മെസിയെ റാഞ്ചാൻ പിഎസ്‌ജി? അഭ്യൂഹങ്ങളോട് പ്രതികരിച്ച് മെസിയുടെ പിതാവ്

Image 3
FeaturedFootballLa Liga

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ മുതൽ തുടങ്ങിയ അഭ്യൂഹങ്ങളാണ് മെസി ഈ സീസൺ അവസാനം ഏതു ക്ലബ്ബിലേക്ക് കൂടുമാറുമെന്നത്. നിരവധി വമ്പൻ ക്ലബ്ബുകളുമായി കൂട്ടിച്ചേർത്തു മെസിയുടെ ഇതുവരെയും വ്യക്തമല്ലാത്ത തീരുമാനങ്ങളെ പൊലിപ്പിച്ചു മാധ്യമങ്ങളിൽ നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. ഈ ജനുവരിയിൽ താരം ഏതു ക്ലബ്ബിലേക്ക് ചെക്കരുമെന്നതിനെക്കുറിച്ചും അഭ്യൂഹങ്ങൾ നിലവിലുണ്ട്.

അത്തരത്തിലൊന്നാണ് പെപ്‌ ഗാർഡിയോളക്കു കീഴിൽ വീണ്ടും മെസി ഒന്നിക്കുമെന്ന റിപ്പോർട്ടുകൾ. ബാഴ്‌സക്ക് സൂപ്പർതാരത്തെ ഫ്രീ ആയി വിടാൻ ആഗ്രഹമില്ലാത്തതിനാൽ ജനുവരിയിൽ തന്നെ സിറ്റിയുമായി മുൻകൂട്ടി കരാറിലെത്തുമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്. പുതിയതായി ഇഎസ്പിഎൻ റിപ്പോർട്ടു ചെയ്ത പിഎസ്‌ജിയിലേക്കുള്ള കൂടുമാറ്റമാണ്. കോൺട്രാക്ട് അവസാനിക്കുന്നതോടെ പിഎസ്‌ജിയിലേക്ക് മെസി ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഇത്തരം റിപ്പോർട്ടുകളെ പാടെ അവഗണിച്ചിരിക്കുകയാണ് മെസിയുടെ പിതാവായ ജോർഹെ മെസി. വ്യാജവാർത്തകൾ കണ്ടുപിടിക്കുന്നത് നിർത്തൂ എന്ന് സോഷ്യൽ മീഡിയയിലൂടെയാണ്‌ മെസിയുടെ പിതാവ് പ്രതികരിച്ചിരിക്കുന്നത്. പിഎസ്‌ജിയുമായി ചർച്ചകൾ ആരംഭിച്ചുവെന്ന ഇഎസ്പിഎന്നിന്റെ റിപ്പോർട്ടിന്റെ സ്ക്രീന്ഷോട്ട് ആണ് മെസിയുടെ പിതാവ് ഉപയോഗിച്ചിരിക്കുന്നത്.

സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം മെസിയെ ചുറ്റിപറ്റിയുള്ള അഭ്യൂഹങ്ങൾ കൊണ്ട് മെസിയുടെ അടുത്ത ആളുകൾ പൊറുതി മുട്ടിയിരിക്കുകയാണെന്നാണ് അറിയാനാവുന്നത്. യഥാർത്ഥത്തിൽ മെസിയുടെ തീരുമാനമെന്തെന്നു മെസിയുമായി അടുത്ത വൃത്തങ്ങൾക്കുമറിയില്ലെന്നതാണ് വസ്തുത. അതിനായി ജനുവരി ഒന്ന് വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.