ഓരോ മത്സരവും ആവേശകരമാക്കുന്നു,താൻ നേരിട്ട ഏറ്റവും മികച്ച ഗോൾകീപ്പറെ വെളിപ്പെടുത്തി ലയണൽ മെസി

റയൽ വയ്യഡോളിഡുമായി നടന്ന മത്സരത്തിൽ ഗോൾ നേടാനായതോടെ ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡിനുടമയാവാൻ ബാഴ്സ സൂപ്പർതാരം ലയണൽ മെസിക്ക് സാധിച്ചിരുന്നു. ബ്രസീലിയൻ ഇതിഹാസം പെലെയുടെ സന്റോസിനായി 643 ഗോളുകളെന്ന റെക്കോർഡാണ് മെസി തകർത്തത്. ഈ റെക്കോർഡിൽ ഭാഗമായ ഗോൾകീപ്പർമാർക്ക് മെസിയുടെ സമ്മാനമെന്ന നിലക്ക് ക്രിസ്തുമസിന് പ്രശസ്ത ബിയർ കമ്പനിയായ ബഡ്വൈസാറിന്റെ നേതൃത്വത്തിൽ ബിയർ ബോട്ടിലുകളും നൽകിയിരുന്നു.

മെസി നേടിയ 644 ഗോളുകളിൽ ഓരോന്നും വഴങ്ങിയ ഓരോ ഗോൾകീപ്പർമാർക്കും ബിയർ ബോട്ടിലുകൾ നൽകിയപ്പോൾ താൻ നേരിട്ട ഏറ്റവും മികച്ച ഗോൾകീപ്പറെക്കുറിച്ച്‌ വെളിപ്പെടുത്താനും മെസി മറന്നില്ല. അത്ലറ്റിക്കോ മാഡ്രിഡ്‌ ഗോൾകീപ്പറായ യാൻ ഒബ്ലാക്കിനെയാണ് മെസി താൻ നേരിട്ട ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളാണെന്നു മനസു തുറന്നത്. അദ്ദേഹം മത്സരങ്ങളെ കൂടുതൽ വിസ്മയകരമാക്കാറുണ്ടെന്നും മെസി വെളിപ്പെടുത്തി. പ്രമുഖ ഫുട്ബോൾ മാധ്യമമായ ബഡ്ഫുട്ബോളിന് വേണ്ടി സംസാരിക്കുകയായിരുന്നു മെസി.

” പരസ്പരം പോരാടുകയെന്നത് എപ്പോഴും മികച്ച അനുഭവമായിരുന്നു. ഇപ്പോഴത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണവൻ. മികച്ചതാരങ്ങളുമായി പോരാടുന്നത് എപ്പോഴും നല്ല കാര്യം തന്നെയാണ്. അതു ഗോൾ നേടുന്നതിനും നേടാൻ ശ്രമിക്കാനും ഒരു മികച്ച പ്രചോദനമാണ് നൽകുന്നത്. അത് ആ കാര്യം ഏത്ര ബുദ്ദിമുട്ടാണെന്നു കാണിച്ചു തരുന്നുണ്ട്. അത് അവൻ കളിക്കുന്ന ഓരോ മത്സരങ്ങളിലും തെളിയിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ കളത്തിനു പുറത്തും മത്സരങ്ങളിലും അവനെ അഭിമുഖീകരിക്കുകയെന്നത് നല്ല അനുഭവമായാണ് എനിക്ക് തോന്നുന്നത്. അത് മത്സരത്തെ കൂടുതൽ ആവേശകരമാക്കുന്നു.” മെസി പറഞ്ഞു.

പത്തു ഗോളുകൾ ഒബ്ലാക്കിനെതിരെ മെസി നേടിയെങ്കിലും 2014ൽ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയതിനു ശേഷം മികച്ച പ്രകടനമാണ് ഒബ്ലാക് കാഴ്ചവെച്ചിട്ടുള്ളത്. മെസിക്കെതിരെ ബാഴ്സയ്ക്കെതിരെ നടന്ന അവസാന മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടുകയും ഒരു ഗോളിന്റെ വിജയം സ്വന്തമാക്കാനും സാധിച്ചിരുന്നു. ലാലിഗയിൽ അടുത്തിടെ ക്ലീൻഷീറ്റിൽ സെഞ്ച്വറി തികക്കാനും ഒബ്ലാക്കിന് സാധിച്ചിരുന്നു. 222 മത്സരങ്ങളിൽ സെഞ്ച്വറി തികച്ച മിഗ്വേൽ റെയ്നയുടെ റെക്കോർഡാണ് 40 മത്സരങ്ങൾ കുറവ് കളിച്ച ഒബ്ലാക്ക് സ്വന്തമാക്കിയതെന്നത് താരത്തിന്റെ മികവ് വിളിച്ചോതുന്ന വസ്തുതയാണ്.

You Might Also Like