റെഡ് കാർഡിന് മെസിക്ക് 12 മത്സരങ്ങളിൽ വിലക്കില്ല, ബാഴ്സക്ക് ആശ്വാസമേകി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ ഉത്തരവ്

അത്ലറ്റിക് ബിൽബാവോക്കെതിരായി നടന്ന സ്പാനിഷ് സൂപ്പർകപ്പ്‌ ഫൈനലിൽ തന്റെ ബാർസ കരിയറിലെ തന്നെ ആദ്യ ചുവപ്പു കാർഡ് കണ്ട് മെസിക്ക് കളം വിടേണ്ടി വന്നിരുന്നു. ബിൽബാവോ താരം അസിയർ വിയ്യാലിബ്രെയെ എക്സ്ട്രാ ടൈമിന്റെ അവസാനത്തിൽ കൈ കൊണ്ട് അടിച്ചു വീഴ്ത്തിയതിനാണ് മെസിക്ക് റെഡ് കാർഡ് ലഭിച്ചത്. മത്സരത്തിൽ ബാഴ്സക്ക് രണ്ടിനെതിരെ മൂന്നു ഗോളിന്റെ തോൽവി രുചിക്കേണ്ടി വന്നിരുന്നു.

സംഭവശേഷം വീഡിയോ റഫറിയിങ്ങിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണു റഫറി ഗിൽ മസാനോ ലയണൽ മെസിക്ക് റെഡ് കാർഡ് കാണിച്ചു കളിക്കളത്തിനു പുറത്തേക്കുള്ള വഴി കാണിച്ചത്. മത്സരശേഷം മൂന്നു മുതൽ പന്ത്രണ്ടു മത്സരം വരെ വിലക്കു കിട്ടിയേക്കാവുന്ന കുറ്റമാണ് മെസി ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തായാലും അക്കാര്യത്തിൽ ഒരു സ്ഥിരീകരണം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

റോയൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ കോമ്പറ്റിഷൻ കമ്മിറ്റിയുടെ വിധി പ്രകാരം മെസിക്ക് രണ്ടു മത്സരങ്ങളിൽ നിന്നാണ് വിലക്കു പ്രശ്യപിച്ചിരിക്കുന്നത്. ഇതോടെ കോർനെല്ലക്കെതിരായ കോപ്പ ഡെൽ റേ മത്സരത്തിലും എൽച്ചേക്കെതിരായ ലാലിഗ മത്സരത്തിലും കളിക്കാൻ സാധിക്കില്ലെന്നുറപ്പായിരിക്കുകയാണ്. എന്നാൽ കോർനെല്ലക്കെതിരെ ജയിച്ചാൽ കോപ്പ ഡെൽ റേയിൽ അടുത്ത ആഴ്ചയിൽ നടക്കാനിരിക്കുന്ന റൗണ്ട് ഓഫ് 16 മത്സരത്തിൽ മെസിക്ക് കാലത്തിലിറങ്ങാനാവും.

എന്നാൽ അതിൽ പരാജയം സംഭവിച്ചാൽ ലാലിഗയിൽ ജനുവരി 31നു നടക്കാനിരിക്കുന്ന ലാലിഗ മത്സരത്തിൽ സ്വന്തം തട്ടകമായ ക്യാമ്പ് നൂവിൽ വെച്ചു വീണ്ടും അത്ലറ്റിക് ബിൽബാവോയുമായുള്ള പോരാട്ടത്തിലാവും മെസി തിരിച്ചു വരുക. എന്തായാലും മത്സരവിലക്ക് 2 മത്സരത്തിലേക്ക് ചുരുങ്ങിയത് ബാഴ്സക്ക് വലിയ ആശ്വാസം നൽകിയിട്ടുണ്ടെങ്കിലും വിലക്കിനെതിരെ ബാഴ്സ അപ്പീൽ നൽകുമെന്നാണ് അറിയാനാകുന്നത്

You Might Also Like