പതിനൊന്നു വർഷത്തിനിടെ ഒൻപതാം തവണയും യൂറോപ്യൻ പ്ലേയർ റേറ്റിംഗിൽ ഒന്നാമതെത്തി മെസി

ബാഴ്സക്കൊപ്പമുള്ള ഈ സീസൺ മെസിക്ക് അത്ര മികച്ചതായിരുന്നില്ല. പരിശീലകനെ പുറത്താക്കിയതും ബാഴ്സ ബോർഡുമായുള്ള പ്രശ്നങ്ങളുമെല്ലാം അതിന്റെ ആഴം കൂട്ടി. അതിനു പുറമേ ലീഗിൽ ഒന്നാമതുണ്ടായിരുന്ന ടീം സീസൺ പുനരാരംഭിച്ചപ്പോൾ മോശം പ്രകടനം നടത്തുകയും റയലിനു മുന്നിൽ ലാലിഗ കിരീടം അടിയറ വെക്കുകയും ചെയ്തു. ഇതിന്റെ പേരിൽ പരിശീലകൻ സെറ്റിയനെതിരെ മെസി രംഗത്തു വരികയും ചെയ്തിരുന്നു.

എന്നാൽ അതിനിടയിലും വ്യക്തിപരമായി മികച്ച പ്രകടനമാണ് മെസി പുറത്തെടുക്കുന്നത് എന്ന കാര്യത്തിൽ എതിരാളികൾക്കു പോലും തർക്കമുണ്ടാകില്ല. ഇത്തവണ ലീഗിൽ 25 ഗോളുകളും 21 അസിസ്റ്റുകളും ബാഴ്സക്കു വേണ്ടി സ്വന്തമാക്കിയ മെസി ലീഗ് ഗോൾവേട്ടക്കാർക്കുള്ള പിചിച്ചി പുരസ്കാരം നേടിയിരുന്നു. ഇതിനു മുൻപ് തിയറി ഹെൻറി മാത്രമാണ് ലീഗിൽ ഇരുപതു ഗോളും അസിസ്റ്റും മുൻപു നേടിയിരിക്കുന്നത്.

തന്റെ പ്രകടനമികവു കൊണ്ട് പ്രമുഖ ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്സ് വെബ്സൈറ്റായ ഹുസ്കോർഡിന്റെ ഏറ്റവും റേറ്റിംഗ് കൂടിയ താരങ്ങളിൽ വീണ്ടും മെസിക്ക് ഒന്നാമതെത്താൻ കഴിഞ്ഞു. കഴിഞ്ഞ പതിനൊന്നു വർഷത്തിനിടെ ഒൻപതാം തവണയാണ് മെസി ഈ നേട്ടം സ്വന്തമാക്കുന്നത്. ഇതിനിടയിൽ നെയ്മർ, സുവാരസ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു രണ്ടു താരങ്ങൾ.

8.71 ആണ് ഇത്തവണത്തെ ലീഗ് മത്സരങ്ങളിൽ മെസിയുടെ റേറ്റിംഗ്. 8.14 റേറ്റിംഗുള്ള കെലിയൻ എംബാപ്പയാണ് മെസിക്കു പിന്നിലുള്ളത്. ലെവൻഡോവ്സ്കി (8.13), കെവിൻ ഡി ബ്രുയ്ൻ (7.97), റൊണാൾഡോ (7.82) എന്നിവരാണ് മൂന്നു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ.

You Might Also Like