മെസിയെ പുറത്തിരുത്തേണ്ട സമയമായെന്ന് ബാഴ്സ പരിശീലകൻ

കൊറോണ വൈറസിനെ തുടർന്ന് നിർത്തി വെച്ച ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചതിനു ശേഷം നടന്ന എല്ലാ കളിയിലും മുഴുവൻ സമയവും കളിച്ച ബാഴ്സലോണ നായകൻ ലയണൽ മെസിയെ പുറത്തിരുത്തുന്ന കാര്യം ചിന്തിച്ചു തുടങ്ങിയെന്ന് പരിശീലകൻ സെറ്റിയൻ. മൂവിസ്റ്റാറിനോടു സംസാരിക്കുമ്പോഴാണ് സെറ്റിയൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

“തീർച്ചയായും ഇത്രയും മത്സരം കളിച്ച മെസിക്ക് വിശ്രമം നൽകേണ്ടതാണ്. എന്നാൽ സ്കോർലൈനാണ് അതിനു തടസമാകുന്നത്. ആദ്യ പകുതിയിൽ കൂടുതൽ ഗോളുകൾ നേടാനായാൽ കൂടുതൽ താരങ്ങൾക്ക് വിശ്രമം നൽകാൻ കഴിയും.” സെറ്റിയൻ വ്യക്തമാക്കി.

കഴിഞ്ഞ മത്സരത്തിൽ സുവാരസിന് സമാനമായ സാഹചര്യത്തിലാണ് വിശ്രമം നൽകിയതെന്നും സെറ്റിയൻ പറഞ്ഞു. റയൽ വയ്യഡോളിഡിനെതിരെ ആദ്യ പകുതിയിൽ കളിക്കാതിരുന്ന താരം രണ്ടാം പകുതിയിലാണ് കളിക്കാനിറങ്ങിയത്. അഞ്ചു മത്സരങ്ങളോളം കളിച്ച സുവാരസിന് വിശ്രമം നൽകേണ്ടത് അത്യാവശ്യമായിരുന്നുവെന്ന് സെറ്റിയൻ വ്യക്തമാക്കി.

ലാലിഗയിൽ റയലിന് മൂന്നു മത്സരവും ബാഴ്സക്ക് രണ്ടു മത്സരവുമാണ് ബാക്കിയുള്ളത്. കഴിഞ്ഞ മത്സരത്തിൽ പരിക്കു മൂലം പുറത്തു പോയ ഗ്രീസ്മന് സീസൺ മുഴുവൻ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. മോശം ഫോമിൽ കളിക്കുന്ന ബാഴ്സക്ക് ഇത്തവണ ഒരു ടൂർണമെന്റിലും കിരീടപ്രതീക്ഷയില്ല.

You Might Also Like