2023 വരെ ബാഴ്സയിൽ കളിക്കാൻ മെസി, അതിനു ശേഷം അമേരിക്കൻ ലീഗിലേക്ക്

ഈ സീസണവസാനം മെസി ബാഴ്സ വിടുമോയെന്നതായിരിക്കും ഓരോ ബാഴ്സ ആരാധകരും ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ബാഴ്സ മെസി ആരാധകർക്ക് സന്തോഷം നൽകുന്ന റിപ്പോർട്ടുകളാണ് ബാഴ്‌സലോണയിൽ നിന്നും ഉയർന്നു വരുന്നത്. ലയണൽ മെസി ബാഴ്സയിൽതന്നെ രണ്ടു വർഷം കൂടി തുടരുമെന്ന വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

കാറ്റാലൻ മാധ്യമമായ കഡെന സെർ ആണ് ഈ വാർത്ത പുറത്തു വീട്ടിരിക്കുന്നത്. 2023ൽ ബാഴ്സയോട് വിടപറഞ്ഞു അമേരിക്കൻ സോക്കർ ലീഗ് ക്ലബ്ബായ ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയിൽ കളിക്കാനാണ് മെസിയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. മക്കളുടെ ഹൈസ്കൂൾ പഠനത്തിനായി യൂണിറ്റഡ് സ്റ്റേറ്റ്സ് ആണ് മെസി തിരഞ്ഞെടുത്തിരിക്കുന്നത്. യുഎസിലെ മേജർ സോക്കർ ലീഗിൽ കളിക്കണമെന്ന് ലയണൽ മെസി തന്നെ പുതിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

യുഎസിൽ താമസിക്കാനായി പോർഷയുടെ ഡിസൈൻ ടവറിൽ ഒരു ആഡംബര ഫ്ലാറ്റും മെസി അടുത്തിടെ സ്വന്തമാക്കിയിരുന്നു. 7.25 മില്യൺ പൗണ്ടിനാണ് സമുദ്രത്തിനോട് അഭിമുഖമായുള്ള മിയാമി ബീച്ചിന് തൊട്ടടുത്തുള്ള ഫ്ലാറ്റ് മെസി സ്വന്തമാക്കുന്നത്. കാറുകൾക്കായി പ്രത്യേകം ലിഫ്റ്റ് സംവിധാനവും ഈ ഫ്ലാറ്റിനുണ്ട്.

2014ലാണു ഈ ടവർ നിർമ്മിക്കുന്നത്. ഫ്ലാറ്റിൽ നിന്നും ഇന്റർ മിയാമി സ്റ്റേഡിയത്തിലേക്ക് 25 മിനുറ്റ് ദൂരം മാത്രമേയുള്ളുവെന്നത് മറ്റൊരു സൗകര്യമാണ്. റിപ്പോർട്ടുകൾ പ്രകാരം ബെക്കാമിന്റെ ഇന്റർ മിയാമിയിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് മെസിയുടെ നീക്കം. മെസിക്ക് മുമ്പേ ലൂയിസ് സുവാരസും ബെക്കാമിന്റെ ഇന്റർ മിയാമായിലേക്ക് ചേക്കേറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

You Might Also Like