പ്രീസീസൺ മത്സരങ്ങൾക്കായി ബാഴ്സ ഒരുങ്ങുന്നു, നാസ്റ്റിക്കിനെതിരെ മെസി കളിച്ചേക്കും

ബാഴ്സലോണ സൂപ്പർതാരം ലയണൽ മെസി ഗോളിന് നൽകിയ അഭിമുഖത്തിൽ അടുത്ത സീസൺ കൂടി താൻ ബാഴ്സക്കൊപ്പം കാണുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്ലബ് തന്നെ വിടാൻ അനുവദിച്ചില്ലെന്നും ക്ലബ്ബിനെ കോടതി കയറ്റാൻ ഉദ്ദേശമില്ലെന്നും അതിനാൽ തന്നെ ബാഴ്സയിൽ തുടരുന്നതെന്നാണ് മെസ്സി വെളിപ്പെടുത്തിയത്. പുതിയ പരിശീലകൻ കൂമാന് കീഴിൽ മെസി കളിച്ചേക്കുമെന്നു ഉറപ്പായിരിക്കുകയാണ്.

മെസിയുടെ അടുത്ത ജോലി ക്ലബ്ബിൽ വന്നു പിസിആർ പരിശോധന പൂർത്തിയാക്കുക എന്നതായിരിക്കും. അത്‌ പൂർത്തിയാക്കി റിസൾട്ട്‌ വന്നാൽ മെസിക്ക് ബാഴ്സയോടൊപ്പം പരിശീലനത്തിന് ചേരാനാകും. മെസി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ചതു മൂലം മെസിക്കെതിരെയുള്ള ശിക്ഷാനടപടികൾ ഒഴിവാക്കാൻ ബാഴ്സ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ തന്നെ മെസി ട്രെയിനിങ്ങിലേക്ക് തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ബാഴ്‌സലോണ ആരാധകർ.

അതേ സമയം കൂമാന് കീഴിലുള്ള ബാഴ്സയിലെ മെസിയുടെ ഔദ്യോഗിക അരങ്ങേറ്റമത്സരം ഈ മാസം ഇരുപത്തിയാറാം തിയ്യതി വിയ്യാറയലിനെതിരെയായിരിക്കും. എന്നാൽ അതിനും മുമ്പ് കൂമാന് കീഴിൽ ബാഴ്സ ഒരു മത്സരം കളിക്കുന്നുണ്ട്. വരുന്ന പന്ത്രണ്ടാം തിയ്യതി ശനിയാഴ്ച്ച ഒരു സൗഹൃദമത്സരം ബാഴ്സ കളിക്കുന്നുണ്ട് എന്നാണ് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട്‌ ചെയ്യുന്നത്.

ആ മത്സരം നാസ്റ്റിക്ക് ഡി ടറഗോണ എന്ന ക്ലബിനെതിരെയാണെന്നാണ് ബാഴ്സ ടിവി പുറത്തു വിട്ട വിവരം. ഈ മത്സരത്തിൽ ലയണൽ മെസി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏതായാലും മെസി പോവുമോയെന്ന ആശങ്കകൾ ഒഴിവായ സാഹചര്യത്തിൽ മെസിയുടെ തിരിച്ചു വരവിനെയാണ് ആരാധകർ കാത്തിരിക്കുന്നത്. വിയ്യാറയലിനെതിരെ ക്യാമ്പ് നൗവിൽ വെച്ചാണ് ലാലിഗ മത്സരം അരങ്ങേറുക.

You Might Also Like