ലാറ്റിനമേരിക്കൻ താരങ്ങൾക്ക് കോവിഡ് വാക്‌സിനേഷൻ, കോൺമിബോളിന് സഹായഹസ്തവുമായി ലയണൽ മെസി

ജൂണിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ താരങ്ങൾക്ക് കോവിഡ് പ്രതിരോധകുത്തിവെയ്പ്പിന്റെ ഭാഗമായി ലയണൽ മെസ്സി 50,000 ഡോസ് കോവിഡ് വാക്സിൻ കോൺമിബോളിന് സഹായമായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
കൊളംബിയയിലും അർജന്റീനയിലും വച്ച് നടക്കുന്ന കോപ്പ അമേരിക്കയിൽ വിദേശലീഗിൽ കളിക്കുന്ന നിരവധി താരങ്ങൾക്ക് വാക്സിനേഷൻ നൽകാൻ സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനായ കോൺമിബോൾ ലക്ഷ്യമിട്ടിരുന്നു.

ഇതിനായി ചൈനയിൽ നിന്നുള്ള വാക്‌സിൻ നിർമാണ കമ്പനിയായ സിനോവാക്കുമായി മെസി ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനായി മെസി തന്റെ ഒപ്പുകൾ രേഖപ്പെടുത്തിയ മൂന്നു ജേഴ്സികൾ സിനോവാക്കിന് ദാനം ചെയ്തുവെന്നാണ് അറിയാനാകുന്നത്. ഡോസുകൾ നൽകുന്നതിനുമുമ്പ് അർജന്റീനിയൻ സർക്കാർ ആദ്യം ചൈനയുടെ സിനോവാക് വാക്സിൻ അംഗീകരിക്കേണ്ടതുണ്ടെന്നും പ്രമുഖ മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഉറുഗ്വേ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ വാക്സിനുകൾ വലിയ ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനാലാണ് കോപ്പ അമേരിക്കക്ക് മുൻപേ തന്നെ ഇതിനെതിരെ നടപടിയെടുക്കാൻ കോൺമെബോളിനെ പ്രേരിപ്പിച്ചത്. അതിന് ശക്തമായ പിന്തുണ നൽകിയിരിക്കുകയാണ് ലയണൽ മെസി.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി അർജന്റീനിയൻ സർക്കാർ ശക്തമായ ലോക്ക് ഡൌൺ നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്. കോവിഡ് മൂലം നീട്ടിവെക്കേണ്ടി വന്ന കോപ്പ അമേരിക്ക ജൂൺ 13 മുതൽ ജൂലൈ 10 വരെ നടത്താനാണ് കോൺമിബോൾ നിശ്ചയിച്ചിരിക്കുന്നത്.

You Might Also Like