മെസി ബാഴ്സയിൽ തുടർന്നേക്കും, നിർണായക വെളിപ്പെടുത്തലുമായി മെസിയുടെ പിതാവ്

Image 3
FeaturedFootballLa Liga

സൂപ്പർ താരം ലയണൽ മെസി ബാഴ്സ വിടുമോയെന്ന അഭ്യുഹങ്ങൾക്കിടയിൽ നിർണായകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മെസി ബാഴ്സയിൽ തന്നെ തുടരാനുള്ള സാധ്യതകളുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ബാഴ്സക്ക് പിന്തുണയുമായി ലാലിഗ കൂടിയെത്തിയതോടെ കൂടുമാറ്റം സങ്കീർണമായതും മെസിക്ക് തിരിച്ചടിയായി മാറിയിരുന്നു.

മെസി ബാഴ്സയിൽ തുടരാൻ സാധ്യതകൾ ഉണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മെസിയുടെ പിതാവ് അതേ എന്ന് ഉത്തരം നൽകുകയായിരുന്നു. ഇതോടെയാണ് മെസി ബാഴ്സയിൽ തന്നെ തുടർന്നേക്കും എന്നുള്ള വാർത്തകൾ പുറത്തു വന്നിരിക്കുന്നത്.

അതേ സമയം തന്റെ ഭാവി സംബന്ധിച്ച് മെസിയും പിതാവും തമ്മിൽ ചർച്ചകൾ നടത്തിയേക്കും എന്നും മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. മെസിയുടെ പിതാവും പ്രസിഡന്റ്‌ ബർതോമ്യുവും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. അതിന്റെ ബാക്കിപത്രമെന്നോണം മെസി തന്റെ നിലപാടിൽ മാറ്റം വരുത്തിയേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

ബാഴ്സ താരത്തെ വിടാൻ ഒരുക്കമല്ലാത്ത സാഹചര്യത്തിൽ വരുന്ന സീസൺ കൂടി ബാഴ്സയിൽ കളിച്ച് കരാർ പൂർത്തിയാക്കാനാണ് മെസി ഉദ്ദേശിക്കുന്നത്. കൂടാതെ ക്ലബ്ബിന്റെ അസ്വാരസ്യത്തിനു പാത്രമാവാതെ ആരാധകർക്കൊപ്പം മികച്ച യാത്രയയപ്പും മെസി പ്രതീക്ഷിക്കുന്നുണ്ട്. ഇത് മുൻനിർത്തിയാവാം മെസി ഒരുപക്ഷെ മാറി ചിന്തിക്കുന്നതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.