മെസിയില്ലാതെ സ്വപ്ന ഇലവനുമായി മെസൂട്ട് ഓസിൽ, റയൽ ആധിപത്യമുള്ള ഇലവനിൽ ആഴ്‌സണൽ താരങ്ങളില്ല

Image 3
FeaturedFootball

ആഴ്‌സണലിന്റെ ജർമ്മൻ സൂപ്പർ താരം മെസൂട്ട് ഓസിൽ തന്റെ സ്വപ്ന ഇലവൻ പുറത്തു വിട്ടിരിക്കുകയാണ്. ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയെന്നോണമാണ് ഓസിൽ തന്റെ സ്വപ്നഇലവൻ പുറത്ത് വിട്ടത്. ഇലവനിൽ താരത്തിന്റെ മുൻ ക്ലബായ റയൽ മാഡ്രിഡിന്റെ താരങ്ങൾക്കാണ് കൂടുതൽ ആധിപത്യം. കൂടാതെ താരത്തിനൊപ്പം കളിച്ച ജർമൻ താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

നിലവിൽ ആഴ്‌സണലിൽ കളിക്കുന്ന ആർക്കും ഇലവനിൽ സ്ഥാനം നേടാൻ കഴിഞ്ഞിട്ടില്ല. താരത്തോടൊപ്പം കളിക്കാത്തവരെ പരിഗണിക്കാത്തതിനാൽ സൂപ്പർ താരം ലയണൽ മെസിയടക്കമുള്ളവർക്കും ഇടംനേടാൻ സാധിച്ചിട്ടില്ല. ഗോൾ കീപ്പറായി ഓസിൽ തിരഞ്ഞെടുത്തിരിക്കുന്നത് റയലിന്റെ സ്പാനിഷ് ഇതിഹാസം ഈകർ കസിയ്യസിനെയാണ്.

റൈറ്റ് ബാക്കായി ഓസിൽ തിരഞ്ഞെടുത്തത് ജർമ്മനിയിൽ തന്നോടൊപ്പം കളിച്ച നായകൻ ഫിലിപ് ലാമിനെയാണ്. 2014 വേൾഡ് കപ്പ് നേടിയ ടീമിൽ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. സെന്റർ ബാക്കുമാരിൽ ഒരാൾ റയൽ നായകൻ സെർജിയോ റാമോസാണ്. മറ്റൊരാൾ ജർമനിയുടെ ജെറോം ബോട്ടങ് ആണ്. നിലവിൽ താരം ബയേണിന് വേണ്ടി കളിക്കുന്നു. ലെഫ്റ്റ് ബാക്ക് ആയി തെരഞ്ഞെടുത്തത് ഓസിലിന്റെ ഇഷ്ടതാരം റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം മാഴ്‌സെലോയാണ്.

മുന്നേറ്റനിരയിൽ റയൽ മാഡ്രിഡിന്റെ മുൻ അർജന്റൈൻ താരം എയ്ഞ്ചൽ ഡിമരിയയെയാണ് ഉൾപ്പെടുത്തിയത്. മറ്റൊരു താരം റയലിന്റെ ബ്രസീലിയൻ താരം കക്കയാണ്. മുൻ ബാലൺ ഡിയോർ ജേതാവ് കൂടിയായ കക്ക ഓസിലിനൊപ്പം റയലിൽ പന്തുതട്ടിയിട്ടുണ്ട്. സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയാണ് ഓസിലിന്റെ ഇഷ്ടപ്പെട്ട മറ്റൊരു താരം. കൂടാതെ സ്ട്രൈക്കെർ റോളിൽ റയലിന്റെ ഫ്രഞ്ച് കരിം ബെൻസിമയേയുമുൾപ്പെടുത്തി. എട്ട് റയൽ മാഡ്രിഡ്‌ താരങ്ങളാണ് ടീമിൽ ഇടം നേടിയത്.