മറ്റൊരു റൊണാൾഡോ റെക്കോർഡ് കൂടി മെസിക്ക് മുന്നിൽ വീണു, രണ്ടു റെക്കോർഡുകൾ കൂടി ഉടനെ തകരും

റീംസിനെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ മോശം പ്രകടനം നടത്തിയ ലയണൽ മെസി ഇന്നലെ മോണ്ട്പെല്ലിയറിനെതിരെ നടന്ന മത്സരത്തിൽ ഗോൾ നേടുകയുണ്ടായി. മത്സരത്തിന്റെ ആദ്യപകുതിയിൽ ലയണൽ മെസി നേടിയ ഗോൾ നിഷേധിച്ചെങ്കിലും രണ്ടാം പകുതിയിൽ ഫാബിയൻ റൂയിസ് നൽകിയ തകർപ്പൻ ത്രൂ പാസ് ഗോൾകീപ്പറെ കബളിപ്പിച്ച് വലയിൽ എത്തിച്ചാണ് താരം പിഎസ്‌ജിയുടെ ലീഡ് ഉയർത്തിയത്.

പിഎസ്‌ജി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മത്സരത്തിൽ വിജയം നേടിയത്. മത്സരത്തിൽ വിജയിച്ചതോടെ ഈ പോയിന്റ് ടേബിളിൽ മാഴ്‌സയുമായി അഞ്ചു പോയിന്റ് വ്യത്യാസത്തിൽ നിൽക്കുകയാണ് പിഎസ്‌ജി. മത്സരത്തിൽ ഗോൾ നേടിയതോടെ ഈ സീസണിൽ പിഎസ്‌ജിക്കു വേണ്ടിയുള്ള ലയണൽ മെസിയുടെ ലീഗിലെ ഗോൾനേട്ടം ഒമ്പതായി. ഇതിനു പുറമെ പത്ത് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

ഇന്നലെ ഗോൾ നേടിയതോടെ റൊണാൾഡോയുടെ ഒരു റെക്കോർഡ് മെസി മറികടന്നു. യൂറോപ്പിലെ ടോപ് ഫൈവ് ലീഗിലെ ക്ളബുകൾക്കായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് മെസി നേടിയത്. മെസി 697 ഗോളുകൾ ഇന്നലെത്തോടെ നേടിയപ്പോൾ റൊണാൾഡോ 696 ഗോളുകളാണ് നേടിയിരുന്നത്. റൊണാൾഡോയെക്കാൾ കുറവ് മത്സരങ്ങളാണ് മെസി കളിച്ചിട്ടുള്ളത്.

ഇതിനു പുറമെ റൊണാൾഡോയുടെ രണ്ടു റെക്കോർഡുകൾ കൂടി തകർക്കുന്നതിന് തൊട്ടരികിലാണ് മെസിയുള്ളത്. യൂറോപ്പിലെ പ്രധാന അഞ്ചു ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം റൊണാൾഡോയാണ്. 495 ഗോളുകളാണ് റൊണാൾഡോ നേടിയിരിക്കുന്നത്. നിലവിൽ 489 ഗോളുകൾ നേടിയ മെസി ഏഴു ഗോളുകൾ കൂടി നേടിയാൽ ഈ സീസണിൽ തന്നെ ഈ റെക്കോർഡ് മറികടക്കും.

ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോർഡിൽ 701 ഗോളുകൾ നേടിയ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത് നിലവിലുള്ളത്. 697 ഗോളുകൾ നേടിയ മെസി റൊണാൾഡോയുടെ തൊട്ടു പിന്നിൽ തന്നെയുണ്ട്. എന്നാൽ ഈ റെക്കോർഡ് മെസി തകർക്കാതെ നീട്ടിക്കൊണ്ടു പോകാൻ റൊണാൾഡോക്ക് അവസരമുണ്ട്. അതിനായി സൗദി അറേബ്യൻ ക്ലബിനായി താരം ഗോളുകൾ നേടണമെന്ന് മാത്രം.

 

You Might Also Like