സിറ്റിയിലേക്ക് ചേക്കേറാൻ മെസി നൽകുന്നത് ഈ രണ്ടു നിർദേശങ്ങൾ, ജനുവരിയിൽ തീരുമാനമായേക്കും

കഴിഞ്ഞ സമ്മറിൽ ബാഴ്സലോണ വിടാൻ ആഗ്രഹം പ്രകടിപ്പിച്ച സൂപ്പർതാരമായിരുന്നു ലയണൽ മെസി. ഫുട്ബോൾ ലോകത്ത് വളരെയധികം കോളിളക്കം സൃഷ്‌ടിച്ച ഈ സംഭവത്തിനൊടുവിൽ ലയണൽ മെസി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ വളർത്തി വലുതാക്കി ഫുട്ബോളിന്റെ മുൻനിരയിലെത്തിച്ച സ്വന്തം ക്ലബ്ബിനെ കോടതി കയറ്റുന്നില്ലെന്നു മെസി തീരുമാനിക്കുകയായിരുന്നു.

മെസി ക്ലബ്ബ് വിടുകയാണെന്നു ബാഴ്‌സയെ ബുറോഫാക്സ് മുഖേന അറിയിച്ച സമയത്ത് ഏറ്റവും കൂടുതൽ മെസി ചേക്കേറാൻ സാധ്യത കല്പിച്ച ക്ലബ്ബുകളിലൊന്നാണ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. ഒപ്പം ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനും ഫ്രഞ്ച് ശക്തികളായ പിഎസ്‌ജിയും അഭ്യൂഹങ്ങളുടെ ഭാഗമായിരുന്നു.

മെസിയുടെ പ്രിയപ്പെട്ട പരിശീലകനായ പെപ്‌ ഗാർഡിയോളയുമായുള്ള കൂടിച്ചേരലിനു കളമൊരുങ്ങുമെന്ന് ഫുട്ബോൾ ലോകം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതീക്ഷകളെ ആസ്ഥാനത്താക്കി മെസി ബാഴ്സയിൽ തന്നെ തുടരുകയായിരുന്നു. ഈ സീസണവസാനം മെസിയുടെ കരാർ അവസാനിക്കുമെന്നിരിക്കെ വീണ്ടും മെസിയെയും മാഞ്ചസ്റ്റർ സിറ്റിയെയും ബന്ധപ്പെടുത്തി റിപ്പോർട്ടുകൾ ഉയർന്നു വരികയാണ്.

അർജന്റീനിയൻ മാധ്യമമായ എൽ ചിരിങ്യുറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം മെസി സിറ്റിയിലേക്ക് വരാൻ രണ്ടു നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടി വരുമെന്നാണ് അറിയാനാവുന്നത്. പരിശീലകനായ പെപ്‌ ഗാർഡിയോളയേയും അർജന്റീനിയൻ സഹതാരം സെർജിയോ അഗ്വേറോയേയും സിറ്റിയിൽ നിലനിർത്തിയാലേ സിറ്റിയിലേക്ക് താൻ വരുകയുള്ളൂവെന്നു മെസി നിർദേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഇരുവരും സിറ്റിയിൽ തുടർന്നാലും മെസി സിറ്റിയിലേക്ക് ചേക്കേറുമോയെന്നു കാത്തിരുന്നു കാണേണ്ടിവരും.

You Might Also Like