പ്രധാന ടൂർണമെന്റുകളിൽ മെസ്സിയോ റൊണാൾഡോയോ വമ്പൻ? പരിശോധിക്കാം

കരിയറിന്റെ അവസാനത്തിൽ എത്തിനിൽക്കുന്ന റൊണാൾഡോയും മെസ്സിയും തന്നെയാണ് ഫുട്ബോൾ ലോകത്ത് ഇന്നും താരങ്ങൾ. റെക്കോർഡുകൾ ഓരോന്നായി ഭേദിച്ചാണ് ഇരുതാരങ്ങളുടെയും മുന്നേറ്റം. യൂറോകപ്പിൽ മിന്നും പ്രകടനം നടത്തിയെങ്കിലും പോർചുഗലിനെ പ്രീ ക്വാർട്ടർ കടത്താൻ റൊണാൾഡോയ്ക്ക് ആയില്ല.
മറുവശത്ത് മിന്നും ഫോമിലുള്ള മെസ്സിയുടെ ചിറകിൽ അർജന്റീന കോപ്പ അമേരിക്ക സെമിഫൈനലിലേക്ക് മുന്നേറിക്കഴിഞ്ഞു. യൂറോ പ്രീക്വാർട്ടറിൽ കരുത്തരായ ബെൽജിയത്തിന് മുന്നിൽ വീണുപോവുമ്പോഴും തലയുയർത്തി തന്നെയാണ് റൊണാൾഡോ മടങ്ങിയത്.
ടൂർണമെന്റിൽ അഞ്ചുതവണ പോർചുഗലിനായി വലകുലുക്കിയ റൊണാൾഡോ നിലവിൽ ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ മുന്നിൽത്തന്നെയുണ്ട്. ടൂർണമെന്റിൽ ഹംഗറിക്കെതിരായ ആദ്യ ഗോളോടെ മിഷേൽ പ്ലാറ്റീനിയുടെ റെക്കോർഡ് മറികടന്നു യൂറോ ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ എന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കി. ഒൻപത് ഗോളുകൾ എന്ന റെക്കോർഡ് മറികടന്ന് 14 ഗോളുകളുമായാണ് റൊണാൾഡോ യൂറോ തേരോട്ടം അവസാനിപ്പിച്ചത്.
ഇതിനിടെ ഇറാനിയൻ ഇതിഹാസം അലി ദേയിയുടെ 109 ഗോളുകൾ എന്ന റെക്കോർഡ് മറികടന്ന റൊണാൾഡോ പുരുഷ ചരിത്രത്തിൽ ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകൾ നേടുന്ന താരമായും മാറി.
എന്നാൽ റൊണാൾഡോ മാത്രമല്ല, മറുവശത്ത് റെക്കോർഡുകൾ തച്ചുതകർത്ത് തന്നെയാണ് മെസ്സിയുടെയും പടയോട്ടം. ഫ്രീകിക്കുകളിൽ നിന്നും മാത്രമായി 57 ഗോളുകൾ ഇതുവരെ സ്വന്തമാക്കിയ മെസ്സി റൊണാൾഡോയുടെ ഫ്രീകിക്ക് റെക്കോർഡ് മറികടന്നത് കോപ്പ അമേരിക്കയിലാണ്. ഡിയാഗോ മറഡോണയുടെ ഫ്രീകിക്ക് റെക്കോർഡിലേക്ക് വെറും അഞ്ചു ഗോളുകൾ മാത്രം അകലെയാണ് മെസ്സി ഇപ്പോൾ.
ഗ്രൂപ്പ് സ്റ്റേജിൽ ബൊളീവിയക്കെതിരെ അർജന്റീനയുടെ ജേഴ്സിയിൽ തന്റെ 148ആം മത്സരം പൂർത്തിയാക്കിയ മെസ്സി നിലവിൽ ആൽബിസെലസ്റ്റകൾക്ക് വേണ്ടി ഏറ്റവുമധികം തവണ കളത്തിലിറങ്ങിയ താരമാണ്. മത്സരത്തിൽ തന്റെ 75ആം അന്താരാഷ്ട്ര ഗോൾ കണ്ടെത്തിയ മെസ്സി അർജന്റീനക്കായി ഏറ്റവുമധികം തവണ വലകുലുക്കിയ താരവുമായി.
ഇരുതാരങ്ങളും റെക്കോർഡുകൾ ഓരോന്നായി മറികടന്ന് മുന്നേറുമ്പോൾ പ്രധാന ടൂർണമെന്റുകളിൽ ഇരുവരുടെയും പ്രകടനം എങ്ങനെയെന്ന് വിലയിരുത്താം.
പ്രധാന ടൂർണമെന്റുകളിൽ റൊണാൾഡോ 21 തവണ വലകുലുക്കിയപ്പോൾ മെസ്സി 19 തവണയാണ് സ്‌കോർ ചെയ്‌തത്.
റൊണാൾഡോ – 2004 യൂറോ (2), 2006 ലോകകപ്പ് (1), 2008 യൂറോ (1), 2010 ലോകകപ്പ് (1), 2012 യൂറോ (3), 2014 ലോകകപ്പ് (1), 2016 യൂറോ (3), 2018 ലോകകപ്പ് (4), 2020 യൂറോ (5). എന്നിങ്ങനെയാണ് ഇതുവരെ പ്രധാന ടൂർണമെന്റുകളിൽ രാജ്യത്തിനായി റൊണാൾഡോ നേടിയ ഗോളുകളുടെ കണക്ക്. ഇതിൽ മൂന്നെണ്ണം പെനാൽറ്റിയിലൂടെയും, ഒരു ഗോൾ ഫ്രീകിക്കിലൂടെയുമാണ് പിറന്നത്.
മെസ്സി – 2006 ലോകകപ്പ് (1), 2007 കോപ്പ അമേരിക്ക (2), 2010 ലോകകപ്പ് (0), 2011 കോപ്പ അമേരിക്ക (0), 2014 ലോകകപ്പ് (4), 2015 കോപ്പ അമേരിക്ക (1), 2016 കോപ്പ അമേരിക്ക (5), 2018 ലോകകപ്പ് (1), 2019 കോപ്പ അമേരിക്ക (1), 2021 കോപ്പ അമേരിക്ക (4*) എന്നിങ്ങനെയാണ് മെസ്സി പ്രധാന ടൂർണമെന്റുകളിൽ രാജ്യത്തിനായി നേടിയ ഗോളുകൾ. ഇതിൽ അഞ്ചു ഫ്രീകിക്ക് ഗോളുകളും ഒരു പെനാൽറ്റിയും ഉൾപ്പെടുന്നു.