ആ റെക്കോര്‍ഡും മെസിക്ക് സ്വന്തം; മറികടന്നത് മറഡോണയെ

ദോഹ: പെനാല്‍റ്റി ഗോള്‍നേടുന്നതില്‍ പരാജയപ്പെട്ടെങ്കിലും പോളണ്ടിനെതിരെ പ്ലേമേക്കറുടെ റോളില്‍ ഉജ്ജ്വലപ്രകടനമാണ് ലയണല്‍മെസിനടത്തിയത്. രണ്ട് ഗോള്‍ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതിന് പിന്നാലെ ഒരു റെക്കോര്‍ഡും ഫുട്‌ബോള്‍ മിശിഹയെതേടിയെത്തി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്നതാരമെന്ന അര്‍ജന്റീന്‍ ഇതിഹാസം ഡീഗോ മറഡോണയുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്. പോളണ്ടിനെതിരെ ലയണല്‍മെസി കളിച്ചത് കരിയറിലെ 22ാം ലോകകപ്പ് മത്സരമായിരുന്നു.

റെക്കോര്‍ഡ് നേട്ടത്തില്‍ സന്തോഷവാനാണെന്നും ഡീഗോ ഇതില്‍ ഹാപ്പിയായിരിക്കുമെന്നാണ് മെസി മത്സരശേഷം പ്രതികരിച്ചത്. അദ്ദേഹം എപ്പോഴും എന്നോട് വാത്സല്യംകാണിച്ചിരുന്നു. എനിക്ക് നല്ലതുണ്ടാകുമ്പോള്‍ അദ്ദേഹം എപ്പോഴും സന്തോഷിച്ചിരുന്നു-മെസി പറഞ്ഞു. പോളണ്ടിനെതിരെ മികച്ച പ്രകടനമാണ് മെസി പുറത്തെടുത്തത്. കടുത്ത മാര്‍ക്കിംഗിലും സഹതാരങ്ങള്‍ക്ക് നിര്‍ണായക പാസുകളാണ് സൂപ്പര്‍താരം നല്‍കിയത്. പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്‌നിയുടെ മികച്ച സേവുകളാണ് പലപ്പോഴും വെല്ലുവിളിയുയര്‍ത്തിയത്. കളിയിലുനീളം 23 ഷോട്ടുകളാണ് അര്‍ജന്റീന ഉതിര്‍ത്തത്. ഇതില്‍ പോസ്റ്റിലെത്തിയ പതിമൂന്നില്‍ പതിനൊന്നും മെസിയാണ് ഉതിര്‍ത്തത്.


പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ നേരിടുമ്പോള്‍ മെസിയുടെ ഫോംതന്നെയാണ് അര്‍ജന്റീനയുടെ പ്രതീക്ഷയത്രയും.യുവതാരങ്ങളടക്കം മികച്ച പ്രകടനം നടത്തുന്നത് ടീമിന് ആശ്വാസമാകുകയാണ്. സൗദിക്കെതിരായ ആദ്യതോല്‍വിക്ക് ശേഷം ഏറെ മുന്നോട്ട് പോയെന്നത് കോച്ച് സ്‌കലോണിയ്ക്കും ആത്മവിശ്വാസം നല്‍കുന്നു. ആദ്യ മത്സരം തോറ്റ് തുടങ്ങി 2010ല്‍ ലോകകപ്പ് കിരീടം നേടിയ സ്‌പെയിന്‍ കുറിച്ച ചരിത്രം ലാറ്റിനമേരിക്കന്‍ ടീം ആവര്‍ത്തിക്കുമോയെന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

You Might Also Like