കാരുണ്യക്കടലായി വീണ്ടും മെസി, ചേര്‍ത്ത് പിടിച്ചത് സിറിയന്‍ കുട്ടികളെ

സിറിയയിലെ കുഞ്ഞു മനസുകൾക്ക് അറിവിന്റെ കൈത്താങ്ങായി വീണ്ടുമെത്തിയിരിക്കുകയാണ് മെസി ഫൌണ്ടേഷൻ. യുണൈറ്റഡ് നാഷൻസ് ചിൽഡ്രൻ ഫണ്ടിന്റെ സഹകരണത്തോടെ മെസി ഫൗണ്ടേഷൻ സിറിയയിലെ ഒമ്പതു പ്രവിശ്യകളിൽ കുട്ടികൾക്കായി 50,630 വിദ്യാഭ്യാസ കിറ്റുകൾ വിതരണം ചെയ്തിരിക്കുകയാണ്.

വലിയ വിഷമഘട്ടങ്ങളിൽ ജീവിക്കുന്ന കുട്ടികളെയും യുവതലമുറയെയും സഹായിക്കുകയെന്ന ദൗത്യത്തോടെ 2007ലാണ് മെസി ഫൗണ്ടേഷൻ ആരംഭിക്കുന്നത്. എല്ലാ കുട്ടികൾക്കും ഒരു പോലെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കണമെന്ന ആശയമാണ് ഇതിനുള്ളത്. കുട്ടികളുമായി ബന്ധപ്പെട്ട നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മെസി ഫൗണ്ടേഷൻ പങ്കാളിയായിട്ടുണ്ട്.

യുദ്ധസമാനമായ സാഹചര്യത്തിൽ നിരവധി കുട്ടികളാണ് സിറിയയിൽ കഴിയുന്നത്. അവർക്ക് കൈത്താങ്ങായി മെസി ഫൗണ്ടേഷൻ നിലകൊണ്ടിരുന്നു. വിദ്യാഭ്യാസ കിറ്റുകൾ വിതരണം ചെയ്യുന്നതോടെ കുട്ടികളിൽ വിനോദത്തിലൂടെ വിദ്യാഭ്യാസം എന്ന ആശയമാണ് മെസി ഫൌണ്ടേഷൻ മുന്നോട്ടു വെക്കുന്നത്.

ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസം കുട്ടികളിൽ വിനോദത്തിലൂടെ വളർത്തിയെടുക്കാനുള്ള ശ്രമമാണ് ഫൗണ്ടേഷൻ വിദ്യാഭാസകിറ്റുകൾ നൽകുന്നതിലൂടെ നടത്തുന്നത്. സിറിയയിലെ ഹസക്കാഹ്‌, ക്യൂനേട്ര, അലെപ്പോ, ഹാമ, ഹോംസ്, ദരാ, ദേർ എസോർ, സ്വെയ്‌ദ, ഡമാസ്കസ് പ്രവിശ്യകളിലാണ് ഫൌണ്ടേഷൻ കിറ്റുകൾ വിതരണം ചെയ്തത്.

You Might Also Like