2021 കോപ്പ അമേരിക്ക നേടാനാവും, ശുഭാപ്തി വിശ്വാസവുമായി ലയണൽ മെസി

ഒട്ടേറെ വ്യക്തിഗത ബഹുമതികളും റെക്കോർഡുകളും സ്വന്തമാക്കിയ ലയണൽ മെസ്സിയുടെ കരിയറിൽ ഒരു കറുത്ത പാടായി അവശേഷിക്കുന്നത് ദേശീയ ടീമായ അർജന്റീനയുടെ കിരീടം നേടാത്തത് തന്നെയാണ്. 2005-ൽ അർജന്റീന ടീമിനൊപ്പം അണ്ടർ 20 വേൾഡ് കപ്പും 2008-ൽ ഒളിമ്പിക്സ് ഗോൾഡ് മെഡലും സ്വന്തമാക്കിയതൊഴിച്ചാൽ സീനിയർ തലത്തിൽ ഒരു കിരീടം പോലും മെസിക്ക് അർജന്റീനക്കായി നേടാനായിട്ടില്ല. മാത്രമല്ല മൂന്നുതവണ കിരീടത്തിന്റെ പടിവാതിൽക്കൽ തോൽവിയേറ്റുവാങ്ങേണ്ടിയും വന്നു.

എന്നാൽ ഇപ്രാവശ്യം ഇനിയത് സംഭവിക്കില്ലയെന്നാണ് ലയണൽ മെസ്സി അടിയുറച്ചു വിശ്വസിക്കുന്നത്. ഇപ്പോഴത്തെ അർജന്റീന ടീമിലുള്ള മെസ്സിയുടെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ആണ് ഈ കാര്യം പുറത്തേക്കുവിട്ടിട്ടുള്ളത്. അതായത് 2021ൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക കിരീടം അർജന്റീനക്ക് നേടാൻ കഴിയുമെന്ന് മെസി വിശ്വസിക്കുന്നുണ്ടെന്നാണ് ഗോൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

അർജന്റീനയിലും കൊളംബിയയിലുമായിട്ടാണ് 2021ൽ കോപ്പ അമേരിക്ക നടക്കാനിരിക്കുന്നത്. സ്വന്തം നാട്ടിൽ നടക്കുന്നത് തങ്ങൾക്ക് അനുകൂലഘടകമാവുമെന്നാണ് മെസിയുടെ വിശ്വാസം. ജൂൺ പതിനൊന്നു മുതൽ ജൂലൈ പത്ത് വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങൾ നടക്കുക. ലയണൽ സ്കലോനി പരിശീലകനായ ശേഷം നിരവധി യുവതാരങ്ങൾ അർജന്റീനയിൽ ഉയർന്നു വന്നിരുന്നു. ലോ സെൽസോ, പരേഡസ്, ലൗറ്ററോ മാർട്ടിനെസ്, ഡി പോൾ എന്നിവരുടെ വരവു മെസിക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്.

കഴിഞ്ഞ കോപ്പ അമേരിക്കയിൽ സെമിയിൽ ബ്രസീലിനോട് രണ്ടു ഗോളുകൾക്ക് തോൽവിയേറ്റു വാങ്ങാനായിരുന്നു അർജന്റീനയുടെ വിധി. എന്നാൽ മത്സരശേഷം മെസി അർജന്റീനയുടെ യുവനിരയെ അഭിനന്ദിച്ചിരുന്നു. ഈ ടീമിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടെന്നായിരുന്നു മെസിയുടെ അഭിപ്രായം. അര്ജന്റീനയെപ്പറ്റി പറയുമ്പോൾ മെസ്സിയെപ്പോഴും ഇത് വ്യക്തമാക്കാറുണ്ട്. ചുരുക്കത്തിൽ ഈ വരുന്ന കോപ്പ അമേരിക്ക ജേതാക്കളാവാൻ അർജന്റീനക്ക് ശേഷിയുണ്ടെന്നാണ് മെസ്സിയുടെ വിശ്വാസം. ഇപ്രാവശ്യത്തെ കോപ്പ അമേരിക്കയിൽ കൂടുതൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ആരാധകരും.

You Might Also Like