിരോധനിരയിൽ മൂന്നു താരങ്ങളെ മാത്രം വച്ചു കളിച്ചതും, വർഷങ്ങളായി കളിച്ചു പരിചയിച്ച റോളിൽ നിന്നും തോമസ് മുള്ളറെ പോലും മാറ്റിക്കളിപ്പിച്ചതും വിമർശിക്കപ്പെടുന്നു. എന്നാൽ പരീക്ഷണങ്ങൾ മാത്രമല്ല, പ്രതിഭാധനരായ താരങ്ങൾ കയ്യിലുണ്ടായിട്ടും മത്സരത്തിന്റെ ഒരുഘട്ടത്തിലും തെറ്റുതിരുത്താൻ പോലും ലോ തയ്യാറായില്ല.
വെളിവില്ലാത്ത തീരുമാനങ്ങളാണ് ലോ എടുത്തത് എന്നാണ് മുൻ ജർമൻ ഇതിഹാസം മിഷേൽ ബല്ലാക്കിന്റെ പ്രതികരണം. വെംബ്ലിയിലെ തോൽവി ജർമൻ അധികൃതരുടെ കണ്ണുതുറക്കണമെന്നും ബല്ലാക്ക് ആവശ്യപ്പെടുന്നു. ജർമൻ താരങ്ങൾ എമ്പാടും പ്രതിരോധത്തിൽ ഒതുങ്ങുമ്പോഴും, മത്സരം നിയന്ത്രിക്കാൻ കെൽപ്പുള്ള ജോഷ്വ കിമ്മിച്ച് അടക്കമുള്ള താരങ്ങളെ ബെഞ്ചിലിരുത്തിയതിനെയും ബല്ലാക്ക് വിമർശിക്കുന്നു.
ഡിഫൻസിൽ ആവശ്യത്തിന് താരങ്ങളെ അണിനിരത്താത്തതാണ് തോൽവിക്ക് കാരണം എന്നാണ് ജർമൻ അണ്ടർ-21 പരിശീലകൻ സ്റ്റീഫെൻ കുൻസ് പറയുന്നത്. പ്രതിരോധമാണ് ജർമനിയെ തോൽപ്പിക്കുന്നത് എന്നു മനസ്സിലാക്കാൻ ജാക്വിം ലോ ശ്രമിച്ചില്ല എന്നാണ് ഇരുവരും ഉയർത്തുന്ന വിമർശനം. എന്നാൽ പിഴവ് മനസ്സിലായിട്ടും അത് തിരുത്താൻ ലോയുടെ പിടിവാശി അനുവദിക്കാത്തതാണോ എന്നാണ് ആരാധകരുടെ സംശയം.
The little German girl crying cos Germany are losing is the most heartbreaking thing you will see today, Football is more than just a game. 🥺#EURO2020 #ENGGER #GER #ENG pic.twitter.com/dxC8jQfZlM
— Roshan Rai (@ItsRoshanRai) June 29, 2021
എന്തായാലും യൂറോയോടെ ജർമനിക്ക് ഏറ്റവുമധികം പ്രതീക്ഷ നൽകി, ജർമൻ ഫുട്ബോളിന് ഏറ്റവുമധികം ആരാധകരെ ഉണ്ടാക്കിയെടുത്ത ജാക്വിം ലോ ഇരുട്ടിൽ മറയുകയാണ്. ലോയുടെ പുറത്താകൽ ജർമനിയുടെ തോൽവി പരമ്പരക്ക് അന്ത്യം കുറിക്കുമെന്ന് പ്രത്യാശിക്കാം. നേരത്തെ ലോയുടെ അസിസ്റ്റന്റ് ആയിരുന്ന ഹാൻസി ഫ്ലിക്ക് ആണ് ഖത്തർ ലോകകപ്പിൽ ജർമനിയെ ഒരുക്കുക.