മെസിയെ കേരളത്തിലേക്ക് ക്ഷണിച്ച് ശ്രീശാന്ത്
ഫുട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ ലയണല്‍ മെസിയെ കേരളത്തിലേക്ക് ക്ഷണിച്ച് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. ഹലോ ആപ്പില്‍ ലൈവില്‍ സംസാരിക്കുന്നതിനിടെയാണ് ശ്രീശാന്ത് മെസിയെ കേരളത്തില്‍ സെവന്‍സ് കളിക്കാന്‍ ക്ഷണിച്ചത്. ശ്രീശാന്തിന്റെ വാക്കുകള്‍ ഇതിനോകം വൈറലായിട്ടുണ്ട്. മെസിയേയും നെയ്മറേയും ഏറെ ഇഷ്ടമാണെന്നും ശ്രീശാന്ത് കൂട്ടിചേര്‍ത്തു.
റോബിന്‍ ഉത്തപ്പയുടെ പരിഹാസത്തിന് മറുപടിയുമായും ശ്രീശാന്ത് രംഗത്തെത്തി. അനായാസ ക്യാച്ചുകള്‍ പോലും വിട്ടുകളഞ്ഞിട്ടുള്ള താരമാണ് ശ്രീശാന്തെന്ന് ഒരിക്കല്‍ ഉത്തപ്പ പറഞ്ഞിരുന്നു. പ്രഥമ ടി20 ലോകകപ്പ് ഫൈനലിനെ കുറിച്ചാണ് ഉത്തപ്പ പറഞ്ഞത്. ഈ ക്യാച്ച് ശ്രീ നഷ്ടപ്പെടുത്തുമോയെന്ന് അന്നു താന്‍ ഭയപ്പെട്ടിരുന്നതായും ഉത്തപ്പ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് ശ്രീശാന്ത് സംസാരിച്ചത്. ”കരിയറിലുടനീളം ഉത്തപ്പ എത്ര ക്യാച്ചുകളെടുത്തിട്ടുണ്ടെന്ന് എനിക്കറിയില്ല. അവസാന അഭ്യന്തര സീസണില്‍ കേരളത്തിന് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. അനായാസ ക്യാച്ചുകള്‍ പോലും ഉത്തപ്പ നിലത്തിട്ടതായി പരാതി ഉണ്ടായിരുന്നു. അധികം വൈകാതെ ഞാനും കേരള ടീമിനൊപ്പം ചേരും. ഞാന്‍ പന്തെറിയുമ്പോള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തരുതെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുളളത്.
കഴിഞ്ഞ സീസണിലെ ഫീല്‍ഡിങ് പിഴവിന് ജൂനിയര്‍ താരങ്ങള്‍ ഒന്നും പറഞ്ഞില്ലായിരിക്കും. എന്നാല്‍ എന്റെ ഓവറിലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ ഞാന്‍ അവരെ പോലെ ആയിരിക്കില്ല.” ശ്രീശാന്ത് പറഞ്ഞു.
എട്ടു വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ നാലോ, അഞ്ചോ ക്യാച്ചുകള്‍ മാത്രമേ താന്‍ നഷ്ടപ്പെടുത്തിയിട്ടുള്ളൂവെന്നും ശ്രീ വ്യക്തമാക്കി. വിലക്ക് നീങ്ങുന്നതോടെ ഈ വര്‍ഷം സെപ്റ്റംബറില്‍ ശ്രീശാന്തിനു ക്രിക്കറ്റിലേക്കു തിരിച്ചെത്താനാവും.