സ്ഥിരീകരണമായി, മെസ്സി മാജിക് കേരളത്തിലും നടക്കും, അർജന്റീന കളിക്കുക ആർക്കെതിരെ? മത്സരങ്ങൾ എവിടെ? നിർണായക വിവരങ്ങൾ പുറത്ത്.

Image 3
FanzoneFeaturedFootballFootball News

തിരുവനന്തപുരം: ഫുട്ബോൾ പ്രേമികളായ മലയാളികൾക്ക് അവിസ്മരണീയമായ ഒരു അനുഭവത്തിന് ഒരുങ്ങാം. ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ദേശീയ ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിൽ പന്ത് തട്ടും. കായികമന്ത്രി വി അബ്ദുൽ റഹ്‌മാനാണ് നിർണായകമായ സ്ഥിരീകരണം നൽകിയത്.

സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര പ്രദർശന മത്സരത്തിൽ മെസ്സിയുടെ നേതൃത്വത്തിൽ, അർജന്റീന ടീം പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിക്കുകയായിരുന്നു.

‘ഒലോപോ മാജിക്’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) ആണ്. പ്രാദേശിക വ്യാപാരികളുടെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിൽ ആരംഭിച്ച ഒലോപോ ആപ്പാണ് പരിപാടിയുടെ പ്രധാന സ്പോൺസർ. ആപ്പ് പങ്കാളികളായ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഷോപ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് ആരാധകർക്ക് എൻട്രി പാസുകൾ നേടാനാകും.

പരിപാടിയുടെ ഭാഗമായി രണ്ട് മത്സരങ്ങളാണ് ഇപ്പോൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കൊച്ചിയെയാണ് പ്രധാന വേദിയായി പരിഗണിക്കുന്നത്. കൂടാതെ തിരുവനന്തപുരത്തും ഒരു മത്സരം നടക്കുമെന്ന് കരുതുന്നു. എങ്കിലും, അർജന്റീന ആർക്കെതിരെയാവും കേരളത്തിൽ കളിക്കുക എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ചർച്ച നടത്താൻ മന്ത്രി അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല പ്രതിനിധി സംഘം അടുത്തിടെ സ്പെയിനിലേക്ക് പോയിരുന്നു. മാഡ്രിഡിൽ നടന്ന ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്ന് അബ്ദുറഹിമാൻ പറഞ്ഞു, “സംസ്ഥാനത്ത് ഒരു പ്രദർശന മത്സരം നടത്തുന്നതിനെക്കുറിച്ച് മികച്ച രീതിയിൽ ചർച്ചകൾ നടന്നു. തുടർനടപടിയായി, രണ്ട് മാസത്തിനുള്ളിൽ ഒരു AFA പ്രതിനിധി സംഘം സംസ്ഥാനം സന്ദർശിക്കും.

കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേരളത്തിൽ ഫുട്ബോൾ അക്കാദമികൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതയും ചർച്ചകളിൽ ഉൾപ്പെട്ടിരുന്നതായി മന്ത്രി അറിയിച്ചു. KVVES സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, AKGSMA സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഷറഫ് അലി തുടങ്ങിയ പ്രധാന പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഈ സുപ്രധാന പരിപാടി കേരളത്തിന്റെ ഫുട്ബോൾ ആവേശം ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരുമെന്നും, ഇന്ത്യയിലെ കായിക വിനോദ കേന്ദ്രമെന്ന നിലയിൽ കേരളത്തിന്റെ പ്രസക്തി കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Article Summary

Lionel Messi and the Argentinian national football team will play exhibition matches in Kerala next year. The Kerala government will host the event, titled "Olopo Magic," with funding from local merchants through the Olopo app. Two matches are planned, likely in Kochi, with the opponent yet to be determined. A Kerala delegation recently met with the Argentinian Football Association (AFA) in Spain to finalize the agreement, and an AFA delegation will visit Kerala soon. This event aims to promote Kerala as a major football hub in India and attract global attention.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in