അസിസ്റ്റുകളുടെ രാജകുമാരൻ, മെസൂദ്‌ ഓസിൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

ഫുട്ബോൾ ലോകത്തെ മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന മെസൂദ്‌ ഓസിൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിനാലുകാരനായ താരം തുർക്കിഷ് ക്ലബായ ഇസ്‌താംബുൾ ബസക്സാഹിറിന് വേണ്ടിയാണ് കളിച്ചിരുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഓസിൽ റിട്ടയർമെന്റ് പ്രഖ്യാപനം നടത്തിയത്.

“എല്ലാവർക്കും ഹലോ, ഒരുപാട് ചിന്തിച്ചതിനു ശേഷം പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ ഞാൻ പ്രഖ്യാപിക്കുന്നു. ഏകദേശം 17 വർഷമായി ഒരു പ്രൊഫഷണൽ ഫുട്ബോളരെന്ന പദവി എനിക്കുണ്ട്, ഈ അവസരത്തിന് എനിക്ക് അവിശ്വസനീയമാംവിധം നന്ദി തോന്നുന്നു. എന്നാൽ കഴിഞ്ഞ ആഴ്‌ചകളിലും മാസങ്ങളിലും, പരിക്കുകൾ അനുഭവിച്ചതിനാൽ, ഫുട്‌ബോളിന്റെ വലിയ വേദി വിടാനുള്ള സമയമാണിതെന്ന് വ്യക്തമാണ്.” താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

“അവിസ്മരണീയമായ നിമിഷങ്ങളും വികാരങ്ങളും നിറഞ്ഞ ഒരു അത്ഭുതകരമായ യാത്രയാണിത്. എന്റെ ക്ലബ്ബുകളായ ഷാൽക്കെ 04, വെർഡർ ബ്രെമെൻ, റയൽ മാഡ്രിഡ്, ആഴ്‌സനൽ എഫ്‌സി, ഫെനർബാഷെ, ബസാക്‌സെഹിർ, എന്നെ പിന്തുണച്ച പരിശീലകർക്കും ഒപ്പം സുഹൃത്തുക്കളായി മാറിയ ടീമംഗങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കുടുംബാംഗങ്ങൾക്കും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും പ്രത്യേക നന്ദി പറയണം. അവർ ആദ്യ ദിവസം മുതൽ എന്റെ യാത്രയുടെ ഭാഗമാണ്, നല്ല സമയങ്ങളിലും മോശം സമയങ്ങളിലും എനിക്ക് വളരെയധികം സ്നേഹവും പിന്തുണയും നൽകി.” ഓസിൽ പറഞ്ഞു.

ഫുട്ബോളിലെ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയ താരമാണ് മെസൂദ്‌ ഓസിൽ. ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടില്ലെങ്കിലും ബാക്കി നേട്ടങ്ങളെല്ലാം ക്ലബ് തലത്തിൽ സ്വന്തമാക്കിയ താരം ജർമനിക്കൊപ്പം 2014 ലോകകപ്പും സ്വന്തമാക്കി. അതേസമയം തുർക്കിഷ് പ്രസിഡന്റ് എർദോഗനു നൽകിയ പിന്തുണയുടെ ഭാഗമായി ജർമൻ ആരാധകരുടെ പ്രതിഷേധം അവസാന നാളുകളിൽ താരത്തിന് നേരിടേണ്ടി വന്നിരുന്നു. പരിക്കുകൾ വലച്ചതാണ് താരം കളി നിർത്താൻ കാരണമായത്.

 

You Might Also Like