വിമർശകർക്ക് ഇനി വായടക്കാം; പുതുചരിത്രം രചിച്ച് മെസ്സി

കോപ്പ അമേരിക്കയിൽ ചൊവ്വാഴ്ച ബൊളീവിയക്കെതിരെ ലയണൽ മെസ്സി കളത്തിലറങ്ങിയപ്പോൾ തന്നെ ചരിത്രം പിറന്നിരുന്നു. അർജന്റീനയുടെ കുപ്പായത്തിൽ 148ആം മത്സരത്തിനിറങ്ങിയ മെസ്സി രാജ്യത്തിനായി ഏറ്റവുമധികം തവണ ബൂട്ട് കെട്ടുന്ന താരമായി. എന്നാൽ വെറുമൊരു റെക്കോർഡിൽമത്സരം  ഒതുക്കാൻ മെസ്സി തയാറായിരുന്നില്ല. ആരാധകർക്ക് തകർപ്പനൊരു കാഴ്ച്ചവിരുന്ന് തന്നെ ഒരുക്കിയാണ് സൂപ്പർതാരം കളിക്കളം വിട്ടത്.

രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി മെസ്സി കളംനിറഞ്ഞാടിയപ്പോൾ ബൊളീവിയയെ അർജന്റീന ഗോൾമഴയിൽ മുക്കി. ആറാം മിനിറ്റിൽ തന്നെ അമാനുഷികമായ മികവോടെ അലെക്‌സാൻഡ്രോ ദരിയോ ഗോമസിന് ഗോളടിക്കാൻ വഴിതുറന്നത് മെസ്സിയാണ്. ബൊളീവിയൻ പ്രതിരോധത്തിന് മുകളിലൂടെ ഒരു തളികയിലെന്നോണം മെസ്സി നീട്ടിയ പന്ത് വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ ഗോമസിനുണ്ടായിരുന്നുള്ളൂ.

ഏഴുമിനിറ്റുകൾക്കകം തന്നെ മെസ്സി സ്‌കോർ ഷീറ്റിൽ ഇടം പിടിച്ചു.തന്റെ  ദൗർബല്യമായി ഇപ്പോഴുംവിമർശിക്കപ്പെടുന്ന പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് മെസ്സി ഗോൾ നേടിയത്. 42 ആം മിനിറ്റിൽ മെസ്സി മാജിക്കിലൂടെ വീണ്ടും അർജന്റീന വലകുലുക്കി. അഡ്വാൻസ് ചെയ്തുവന്ന ബൊളീവിയൻ ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ മെസ്സിയുടെ ട്രേഡ്‌മാർക്ക് ലോബ് ഷോട്ട് വലയിൽ പതിച്ചു.

18 മത്സരങ്ങൾക്ക് ശേഷമാണ് മെസ്സി അർജന്റീനക്കായി ഒരു ഫീൽഡ് ഗോൾ നേടുന്നത്. രാജ്യത്തിനായി മെസ്സിയുടെ 75ആം ഗോളാണിത്. സാക്ഷാൽ പെലെയെ മറികടക്കാൻ ഇനി താരത്തിന് രണ്ട് ഗോളുകൾ കൂടി മാത്രം മതി.

60ആം മിനിറ്റിൽ ഇർവിൻ സർവേദരയിലൂടെ ബൊളീവിയ ഗോൾ മടക്കിയെങ്കിലും അപ്പോഴേക്കും മത്സരം അർജന്റീന കൈക്കലാക്കിയിരുന്നു. 65ആം മിനിറ്റിൽ ലൗറ്റാറോ മാർട്ടീനസിലൂടെ അർജന്റീന നാലാം ഗോളും നേടി ബൊളീവിയയുടെ തോൽവി പൂർത്തിയാക്കി.

വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന ക്വാർട്ടറിൽ കടന്നു. മറ്റൊരു മത്സരത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ഉറുഗ്വെയാണ് ഗ്രൂപ്പിലെ രണ്ടാമൻ.

You Might Also Like