ബാഴ്സയിലെത്തി പിസിആർ ടെസ്റ്റുകൾ പൂർത്തിയാക്കി മെസി, നാളെ കൂമാനു കീഴിൽ പരിശീലനമാരംഭിച്ചേക്കും

ബാഴ്സലോണയിൽ തന്റെ പിസിആർ അനുബന്ധ ടെസ്റ്റുകൾ പൂർത്തിയാക്കിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസി. ഇന്ന് കോവിഡ് ടെസ്റ്റ്‌ ഉൾപ്പടെയുള്ള ടെസ്റ്റുകൾ ആണ് മെസ്സി പൂർത്തിയാക്കിയത്. താരം നാളെ കൂമാന് കീഴിൽ ഈ സീസണിലെ ആദ്യപരിശീലനത്തിനിറങ്ങിയേക്കും. കഴിഞ്ഞ തിങ്കളാഴ്ച്ച മുതലേ ബാഴ്സ പരിശീലനം ആരംഭിച്ചെങ്കിലും ട്രാൻസ്ഫർ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മെസി പരിശീലനം ബഹിഷ്കരിച്ചിരുന്നു.

എന്നാൽ പിതാവുമായുള്ള ചർച്ചക്ക് ശേഷം മെസി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനമെടുക്കുകയായിരുന്നു. പരിശീലനത്തിനെത്താത്തതിനു മെസിക്കെതിരെ നടപടികൾ കൈക്കൊള്ളാൻ ബാഴ്സക്ക് അധികാരം ഉണ്ടെങ്കിലും ബാഴ്സലോണ അതിനു മുതിർന്നില്ല. മെസിയുമായി ഇനി പ്രശ്നങ്ങൾ വേണ്ട എന്നതിനാലാണ് ബാഴ്സ ഈ തീരുമാനത്തിലെത്തിയത്.

താൻ ബാഴ്സയിൽ കളിക്കുന്ന കാലത്തോളം തന്റെ ആത്മാർത്ഥതക്ക് ഒരു കുറവുമുണ്ടാവില്ലെന്ന് മെസി അറിയിച്ചിരുന്നു. ജയങ്ങളും കിരീടങ്ങളും മാത്രമാണ് തന്റെ ലക്ഷ്യമെന്നും എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും മെസ്സി ഉറപ്പ് നൽകിയിട്ടുണ്ട്. നാളെ കൂമാൻ മെസിയുമായി സംസാരിച്ചേക്കും. ഇരുവരും അടുത്ത സീസണിലേക്കുള്ള പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്‌തേക്കും.

അടുത്ത സീസണിൽ മെസിയെത്തന്നെ ക്യാപ്റ്റനാക്കാനാണ് ബാഴ്സയുടെ തീരുമാനമെങ്കിലും മെസി ഇത് നിരസിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ജെറാർഡ് പിക്വേ, സെർജിയോ ബുസ്കെറ്റ്സ്, സെർജി റോബർട്ടോ എന്നിവരിൽ ആർക്കെങ്കിലും ആയിരിക്കും മെസിക്കു പകരം നറുക്ക് വീഴുക. കൂടാതെ ഗോൾ കീപ്പർ ടെർ സ്റ്റേഗനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. തുടക്കത്തിൽ ബാഴ്സ ക്യാപ്റ്റൻ പദവിയിൽ അഭിമാനിച്ചിരുന്ന മെസിയുടെ മനസ്സ് ഇപ്പോൾ മാറിയിട്ടുണ്ടെന്നാണ് സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നത്.

You Might Also Like