പുതിയ സംഭവവികാസങ്ങള്‍, നിലപാട് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സിന്റെ മെസി
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്നും എല്‍ഗോ ഷറ്റോരിയെ പുറത്താക്കിയിട്ടും മനംമാറ്റമില്ലാതെ കാമറൂണ്‍ താരം മെസി ബൗളി. കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം പുതിയ സീസണില്‍ കൂടി തുടരാന്‍ തന്നെയാണ് മെസിയുടെ തീരുമാനം.
നേരത്തെ പുതിയ കോച്ചിന്റെ വരവോട് കൂടെ മെസ്സി ക്ലബ്ബ് വിടും എന്നായിരുന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതാണ് മെസി തള്ളിയിരിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഷറ്റോരി പുറത്തായതിന് പിന്നാലെ ഒഗ്‌ബെച്ചേയും മെസിയും ക്ലബ് വിട്ടേയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒഗ്‌ബെച്ചോയും ബ്ലാസ്‌റ്റേഴ്‌സില്‍ തന്നെ തുടരുമെന്ന് നിലപാട് വ്യക്തമാക്കിയും കഴിഞ്ഞു.
ഇതോടെ പുതിയ പരിശീലകനായ കിബു വികൂനയ്ക്ക് ആവശ്യമുള്ള വിദേശ താരങ്ങളാകും ബാക്കിയുള്ള ഫോറിന്‍ പ്ലെയര്‍ സ്ലോട്ടുകളില്‍ നിറയുക.
2013, 2017, 2018 വര്‍ഷങ്ങളില്‍ കാമറൂണ്‍ ദേശീയ ടീമിലും അംഗമായിരുന്നു മെസി. 2013ല്‍ എഫ്എപി യാഉണ്ടേയിലാണ് മെസ്സി തന്റെ ക്ലബ്ബ് കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോന്‍ യാഉണ്ടേ, എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്.
ഒഗ്‌ബെചെയുടെ സ്‌ട്രൈക്കിംഗ് പാട്ണര്‍ ആയ മെസിയേയും കൊച്ചിയില്‍ എത്തിച്ചത് ഷറ്റോരിയാണ്. ആരാധകര്‍ അടക്കം എതിരായിട്ടും മെസിയില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചത് ഷറ്റോരി മാത്രമായിരുന്നു. ഒടുവില്‍ എട്ടു ഗോളുകളും ഒരു അസിറ്റും ഈ സീസണില്‍ മെസി സംഭാവന ചെയ്തു. ഷറ്റോരിക്ക് ഒപ്പം മെസിയും ക്ലബ് വിടുകയാണെങ്കില്‍ അത് കേരള ബ്ലാസ്റ്റേഴ്‌സിന് തീരാ നഷ്ടമായേനെ.