ഫുട്ബോൾ ലോകത്തേക്ക് ആദ്യമായി മറ്റൊരു പുരസ്‌കാരം കൂടിയെത്തിച്ച് ലയണൽ മെസി, ടൈം മാഗസിൻ അത്‌ലറ്റ് ഓഫ് ദി ഇയർ

Image 3
Football News

കരിയറിൽ ഇനി സ്വന്തമാക്കാൻ യാതൊന്നും ബാക്കിയില്ലാത്ത കരിയർ പരിപൂർണതയിൽ എത്തിക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞു. ഖത്തർ ലോകകപ്പിലെ കിരീടനേട്ടമായിരുന്നു അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ലയണൽ മെസി തന്നെയാണ് ടീമിനെ മുന്നിൽ നിന്ന് നയിച്ച് കിരീടം നേടിക്കൊടുത്തത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അർജന്റീന താരം മാറുകയും ചെയ്‌തു.

ലോകകപ്പിന് ശേഷം ലയണൽ മെസിയെത്തേടി നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തിയപ്പോൾ അതിലേക്ക് ഒരെണ്ണം കൂടി കഴിഞ്ഞ ദിവസം കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ടൈം മാഗസിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച അത്‍ലറ്റിനുള്ള പുരസ്‌കാരമാണ് മെസി സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഫുട്ബോൾ ലോകത്തു നിന്നും ഒരു താരം ഈ പുരസ്‌കാരം നേടുന്നത്. ഏർലിങ് ഹാലാൻഡ്, നൊവാക് ദ്യോകോവിച്ച് എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്‌കാരം നേടിയത്.

ലോകകപ്പ് നേടിയതിനു ശേഷം കഴിഞ്ഞ ജൂണിൽ മെസി യൂറോപ്പ് വിട്ടു അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിരുന്നു. ലയണൽ മെസിയുടെ വരവ് അമേരിക്കൻ ലീഗിലുണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. ക്ലബിനും ലീഗിനും വലിയ രീതിയിലുള്ള കുതിപ്പാണ് മെസിയുടെ വരവോടെ ഉണ്ടായത്. താരം അമേരിക്കൻ ലീഗിൽ കളിക്കളത്തിലും പുറത്തും ഉണ്ടാക്കിയെടുത്ത പ്രഭാവം കൂടി കണക്കിലെടുത്താണ് ഈ പുരസ്‌കാരം നൽകിയിരിക്കുന്നത്.

അതേസമയം ഫുട്ബോളിലേക്ക് ഇതുവരെ എത്തിയിട്ടില്ലാത്ത മറ്റൊരു പുരസ്‌കാരം കൂടി എത്തിക്കുകയെന്ന ചരിത്രനേട്ടമാണ് മെസി ഇതിലൂടെ സ്വന്തമാക്കിയത്. ഇതാദ്യമായല്ല മെസി ഫുട്ബോൾ ലോകത്തേക്ക് ഇതുവരെ എത്തിയിട്ടില്ലാത്ത പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതിനു മുൻപ് ലോറിസ് പുരസ്‌കാരം മെസി ഇതുപോലെ സ്വന്തമാക്കിയിരുന്നു. ഈ വർഷവും ലോറിസ് പുരസ്‌കാരം സ്വന്തമാക്കി രണ്ടു തവണ ആ നേട്ടം സ്വന്തമാക്കാനും മെസിക്ക് കഴിഞ്ഞിരുന്നു.