വലൻസിയക്കെതിരെ ഗോൾനേട്ടം, പെലെയുടെ 49 വർഷം മുൻപത്തെ റെക്കോർഡിനൊപ്പമെത്തി ലയണൽ മെസി

വലൻസിയക്കെതിരായ ലാലിഗ മത്സരത്തിൽ ബാഴ്‌സക്ക് സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നെങ്കിലും സൂപ്പർതാരം ലയണൽ മെസ്സിയുടെ വലൻസിയക്കെതിരായ ഗോളിലൂടെ പെലെയുടെ 49 വർഷം മുൻപത്തെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ്. ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന പെലെയുടെ റെക്കോർഡിനോപ്പമാണ് മെസ്സിയെത്തി നിൽക്കുന്നത്.

ബ്രസീലിയൻ ക്ലബ്ബായ സന്റോസിന് വേണ്ടി നേടിയ 643 ഗോളുകളെന്ന കൂറ്റൻ റെക്കോർഡിനൊപ്പമാണ് ബാഴ്സയ്ക്കൊപ്പം മെസി എത്തിയിരിക്കുന്നത്. അടുത്ത മത്സരത്തിൽ ഒരു ഗോൾ കൂടി നേടിയാൽ മെസിക്ക് ഈ അവിസ്മരണീയ റെക്കോർഡും തകർക്കാനായേക്കും. പെലെയുടെ റെക്കോർഡിനൊപ്പമെത്തിയെങ്കിലും വലൻസിയക്കെതിരെ വിജയിക്കാനാവാഞ്ഞത് ബാഴ്‌സയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

29ആം മിനുട്ടിൽ മൗക്റ്റർ ഡിയക്കാബി വലൻസിയക്കായി ഹെഡറിലൂടെ ഗോൾ നേടിയപ്പോൾ മെസിയാണ് ബാഴ്സക്കായി സമനിലഗോൾ നേടിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റി ബോക്സിൽ ഗ്രീസ്മാനെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി മെസി പാഴാക്കിയെങ്കിലും ഗോൾകീപ്പർ തട്ടിയകറ്റിയ പന്ത് പിടിച്ചെടുത്തു ജോർദി ആൽബ നൽകിയ ക്രോസ് മെസി ഡൈവിങ് ഹെഡറിലൂടെ ഗോൾവലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ബാഴ്സയുടെ പ്രതിരോധതാരം റൊണാൾഡ്‌ അറോഹോയുടെ അക്രോബാറ്റിക് ഷോട്ടിലൂടെ വലൻസിയക്കെതിരെ ലീഡ് നേടിയെങ്കിലും ബാഴ്സക്ക് വിജയം സ്വന്തമാക്കാൻ വലൻസിയ മാക്സി ഗോമസിലൂടെ തടയിടുകയായിരുന്നു. ഗോമസിന്റെ സമനിലഗോളിനെ മറികടക്കാൻ മെസി നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും വലൻസിയ അതിനെ പ്രതിരോധിക്കുകയായിരുന്നു.

You Might Also Like