ക്രിസ്ത്യാനോയെ പിന്തള്ളി കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച താരമായി ലയണൽ മെസി

Image 3
FeaturedFootballInternational

കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച താരമായി ക്രിസ്ത്യാനോ റൊണാൾഡോയെ പിന്തള്ളി ലയണൽ മെസിയെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്(IFFHS). തിരഞ്ഞെടുത്ത പത്തു താരങ്ങളിൽ നിന്നാണ് ഒന്നാമനായി അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിയെ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തെത്തിയ റൊണാൾഡോക്ക് പിന്നാലെ ആന്ദ്രേസ് ഇനിയേസ്റ്റയും നെയ്മർ ജൂനിയറും മൂന്നും നാലും സ്ഥാനങ്ങളിലെത്തി.

2010-2020 കാലയളവിൽ ക്രിസ്ത്യാനോ നാലു ചാമ്പ്യൻസ്‌ലീഗ് കിരീടങ്ങളും മികച്ച ഗോളുകളും നേടിയിട്ടുണ്ടെങ്കിലും ഈ കാലയളവിൽ ബാഴ്സയ്ക്കൊപ്പം ലയണൽ മെസി നേടിയെടുത്ത നേട്ടങ്ങൾ മികച്ചു നിന്നതാണ് മെസിക്ക് ഈ പുരസ്കാരത്തിനു അർഹനാക്കിയത്. ഈ കാലയളവിൽ ലയണൽ മെസിയും ബാഴ്സയ്ക്കൊപ്പം നാലു ചാമ്പ്യൻസ്‌ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതിനു മുൻപ് ലയണൽ മെസിയെ മറികടന്നു ഈ ഫെഡറേഷന്റെ തന്നെ കഴിഞ്ഞ ദശാബ്ദത്തിലെ ലോകത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി ക്രിസ്ത്യാനോ റൊണാൾഡോയെ തിരഞ്ഞെടുത്തിരുന്നു.

നെയ്മറിന് താഴെ അഞ്ചാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് റയൽ മാഡ്രിഡിന്റെ പ്രതിരോധഭടനായ സെർജിയോ റാമോസാണ്. ഈ ലിസ്റ്റിലുൾപ്പെട്ട ഏക പ്രതിരോധതാരമാണ് റാമോസ്. ആറാം സ്ഥാനത്തേക്ക് ബയേൺ മ്യൂണിക്കിന്റെ ജർമൻ ഗോൾകീപ്പർ മാനുവൽ നൂയറാണ്. ഏഴാം സ്ഥാനത്തേക്ക് ബയേണിന്റെ മറ്റൊരു സൂപ്പർതാരം പോളിഷ് സ്‌ട്രൈക്കർ റോബർട്ട്‌ ലെവൻഡോവ്സ്‌കിയാണ്‌.

എട്ടാം സ്ഥാനത്തേക്ക് ഇറ്റാലിയൻ ഇതിഹാസം ഗോൾകീപ്പർ ജിയാൻലൂജി ബുഫൺ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒമ്പതാം സ്ഥാനത്തേക്ക് സ്വീഡന്റെ എക്കാലത്തെയും മികച്ച താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യപത്തിൽ ക്രിസ്ത്യാനോയേയും മെസിയെയും മറികടന്നു ബാലൺ ഡിയോർ നേടിയ ലൂക്ക മോഡ്രിച്ചിനെയും ഉൾപ്പെടുത്തി.