എഴു മാസമായി പന്ത് തട്ടിയിട്ട്, എന്നിട്ടും വൻ നേട്ടമുണ്ടാക്കി മെസ്യൂട് ഓസിൽ

ആഴ്സണലിൽ അവഗണന നേരിടുന്ന സൂപ്പർതാരമാണ് മെസ്യൂട് ഓസിൽ. പ്രീമിയർ ലീഗിൽ ഇതുവരെയും അവസരം ലഭിക്കാത്ത താരത്തിന് അടുത്തിടെ യൂറോപ്പ ലീഗ് സ്‌ക്വാഡ് ലിസ്റ്റിൽ നിന്നും ആഴ്‌സണൽ ഒഴിവാക്കിയിരുന്നു. സാമ്പത്തികമായി പ്രതിസന്ധിയിലുള്ള ക്ലബ്ബ് കഴിഞ്ഞ ട്രാൻസ്ഫറിൽ താരത്തെ വിറ്റൊഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ താരം അതിനു വിസമ്മതിക്കുകയായിരുന്നു.

അതിനു ശേഷമാണു പ്രതികാരനടപടിയെന്ന താരത്തെ ഇതു വരെ ഒരു മത്സരത്തിലും ഇറക്കാതിരുന്നത്. 2018ലാണ് താരം ആഴ്‌സണലുമായി കരാർ പുതുക്കുന്നത്. അതോടെ ക്ലബ്ബിലെ തന്നെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന താരമായി മാക്കുകയായിരുന്നു ഓസിൽ. 350000 യൂറോയാണ് താരത്തിന് ഒരാഴ്ച ആഴ്സണലിൽ ലഭിക്കുന്നത്.

ഈ വരുമാന ബിൽ ഒഴിവാക്കാനാണ് ഓസിലിനെ ആഴ്‌സണൽ ട്രാൻസ്ഫർ വിപണിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. അതു നടന്നില്ലെന്നു മാത്രമല്ല കരാർ തീരുന്നതു വരെ ആഴ്സണലിൽ തന്നെ തുടരാനാണ് താരത്തിന്റെ തീരുമാനം. കൊറോണാമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം താരങ്ങളുടെ വേതനത്തിൽ നടത്തിയ വെട്ടിക്കുറക്കലിനും ഓസിൽ വിസമ്മതിച്ചതും ആഴ്‌സണലിനെ പ്രകോപിപ്പിക്കുകയായിരുന്നു.

ഏഴു മാസമായി കളത്തിലിറങ്ങിയിട്ടില്ലെങ്കിലും മറ്റൊരു രീതിയിൽ വലിയ നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഈ ജർമൻ താരം. ലോയൽറ്റി ബോണസായി 8 മില്യൺ യൂറോയാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ തന്നെ ആഴ്‌സണൽ താരത്തിനു നൽകിയെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക് റിപ്പോർട്ട്‌ ചെയ്യുന്നത്.

You Might Also Like