ആരോഗ്യം അനുവദിച്ചാൽ 2026 ലോകകപ്പിലും കളിക്കും, വിരമിക്കാനുള്ള പദ്ധതിയില്ലെന്ന് ലയണൽ മെസി

ദേശീയ ടീമിനു വേണ്ടി ഒന്നും നേടാൻ കഴിയാതിരുന്നതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ലയണൽ മെസി അതിനെയെല്ലാം ഇല്ലാതാക്കിയ വർഷമായിരുന്നു 2022. കഴിഞ്ഞ രണ്ടര വർഷത്തിന്റെ ഇടയിൽ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ മെസി ഖത്തർ ലോകകപ്പോടെ എല്ലാം പൂർണതയിലെത്തിച്ചു. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക പോരാട്ടത്തിനായി തയ്യാറെടുക്കുന്ന മെസി 2026 ലോകകപ്പും തന്റെ ലക്ഷ്യമാണെന്നാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

“ഇപ്പോൾ എന്നത്തേക്കാളും കൂടുതൽ അർജന്റീന ടീമിനൊപ്പം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം നിരവധി വർഷങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിച്ചതിന് ശേഷം, അർജന്റീന ദേശീയ ടീമിനൊപ്പം ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക അനുഭൂതിയാണ് ഞാൻ ആസ്വദിച്ചു കൊണ്ടിരിക്കുന്നത്.”

“എനിക്ക് അർജന്റീന ടീമിനൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കണം. എനിക്ക് വളരെ സന്തോഷം തോന്നുന്നു, ഞാൻ ഈ ഗ്രൂപ്പ് ആസ്വദിക്കുന്നു, ഇത് വളരെ ഒത്തിണക്കമുള്ള ഗ്രൂപ്പാണ്. എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാതെ അത് പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. രണ്ടോ മൂന്നോ വർഷമെന്നു പറയുന്നത് ഫുട്ബോളിനെ സംബന്ധിച്ച് വലിയ കാലഘട്ടമാണ്.”

“ലോകകപ്പിനെക്കുറിച്ച് ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല. പിന്നീട് പലതും സംഭവിക്കാം എന്നതിനാൽ തന്നെ ഞാൻ അവിടെ ഉണ്ടാകില്ലെന്ന് പറയാൻ കഴിയില്ല. പ്രായവും സാഹചര്യങ്ങളും കാരണം, ഞാൻ അവിടെ ഉണ്ടാകില്ല എന്നതാണ് ഏറ്റവും സാധാരണമായ കാര്യം, പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം, എനിക്ക് ഇപ്പോൾ അതിനെക്കുറിച്ച് പറയാൻ കഴിയില്ല.” മെസി പറഞ്ഞു.

2026 ലോകകപ്പ് അമേരിക്കയിൽ വെച്ചാണ് നടക്കുന്നത്. ലയണൽ മെസി നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത് അമേരിക്കയിലാണ് എന്നതിനാൽ തന്നെ താരത്തിന് ലോകകപ്പിൽ പങ്കെടുക്കാനുള്ള സാഹചര്യമുണ്ട്.മെസിയുടെ തന്നെ വാക്കുകൾ എടുത്തു നോക്കുകയാണെങ്കിൽ ശാരീരികപ്രശ്‌നങ്ങൾ ഇല്ലെങ്കിൽ ഒരു ലോകകപ്പിൽ കൂടി താരത്തിന്റെ മാജിക്ക് കാണാൻ കഴിയും.

You Might Also Like