ബാഴ്സയോടിടഞ്ഞ് മെസി, പുതിയ പരിശീലകൻ ആരാകണമെന്ന കാര്യത്തിൽ തർക്കം മുറുകുന്നു

ഫുട്ബോൾ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം ബാഴ്സലോണയെ ചുറ്റിപ്പറ്റിയാണ്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകൻ ക്വിക്കെ സെറ്റിയനെ ബാഴ്സ പുറത്താക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതിനിടയിൽ മുൻ പ്രതിരോധ താരവും ഡച്ച് പരിശീലകനുമായ കൂമാൻ താമസം മാറി ബാഴ്സയിലെത്തിയത് അഭ്യൂഹങ്ങൾ ഒന്നുകൂടി ശക്തമാകാൻ കാരണമായി.

എന്നാൽ കൂമാനെ ബാഴ്സ പരിശീലകനാക്കി നിയമിക്കുന്നതിൽ ബാഴ്സലോണ നായകനായ ലയണൽ മെസിക്ക് താൽപര്യമില്ലെന്നാണ് ഇപ്പോഴത്തെ വാർത്തകൾ. ഇക്കാര്യത്തിൽ തന്റെ ശക്തമായ എതിരഭിപ്രായം മെസി ബാഴ്സലോണ മാനേജ്മെൻറിനെ അറിയിച്ചുവെന്ന് സ്പാനിഷ് മാധ്യമമായ ഡിയാരിയോ ഗോൾ റിപ്പോർട്ടു ചെയ്യുന്നു.

കൂമാനു പകരം രണ്ടു പരിശീലകരെ ബാഴ്സലോണ സ്വന്തമാക്കാൻ ശ്രമിക്കണമെന്നാണ് മെസി ആവശ്യപ്പെടുന്നത്. മുൻ പരിശീലകനും നിലവിൽ മാഞ്ചസ്റ്റർ സിറ്റി കോച്ചുമായ പെപ് ഗാർഡിയോള, മെസിക്കൊപ്പം കളിച്ച ബാഴ്സ ഇതിഹാസം സാവി എന്നിവരെ കറ്റലൻ ക്ലബ് സെറ്റിയനു പകരം നിയമിക്കണമെന്നാണ് മെസിയുടെ ആവശ്യം. അതിനുള്ള സാധ്യത വിരളമാണെങ്കിൽ പോലും.

വാൽവെർദെയെ പുറത്താക്കിയപ്പോൾ തന്നെ കൂമാനെയും സാവിയെയും ബാഴ്സ പരിശീലക സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. എന്നാൽ യൂറോക്ക് ശേഷമേ ഹോളണ്ട് മാനേജർ സ്ഥാനം വിടൂവെന്നായിരുന്നു കൂമാന്റെ നിലപാട്. യൂറോ മാറ്റി വെച്ചതു കൊണ്ട് അദ്ദേഹം നിലപാടു മാറ്റുമോയെന്ന് കണ്ടറിയേണം. അതേ സമയം ബോർഡ് ഇലക്ഷനു ശേഷമേ താൻ ബാഴ്സയിലെത്തുന്ന കാര്യം ചിന്തിക്കുന്നുള്ളൂ എന്നാണ് സാവി പറയുന്നത്.

You Might Also Like