പെലെയുടെ റെക്കോർഡ് മറികടക്കാൻ ലയണൽ മെസി, ഭീഷണിയായി സുഹൃത്തുക്കളായ നെയ്മറും സുവാരസും

ബാഴ്സലോണയിലും അര്ജന്റീനയിലും റെക്കോർഡുകളുടെ തോഴനാണ് സൂപ്പർതാരം ലയണൽ മെസി. ഗോൾവേട്ടയുടെ കാര്യത്തിൽ ബാഴ്സയുടെയും അർജന്റീനയുടെയും ടോപ്സ്കോറർ പദവി അലങ്കരിക്കുന്ന ഏക താരം. എന്നാൽ ഗോൾവേട്ടയിൽ ബ്രസീലിന്റെ ഇതിഹാസതാരം സാക്ഷാൽ പെലെയുടെ റെക്കോർഡും മറികടക്കാൻ മെസിക്ക് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.

ഇനി വെറും ആറു ഗോളുകൾ കൂടി നേടിയാൽ ഒരു ലാറ്റിനമേരിക്കൻ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടക്കാൻ മെസിക്ക് സാധിച്ചേക്കും. അടുത്തിടെ ഇക്വഡോറിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ പെനാൽറ്റിയിലൂടെ അർജന്റീനക്ക് വിജയം സമ്മാനിച്ചപ്പോൾ അർജന്റീനൻ ജേഴ്‌സിയിലെ 71-ാം ഗോളാണ് മെസി നേടിയെടുത്തത്.

നിലവിലെ സൗത്തമേരിക്കൻ ഗോൾവേട്ടക്കാരുടെ പട്ടികയിൽ 62 ഗോളുകളുള്ള റൊണാൾഡോ ഫിനോമിനോക്കു മുകളിൽ രണ്ടാമതായാണ് മെസിയുള്ളത്. അടുത്തിടെ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ സുവാരസിനൊപ്പം 22 ഗോളുകളോടെ ഒന്നാം സ്ഥാനം പങ്കിടാൻ മെസിക്ക് സാധിച്ചിരുന്നു.

പെലെയുടെ റെക്കോർഡു ഭേദിക്കാനിനി കുറച്ചു ഗോളുകളുടെ കുറവേയുള്ളുവെങ്കിലും തൊട്ടുപിറകിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ മുൻ സുഹൃത്തുക്കളായ നെയ്മറും സുവാരസുമുണ്ട്. നെയ്മർ 61 ഗോളുകളും സുവാരസ് 60 ഗോളുകളും സ്വന്തം രാജ്യത്തിനായി നേടിയിട്ടുണ്ട്. ഒക്ടോബർ 14 നു രണ്ടാമത്തെ യോഗ്യത മത്സരത്തിൽ ബൊളീവിയയെ നേരിടാനൊരുങ്ങുകയാണ് അർജന്റീന. മലമുകളിലെ ലാ പാസിൽ മെസിക്ക് ഗോൾ നേടാനാവുമോയെന്നത് കണ്ടറിയണം.

You Might Also Like