ബാഴ്‌സ ആരാധകർക്ക് സന്തോഷവാർത്ത; ആ തീരുമാനം ഉടൻ

സൂപ്പർതാരം ലയണൽ മെസ്സിയുടെ ബാഴ്‌സലോണ കരാർ അവസാനിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ അവസാനിക്കുന്നതായി റിപ്പോർട്ട്. ബാഴ്സലോണയുമായി ഒരുവർഷത്തേക്ക് കൂടി കരാർ പുതുക്കാൻ താരം തയ്യാറായതായി പ്രമുഖ സ്പോർട്സ് ജേർണലിസ്റ് മിഗ്വേൽ റിക്കോ റിപ്പോർട്ട് ചെയ്യുന്നു. കോപ്പ അമേരിക്ക കളിക്കാൻ നിലവിൽ ബ്രസീലിലുള്ള താരം ഇക്കാര്യത്തിൽ ബാഴ്‌സ അധികൃതരോട് അനുകൂലമായി പ്രതികരിച്ചതായാണ് വാർത്തകൾ.

ജൂൺ 30ഓടെ ബാഴ്‌സലോണയിൽ മെസ്സിയുടെ കരാർ അവസാനിക്കാനിരിക്കുമ്പോഴും മെസ്സി അനുകൂല പ്രതികരണം നടത്താത്തത് ആരാധകരെ മുൾമുനയിലാക്കിയിരുന്നു. ബാഴ്‌സയിൽ തുടരാൻ താല്പര്യമുള്ളതാരം ടീമുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നടപ്പാക്കി കിട്ടാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. കൂടുതൽ മെച്ചപ്പെട്ട, കിരീട സാധ്യതയുള്ള ടീമിനെ കെട്ടിപ്പടുക്കാൻ താരം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ബാഴ്‌സ അഗ്യൂറോ, മെംഫിസ് ഡീപേ അടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ചത് ഇതിന്റെ ഭാഗമായാണ്. കൂടാതെ ഇനിയും നാല് വമ്പൻ ട്രാൻസ്ഫറുകൾ കൂടി ബാഴ്‌സ പദ്ധതിയിടുന്നതായി ക്ലബ് പ്രസിഡണ്ട് യോൻ ലപോർട്ട വ്യക്തമാക്കുകയും ചെയ്തു. ഇതെല്ലാം മെസ്സിയുടെ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് കരുതുന്നു.

അതിനിടെ, താരങ്ങളുടെ വേതനവുമായി ബന്ധപ്പെട്ട് ലാലിഗ ബാഴ്സയ്ക്കെതിരെ വാളെടുത്തത് ക്ലബിന് പുതിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. പുതിയ നിബന്ധനകൾക്ക് വിധേയമായി ഒരു വർഷത്തേക്ക് മാത്രമായിരിക്കും താരവുമായി ബാഴ്‌സ കരാറിൽ ഏർപ്പെടുക. നേരത്തെ രണ്ടുവർഷത്തെ കരാർ ക്ലബ് താരത്തിന് മുന്നിൽ വച്ചിരുന്നു.

You Might Also Like