അർജന്റീനക്കായിറങ്ങിയാൽ തലവേദന കൂമാനുതന്നെ, മെസിക്ക് ആദ്യ എൽക്ലാസിക്കോ നഷ്ടമായേക്കും

Image 3
FeaturedFootballLa Liga

ഒക്ടോബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് അര്ജന്റീനക്കായി കളത്തിലിറങ്ങാനിരിക്കുകയാണ് സൂപ്പർതാരം ലയണൽ മെസി. എന്നാൽ ഈ മത്സരങ്ങളിൽ ലയണൽ മെസി അര്ജന്റീനക്കായി കളിച്ചാൽ കൂടുതൽ തലവേദനയാവുന്നത് ബാഴ്‌സ പരിശീലകൻ റൊണാൾഡ്‌ കൂമാനാണ്. അര്ജന്റീനക്കായി മെസിയിറങ്ങിയാൽ ഇത്തവണത്തെ ലാലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോ മെസിക്ക് നഷ്ടമായേക്കും.

കഴിഞ്ഞ സീസണവസാനം ക്ലബ്ബ് വിടണമെന്ന ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും ക്ലബ്ബിൽ തന്നെ തുടർന്നത് ലയണൽ മെസിയുടെ പ്രകടനത്തെയോ ഗോളടിമികവിനെയോ ഒട്ടും ബാധിച്ചിട്ടില്ല. കൂമാനു കീഴിൽ മികച്ച പ്രകടനം തന്നെയാണ് മെസി കാഴ്ചവെക്കുന്നത്. എന്നാലിപ്പോൾ ഫിഫയുടെ കോറോണയുമായി ബന്ധപ്പെട്ടുള്ള ക്വാറന്റൈൻ നിയമങ്ങളാണ് ബാഴ്‌സക്ക് തലവേദനയായി വന്നിരിക്കുന്നത്.

അർജന്റീനക്ക് വേണ്ടി കളത്തിലിറങ്ങിയാൽ സ്പാനിഷ് നിയമമനുസരിച്ച് പതിനാലു ദിവസം മെസിക്ക് ക്വാറന്റൈനിൽ പോവേണ്ടി വരും. ഒക്ടോബർ 8നു ഇക്വഡോറുമായും ഒക്ടോബർ 13നു ബൊളീവിയയുമായിട്ടാണ് അർജന്റീനക്ക് മത്സരങ്ങൾ തീരുമാനിച്ചിരിക്കുന്നത്. അതിൽ പങ്കെടുത്താൽ തിരിച്ചെത്തിയാൽ 14 ദിവസം മെസി ക്വാറന്റൈനിൽ ഇരിക്കേണ്ടിവരികയും മൂന്നു ലാലിഗ മത്സരങ്ങൾ നഷ്ടപ്പെടുകയും ചെയ്തേക്കും.

ലാലിഗയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായ ചിരവൈരികളായ റയൽ മാഡ്രിഡിനെതിരായ ആദ്യ എൽക്ലാസിക്കോയും മെസിക്ക് നഷ്ടമായേക്കും. റയലിനെക്കൂടാതെ ഗെറ്റാഫെ, അലാവെസ് എന്നിവരുമായാണ് ബാഴ്‌സക്ക് മത്സരങ്ങളുള്ളത്. കോൺമെബോൾ മത്സരങ്ങൾക്കായി താരങ്ങളെ വിട്ടുനല്കണമെന്നു ഫിഫ യൂറോപ്യൻ ക്ലബ്ബുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗത്ത് അമേരിക്കയിൽ നിന്നും പ്രധാനതാരങ്ങളുള്ള എല്ലാ ക്ലബ്ബുകൾക്കും ഇക്കാര്യത്തിൽ അതൃപ്തിയുളവാക്കിയിട്ടുണ്ട്.