നീണ്ട പതിനാറു വർഷങ്ങൾ; മെസ്സി ബാഴ്‌സയുടെ ഭാഗമല്ലാതായി!!
സ്പാനിഷ് ക്ലബ് ബാർസിലോനയുമായുള്ള സൂപ്പർതാരം ലയണൽ മെസ്സിയുടെ കരാറിന്റെ കാലാവധി അവസാനിച്ചിരിക്കെ ആരാധകർക്ക് ആശങ്ക ബാക്കി. നിലവിൽ കോപ്പ അമേരിക്ക ചാംപ്യൻഷിപ് കളിക്കാൻ ബ്രസീലിൽ അർജന്റീന ടീമിനൊപ്പമുള്ള മെസ്സിയിൽ നിന്നും ഇതുവരെ പ്രതികരണമൊന്നും ലഭിക്കാത്തതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.
ജൂൺ 30നാണ് മെസ്സിയുടെ ബാഴ്‌സലോണ കരാർ അവസാനിച്ചത്. 13–ാം വയസ്സിൽ ബാർസയുടെ ഫുട്ബോൾ അക്കാദമിയായ ലാ മാസിയയിൽ ഫുട്ബോൾ ജീവിതം തുടങ്ങിയ ലയണൽ മെസ്സി അതിന് ശേഷം ഇതാദ്യമായാണ് ഔദ്യോഗികമായി ബാഴ്സയുടെ ഭാഗമല്ലാതാകുന്നത്.
ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യുവുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ നേരത്തെ ബാഴ്‌സ വിടാൻ മെസ്സി താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബർതോമ്യുവിന്റെ പകരക്കാരൻ ജോൻ ലാപോർട്ടയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന മെസ്സി ബാഴ്സയിൽ തന്നെ തുടർന്നേക്കുമെന്നാണ് സൂചന. കോപ്പ അമേരിക്കക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം.
2 വർഷത്തേക്കുള്ള പുതിയൊരു കരാറിൽ മെസിയും ബാർസയും തമ്മിൽ ധാരണയിലായതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരിക്കുന്നു. നിലവിലെ ടീമിനെ ഉടച്ചുവാർത്ത് കൂടുതൽ കിരീടസാധ്യതയുള്ള ടീമിനെ കെട്ടിപ്പടുക്കാൻ ബാർസ അധികൃതർക്ക് മേൽ മെസ്സി സമ്മർദ്ധതന്ത്രം പയറ്റുകയാണ് എന്നാണ് വിലയിരുത്തൽ. എന്തായാലും അന്തിമതീരുമാനത്തിനായി കോപ്പ അമേരിക്ക ടൂർണമെന്റ് ഫൈനൽ വരെ കാത്തിരിക്കേണ്ടി വന്നേക്കാം.
പുതിയ സീസണിലേക്ക് ഒരുപിടി മികച്ച താരങ്ങളെ ബാർസ ടീമിലെത്തിച്ചിട്ടുണ്ട്. മെംഫിസ് ഡീപായ്, എറിക് ഗാർഷ്യ, എമേഴ്സൻ റോയൽ എന്നിവർക്കു പുറമേ അർജന്റീനയിൽ മെസ്സിയുടെ സഹതാരം സെർജിയോ അഗ്യൂറോ കൂടി അടുത്ത സീസണിൽ ബാഴ്‌സക്കായി ബൂട്ട് കെട്ടും.