മെസിയെ കാത്തിരിക്കുന്നത് വന്‍ ശിക്ഷാനടപടികള്‍, വേട്ടയാടാന്‍ ബാഴ്‌സ

Image 3
FeaturedFootballLa Liga

ക്ലബ്ബ് വിടാനാണ് സൂപ്പർതാരം ലയണൽ മെസിയുടെ തീരുമാനമെങ്കിലും ക്ലബ്ബ് താരത്തിനെ ഫ്രീ ട്രാൻസ്ഫറിൽ വിടാനൊരുക്കമല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ. കൂടാതെ ബാഴ്‌സയെ മറികടന്നു മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറിയൽ 6 മാസം വരെ മെസിക്ക് വിലക്കു കിട്ടാനിടയുണ്ടാവുമെന്നാണ് ക്ലബ്ബിന്റെ നിലപാട്.

എന്നിരുന്നാലും ഞായറാഴ്ച്ച ബാഴ്സ സ്വന്തം താരങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന മെഡിക്കൽ പരിശോധനക്ക് മെസി വിധേയനായേക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.മെസിയുടെ കീഴിലുള്ള നിയമജ്ഞരാണ്  മെസ്സിക്ക് ഇത്തരത്തിലുള്ള ഒരു നിർദേശം നൽകിയത് എന്നാണ്  വിവരം. കോവിഡ് നിര്ണയത്തിനായുള്ള  പിസിആർ ടെസ്റ്റ്‌  ആണ് ഞായറാഴ്ച നടക്കാനിരിക്കുന്നത്.

അതിനു ശേഷമായിരിക്കും തിങ്കളാഴ്ച പ്രീസീസൺ പരിശീലനം തുടങ്ങുക. എന്നാൽ മുമ്പ് നെയ്മർ ചെയ്ത പോലെ ഇതിന് പങ്കെടുക്കാതിരിക്കുകയും ക്ലബ്ബിനെ പ്രതിരോധത്തിലാക്കാനുമാണ് മെസിയുടെ നിയമജ്ഞർ നിർദേശം നൽകിയിരിക്കുന്നത്.

എന്നാൽ അങ്ങനെ ചെയ്താൽ മെസിക്ക് ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നുറപ്പാണ്. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും വ്യക്തമായ കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ടീമിനോടൊപ്പം ചേരാതിരുന്നാൽ സസ്‌പെൻഷനും പിഴയും ലഭിക്കും. വ്യക്തമായി പറഞ്ഞാൽ 2 മുതൽ 10 ദിവസം വരെ ക്ലബിന്റെ ഭാഗത്തു നിന്നുള്ള സസ്‌പെൻഷൻ മെസിക്ക് നേരിടേണ്ടി വരും.

അതിനു പുറമെ മാസശമ്പളത്തിൽ നിന്ന് 7 ശതമാനം വരെ പിഴയും മെസിയിൽ ചുമത്തിയേക്കും. ഇനി ചൊവ്വാഴ്ചയും ബുധനാഴ്ചയും മെസി ബഹിഷ്കരണം തുടർന്നാൽ ശിക്ഷാ നടപടികൾ കൂടും. കൂടാതെ 10 മുതൽ 30 ദിവസങ്ങൾ വരെ മെസിക്ക് സസ്‌പെൻഷൻ ലഭിക്കാൻ ഇടയുണ്ട്. കൂടാതെ മാസശമ്പളത്തിൽ നിന്ന് 25 ശതമാനം പിഴയായി ചുമത്താനും ബാഴ്സക്ക് സാധിച്ചേക്കും. ഈ ശിക്ഷാനടപടികൾ ഒഴിവാക്കണമെങ്കിൽ മെസി ബാഴ്സയ്ക്കൊപ്പം ട്രെയിനിങ്ങിനു ചേരേണ്ടി വരും.