ആഫ്രിക്കയിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണവുമായി മെസി ഫൗണ്ടേഷൻ, കാരുണ്യസ്പർശമായി മെസി വീണ്ടും

കളിക്കളത്തിൽ മാത്രമല്ല യഥാർത്ഥജീവിതത്തിലും വിസ്മയമായി മാറിയിരിക്കുകയാണ് സൂപ്പർതാരം ലയണൽ മെസി. ആഫ്രിക്കയിലെ കുരുന്നുകൾക്ക് പിന്തുണയുമായി മെസി ഫൗണ്ടേഷൻ എന്ന ജീവകാരുണ്യസംഘടനയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ലയണൽ മെസി. ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ കുരുന്നുകൾക്ക് സ്കൂളുകളിൽ പ്രഭാതഭക്ഷണം നൽകാനുള്ള പദ്ധതിയാണ് മെസി ഫൗണ്ടേഷൻ നേതൃത്വം നൽകിയിരിക്കുന്നത്.

ഇതോടെ മൊസാംബിക്കിലെ പതിനയ്യായിരത്തിലധികം കുരുന്നുകൾക്ക് അവരുടെ സ്കൂലുകളിൽ രാവിലെ ഭക്ഷണം ലഭിക്കാനുള്ള സാഹചര്യമാണ് മെസി ഫൌണ്ടേഷൻ തയ്യാറാക്കിയിരിക്കുന്നത്. ആഫ്രിക്കയിലെ ഗാസ പ്രവിശ്യയിലെ 30ലധികം സ്കൂളുകളിലെ കുട്ടികൾക്കാണ് ഈ സൗകര്യം ലഭ്യമാവുക. കുട്ടികളിലെ പോഷകവൈകല്യത്തെ ഇല്ലാതാക്കാനായാണ് ഈ പദ്ധതി മെസി ഫൗണ്ടേഷൻ നടപ്പിൽ വരുത്തുന്നത്.

ഗ്രാമപ്രദേശമായ മഗുണ്ട്സേയിലാണ് ഈ പദ്ധതി പ്രധാനമായും നടപ്പിലാക്കാനുദ്ദേശിക്കുന്നത്. അവിടത്തെ ആകെ ജനസംഖ്യയുടെ 1 ശതമാനത്തിനു മാത്രമേ ശുദ്ധജലവും വൈദ്യുതിയും ലഭ്യമാകുന്നുള്ളു. അവിടത്തെ 40 ശതമാനത്തിലധികം കുട്ടികളിലും പോഷകവൈകല്യം പ്രകടമായി കാണാൻ സാധിക്കുന്നു. ഇതിനൊരു പരിഹാരമെന്ന നിലക്കാണ് ചരിത്രത്തിൽ ആദ്യമായി കുട്ടികൾക്ക് സ്കൂളുകളിൽ പ്രഭാതഭക്ഷണമെന്ന സംവിധാനം മെസി ഫൗണ്ടേഷൻ ഏറ്റെടുത്തു നടപ്പിലാക്കുന്നത്. വേനൽകാലത്ത് കൂടുതൽ ജലമടങ്ങിയതും മഞ്ഞുകാലത്തു ചൂടോടെയും ഫുഡ്‌ സപ്പ്ളിമെന്റുകളും കുട്ടികൾക്ക് ലഭിച്ചേക്കും

മെസി ഫൗണ്ടേഷനും ആഫ്രിക്കയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള അര്ജന്റീനക്കാരനായിട്ടുള്ള യുവാൻ ഗബ്രിയേൽ അരിയാസെന്നു പേരുള്ള ഫാദറുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്. കിലോമീറ്ററുകളോളം നടന്നു സ്കൂളിലെത്തുന്ന കുരുന്നുകൾക്ക് പ്രഭാതഭക്ഷണം ലഭിക്കുന്നതോടെ സ്കൂളുകളിലെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് മെസി ഫൌണ്ടേഷന്റെ പ്രതീക്ഷ. മുൻപ് സിറിയയിലെ കുട്ടികൾക്ക് വേണ്ടിയും മെസി ഫൗണ്ടേഷൻ സഹായഹസ്തം നീട്ടിയിരുന്നു.

You Might Also Like