ഒരൊറ്റ കാര്യം സംഭവിച്ചാല്‍ മെസി ബാഴ്‌സ വിടും, തുറന്ന് പറഞ്ഞ് ബാഴ്‌സ പരിശീലകന്‍

Image 3
Football

മെസി ബാഴ്‌സലോണ വിടുമോയെന്ന കാര്യത്തില്‍ പലപ്പോഴായി നിരന്തരം റൂമറുകള്‍ പ്രചരിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ മെസി ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍മിലാനിലേക്ക് ചേക്കേറിയേക്കും എന്നതായിരുന്നു ശക്തമായ റൂമറുകളിലൊന്ന്. എന്നാല്‍ മെസി തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം തള്ളി കളഞ്ഞു.

എന്നാല്‍ ഒരു കാര്യം സംഭവിച്ചാല്‍ മാത്രമേ മെസി ബാഴ്‌സ വിടുകയുളളുവെന്നാണ് പരിശീലകന്‍ ക്വിക്കെ സെറ്റിയന്‍ പറയുന്നത്. ബാഴ്‌സ അടുത്ത സീസണില്‍ ജയസാധ്യത മുന്‍നിര്‍ത്തിയുളള ആസൂത്രണം ചെയ്യുന്നില്ലെന്ന് മെസിയ്ക്ക് മനസ്സിലായാല്‍ മാത്രമേ അക്കാര്യം സംഭവിക്കൂവെന്നാണ് ക്വിക്കെ സെറ്റിയന്‍ പറയുന്നത്.

‘ബാഴ്‌സലോണ കിരീടങ്ങള്‍ ലക്ഷ്യം വെച്ചുള്ള ഒരു പ്രൊജക്ട് അല്ല പ്ലാന്‍ ചെയ്യുന്നതെന്നു മെസിക്കു വ്യക്തമായാല്‍ താരം ബാഴ്‌സ വിടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ബാഴ്‌സലോണ ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നതെല്ലാം വിന്നിംഗ് പ്രൊജക്ടുകള്‍ മാത്രമാണ്.” ഒന്‍ഡ സെറായോട് സെറ്റിയന്‍ പറഞ്ഞു.

ലീഗ് പൂര്‍ത്തിയാക്കാതെ ബാഴ്‌സലോണ കിരീടം നേടാന്‍ സാധ്യതയുണ്ടോയെന്ന കാര്യത്തിലും സെറ്റിയന്‍ മറുപടി പറഞ്ഞു. ”അക്കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ല. ഇപ്പോഴും എല്ലാവരും വീട്ടില്‍ തന്നെ തുടരുകയാണ്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അവസാനിച്ചതിനു ശേഷം ബാഴ്‌സക്കു കിരീടം നല്‍കാന്‍ തീരുമാനമായാലും എനിക്കൊരു ചാമ്പ്യനായതു പോലെ തോന്നില്ല.” സെറ്റിയന്‍ പറഞ്ഞു.

അടുത്ത സീസണില്‍ സെറ്റിയന്‍ പരിശീലക സ്ഥാനത്ത് ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. സാവി പരിശീലകനായി വന്നാല്‍ പരിശീലക സ്ഥാനമൊഴിയുന്നതില്‍ പ്രശ്‌നമില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.