ബിയല്‍സയെ ബാഴ്‌സ പരിശീലകനാക്കണം, ആവശ്യവുമായി മെസി രംഗത്ത്
16 വർഷങ്ങൾക്ക് ശേഷം ലീഡ്സ് യുണൈറ്റഡിനെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച പരിശീലകനാണ് മാഴ്‌സെലോ ബിയെൽസ. എന്നാൽ സെറ്റിയനു പകരം ബാഴ്‌സലോണ അദ്ദേഹത്തിനു വേണ്ടി ശ്രമിക്കണമെന്നാണ് സൂപ്പർതാരം ലയണൽ മെസി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇംഗ്ലീഷ് മാധ്യമമായ ദി സൺ ആണ് ഈ വാർത്ത ആദ്യമായി പുറത്തു വിട്ടത്. നിലവിലെ ബാഴ്സയിലെ പ്രശ്നങ്ങൾ തീർക്കാൻ ബിയെൽസക്ക് സാധിക്കുമെന്നാണ് മെസി വിശ്വസിക്കുന്നതെന്ന് സൺ പറയുന്നു. നിലവിൽ ബാഴ്സ പരിശീലകൻ എന്ന സ്ഥാനത്തേക്ക് ഒട്ടേറെ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ബിയൽസയുടെ വാർത്തയും രംഗപ്രവേശനം ചെയ്തിരിക്കുന്നത്.
സാവി, മൗറിസിയോ പോച്ചെട്ടിനൊ, ലോറന്റ് ബ്ലാങ്ക്, ക്ളൈവർട്ട് എന്നിവരെ ബാഴ്സയുടെ പരിശീലകസ്ഥാനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ വന്നിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ അർജന്റീനക്കാരനായ ബിയൽസയെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അഭ്യൂഹങ്ങൾ വരുന്നത്.ഈ സീസണോടെ സെറ്റിയന്റെ സ്ഥാനം പോകുമെന്നുറപ്പായതോടെ പകരക്കാരൻ ആരാവുമെന്നുള്ളത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
അറുപത്തിനാലുകാരനായ ബിയൽസെ 2018-ലാണ് ലീഡ്സ് യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. വെറും രണ്ടു സീസണുകൾ കൊണ്ട് ലീഡ്‌സിന് പ്രീമിയർ ലീഗ് യോഗ്യതയും നേടികൊടുത്തു. ഈ സീസണോടെ അദ്ദേഹത്തിന്റെ കരാർ അവസാനിക്കുകയാണ്. ഇതുവരെ കരാർ പുതുക്കിയിട്ടില്ല.1990-92 ഇദ്ദേഹം മെസ്സിയുടെ യൂത്ത് ക്ലബ് ആയിരുന്ന ന്യൂവെൽ ഓൾഡ് ബോയ്സിനെ പരിശീലിപ്പിച്ചിരുന്നു. 1998 മുതൽ 2004 വരെ അർജന്റീനയുടെ പരിശീലകനുമായിരുന്നു.