നിലവാരം കുറഞ്ഞ ലീഗിലാണ് കളിക്കുന്നത്, അതിന്റെ കാരണം വെളിപ്പെടുത്തി ലയണൽ മെസി

Image 3
Football News

ഖത്തറിൽ വെച്ചു നടന്ന ലോകകപ്പിൽ അസാമാന്യ പ്രകടനമാണ് ലയണൽ മെസി നടത്തിയത്. മുപ്പത്തിയഞ്ചു വയസുള്ള താരം കളിക്കളം അടക്കി ഭരിച്ചപ്പോൾ കാണികൾക്ക് അതൊരു വിരുന്നായിരുന്നു. അർജന്റീനക്ക് ഒരുപാട് വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വന്തമാക്കി നൽകാനും ആ പ്രകടനത്തിനായി. അത്രയും മികച്ച പ്രകടനം നടത്തിയിരുന്ന ഒരു താരം ലോകകപ്പിനു ശേഷം അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനുള്ള തീരുമാനമെടുത്തത് ഏവരെയും ഞെട്ടിപ്പിച്ച ഒന്നായിരുന്നു.

ലയണൽ മെസിയുടെ പ്രതിഭ കണക്കാക്കുമ്പോൾ അമേരിക്കൻ ലീഗ് വളരെ കുറഞ്ഞു പോയ ഒന്നാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. യൂറോപ്യൻ ഫുട്ബോളിൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി കളിക്കാനുള്ള കഴിവും പ്രതിഭയും പ്രകടനമികവും താരത്തിനുണ്ടായിരുന്നു. എന്നാൽ അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനുള്ള തന്റെ തീരുമാനത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളുണ്ടെന്നാണ് ലയണൽ മെസി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമാക്കിയത്.

“താരതമ്യം ചെയ്യുമ്പോൾ നിലവാരം കുറഞ്ഞ ഒരു ലീഗിലേക്കാണ് ഞാൻ എത്തിയതെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഒരുപാട് കാര്യങ്ങൾ സംഭവിക്കാം. എന്തായാലും ഞാൻ ഏറ്റവും മികച്ച പ്രകടനം നടത്താൻ തന്നെയാണ് ശ്രമിക്കുക. അർജന്റീന ടീമിൽ തുടരുന്നതിനെ കുറിച്ചാണെങ്കിൽ അവിടെ കളിക്കാനുള്ള നിലവാരം എനിക്കുണ്ടോ ഇല്ലയോ എന്ന് ആദ്യം അറിയുന്നതും ഞാനായിരിക്കും.” മെസി പറഞ്ഞു.

പിഎസ്‌ജി വിട്ട മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് ആഗ്രഹിച്ചതെങ്കിലും അവരുടെ സാമ്പത്തിക പ്രതിസന്ധി കാരണം അതിൽ നിന്നും പിന്മാറുകയായിരുന്നു. സൗദി അറേബ്യയിൽ നിന്നും മെസിക്ക് ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും കുടുംബത്തിന് അമേരിക്കയിലേക്ക് പോകാനായിരുന്നു ആഗ്രഹം. ബാഴ്‌സലോണയില്ലാതെ യൂറോപ്പിലെ മറ്റൊരു ക്ലബിനെയും മെസി പരിഗണിക്കുകയും ചെയ്‌തിരുന്നില്ല. അതാണ് താരം അമേരിക്കൻ ലീഗിലെത്താനുള്ള കാരണം.