ആ മൂന്നു കാര്യങ്ങളും വലിയ നുണയാണ്, ക്ഷമ കെട്ട് മെസിയുടെ പിതാവിന്റെ പ്രതികരണം

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ ലയണൽ മെസിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ശക്തമാണ്. നിരവധി അഭ്യൂഹങ്ങൾ വരുന്നതിനാൽ തന്നെ ഇതിലേതാണ് ശരി, ഏതാണ് തെറ്റെന്ന കാര്യത്തിൽ ആരാധകർക്കും വലിയ ആശയക്കുഴപ്പം വരാറുണ്ട്.

കഴിഞ്ഞ ദിവസം മെസിയുമായി ബന്ധപ്പെട്ടു വരുന്ന വ്യാജവാർത്തകളോട് താരത്തിന്റെ പിതാവ് രൂക്ഷമായി പ്രതികരിച്ചിരുന്നു. പ്രധാനമായും മൂന്നു വാർത്തകളാണ് അദ്ദേഹം നിഷേധിച്ചത്. ഇതുപോലെയുള്ള വാർത്തകൾ ഉണ്ടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഫോളോവേഴ്‌സിനെ ഉണ്ടാക്കാൻ വേണ്ടിയാണ് മാധ്യമങ്ങൾ ഇതിനു മുതിരുന്നതെന്നും അദ്ദേഹം ഇൻസ്റാഗ്രാമിലൂടെ വിമർശിച്ചു.

ലയണൽ മെസി പിഎസ്‌ജി പരിശീലകനുമായി തർക്കത്തിലായി ട്രെയിനിങ് നിർത്തി മടങ്ങിയെന്നും മെസി കരാർ പുതുക്കാൻ ആവശ്യപ്പെട്ട കാര്യങ്ങൾ പിഎസ്‌ജി അംഗീകരിക്കില്ലെന്നും അൽ ഹിലാലിലേക്ക് ചേക്കേറാൻ അർജന്റീന താരം 600 മില്യൺ യൂറോ ആവശ്യപ്പെട്ടുവെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതെല്ലാമാണ് മെസിയുടെ പിതാവ് വിമർശിച്ചത്.

അതേസമയം അടുത്ത സീസണിൽ മെസി ഏതു ക്ലബിൽ കളിക്കുമെന്ന കാര്യത്തിൽ യാതൊരു തീരുമാനവും ആയിട്ടില്ല. യൂറോപ്പിൽ തന്നെ തുടർന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഒരു ക്ലബിൽ കളിക്കാനാണ് മെസി ആഗ്രഹിക്കുന്നത്. എന്നാൽ മുപ്പത്തിയാറിലേക്ക് കടക്കുന്ന മെസിയുടെ വമ്പൻ പ്രതിഫലം നൽകാൻ ഈ ക്ലബുകൾ മടിക്കുമെന്നതാണ് ട്രാൻസ്‌ഫർ നീക്കങ്ങളെ കുഴപ്പിക്കുന്നത്.

You Might Also Like