എല്ലാവരുടെയും പ്രശ്നങ്ങൾക്ക് ഞാനാണ് കാരണക്കാരൻ എന്നത് കേട്ടുമടുത്തു, വികാരക്ഷോഭ്യനായി മെസി

അത്ലറ്റികോ മാഡ്രിഡിൽ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയ ഫ്രഞ്ച് സൂപ്പർ താരമാണ് അന്റോയിൻ ഗ്രീസ്‌മാൻ. അത്ലറ്റിക്കോ മാഡ്രിഡിലേതു പോലെ പ്രതീക്ഷിച്ച പ്രകടനം താരത്തിനു ബാഴ്സയിൽ കാഴ്ചവെക്കാനായില്ലെന്നു മാത്രമല്ല താരത്തിന്റെ ആത്മവിശ്വാസത്തിൽ വൻ കുറവാണു സംഭവിച്ചിരിക്കുന്നത്. എന്നാൽ ഇതിനു കാരണം സൂപ്പർതാരവും ക്യാപ്റ്റനുമായ ലയണൽ മെസിയാണെന്നു ആരോപിച്ച്‌ ഗ്രീസ്മാന്റെ അമ്മാവനും മുൻ ഏജന്റും അടുത്തിടെ രംഗത്തെത്തിയിരുന്നു.

ഗ്രീസമാന്റെ അമ്മാവനായ ഇമ്മാനുവേൽ ലോപസും മുൻ ഏജന്റായ എറിക് ഓൾഹാറ്റ്സും മെസിക്കെതിരെയാണ് വിമര്ശനമുന്നയിച്ചത്. ഗ്രീസ്മാന്റെ മോശം പ്രകടനത്തിന് കാരണം മെസി താരത്തെ പരിഗണിക്കാതിരിക്കുന്നതും ബാഴ്സയിലെ മെസിയുടെ സ്വേച്ഛാധിപത്യവുമാണെന്നാണ് ഗ്രീസ്മാന്റെ അമ്മാവൻ വിമർശിച്ചത്. ബാഴ്സയിലെ പ്രശ്നങ്ങൾ ആറു മാസങ്ങൾ കൊണ്ടു തീരുമെന്നാണ് വിചാരിച്ചിരുന്നതെന്നും എന്നാൽ ഒരു വർഷമായിട്ടും അത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഏജന്റ് കുറ്റപ്പെടുത്തി.

ക്ലബ്ബിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ അത്ര നല്ലതല്ലെന്നും ബാഴ്സയിൽ മെസി കഠിനപരിശ്രമം നടത്താറില്ലെന്നും ഓൾഹാറ്റ്സ് ചൂണ്ടിക്കാണിച്ചു. ക്ലബ്ബിലെ ചിലയാളുകളെ പ്രീതിപ്പെടുത്താനാണ് പരിശീലനങ്ങൾ നടത്തുന്നതെന്നും ഓൾഹാറ്റ്സ് വിമർശിച്ചു. എന്നാൽ ഇത്തരം വിമര്ശനങ്ങളോട് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് ലയണൽ മെസി. ഇന്റർനാഷണൽ ബ്രേക്ക്‌ കഴിഞ്ഞു വിമാനയാത്രക്ക് ശേഷം എൽ പ്രാറ്റ് എയർപോർട്ടിൽ വന്നിറങ്ങിയ മെസിക്ക് ചുറ്റും മാധ്യമപ്രവർത്തകർ വളയുകയായിരുന്നു.

ഗ്രീസമാന്റെ അമ്മാവാന്റെയും ഏജന്റിന്റെയും പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മെസി ഇത്തരത്തിൽ പ്രതികരിച്ചത്. “ക്ലബ്ബിലെ എല്ലാവരുടെയും പ്രശ്നത്തിന് ഞാൻ കാരണക്കാരനാവുന്നത് എനിക്ക് മടുപ്പുളവാക്കുന്നുണ്ട്.ഞാനിവിടെ 15 മണിക്കൂർ യാത്ര ചെയ്താണ് എത്തിയത്. ഒപ്പം എനിക്കിവിടെ ഒരു ടാക്സ് ഏജന്റിനൊപ്പവും സമയം ചിലവഴിക്കേണ്ടി വന്നു.”മെസി വിമർശങ്ങൾക്ക് മറുപടി നൽകി.

You Might Also Like