അർജന്റീന കൂടുതൽ കരുത്തരായി മാറുന്നുണ്ട്, പെറുവിനെതിരായ മത്സരശേഷം മെസി പറയുന്നു
ഇന്നു നടന്ന ഇന്റർനാഷണൽ ബ്രേക്കിലെ രണ്ടാമത്തെയും അവസാനത്തെയും ലോകകപ്പ് യോഗ്യതാമത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പെറുവിനെതിരെ അവരുടെ തട്ടകത്തിൽ വിജയം നേടാൻ സാധിച്ചിരിക്കുകയാണ്. ആദ്യപകുതിയിലെ നിക്കോളാസ് ഗോൺസാലസിന്റെയും ലൗറ്റാറോ മാർട്ടിനസിന്റെയും ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.
ഇതോടെ ബ്രസീലിനു തൊട്ടു പിറകിലായി രണ്ടാം സ്ഥാനത്തായി പട്ടികയിൽ തുടരാൻ അർജന്റീനക്ക് സാധിച്ചിരിക്കുകയാണ്. യോഗ്യത മത്സരങ്ങളിൽ ഒന്ന് പോലും തോൽക്കാതെ അജയ്യരായി ഒരു സമനിലയും മൂന്നു വിജയവുമായി പന്ത്രണ്ടു പോയിന്റാണ് അർജന്റീനക്ക് നേടാനായത്. എന്നാൽ നാലിൽ നാലും വിജയിച്ച ബ്രസീൽ 12 പോയിന്റോടെ ഒന്നാം സ്ഥാനത്തു തുടരുകയാണ്. ഇതോടെ ഈ വർഷത്തിൽ ഇതു വരെ അജയ്യരായി മുന്നേറുന്ന ഏക ടീമും സ്‌കലോനിയുടെ അര്ജന്റീനയാണ്.
പുതിയ അർജന്റീനയുടെ ഈ വളർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസി തന്നെയാണ്. ടീമെന്ന നിലയിൽ അർജന്റീന കരുത്തരായി മാറുകയാണെന്നാണ് മെസിയുടെ പക്ഷം. പാരഗ്വായുമായുള്ള സമനിലയ്ക്കു ശേഷം നേടിയ ഈ വിജയത്തിലെ അർജന്റീനയുടെ പ്രകടനത്തിൽ ലയണൽ മെസി വളരെയധികം സന്തുഷ്ടനായാണ് കാണപ്പെട്ടത്. അർജന്റീനയുടെ ട്വിറ്റർ അക്കൗണ്ടിനു നൽകിയ അഭിമുഖത്തിലാണ് താരം അർജന്റീനയുടെ പ്രകടനത്തെക്കുറിച്ച് മനസു തുറന്നത്.
https://twitter.com/NetEntertainer/status/1328952590479061000?s=19
” വിജയത്തിൽ സന്തോഷവാനാണ്. മുൻപു നടന്ന മത്സരത്തിനു പുറമെയുള്ള ഈ വിജയം ഞങ്ങൾക്ക് ആവശ്യമായിരുന്നു. മത്സരത്തിലെ ഞങ്ങളുടെ തുടക്കം തന്നെ മികച്ചതായിരുന്നു. ഗോളുകൾ വന്നു ഒപ്പം നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. രണ്ടാം പകുതിയിലും ഞങ്ങൾ മികച്ചതായിരുന്നു. അ മികവ് തുടരാൻ ഞങ്ങൾക്ക് സാധിച്ചു. കുറച്ചു കൂടി മികച്ചതായിരുന്നുവെന്നു വേണമെങ്കിൽ പറയാം. എനിക്ക് തോന്നുന്നത് ഇങ്ങനെയാണ് ഞങ്ങൾ തുടർന്ന് പോരേണ്ടതെന്നാണ്. കുറച്ചു കുറച്ചായി ഞങ്ങൾ ഒരു ടീമെന്ന നിലയിൽ കരുത്തരായി വരുകയാണ്. ഇവിടെ വന്നതിനു ശേഷം ഈ ഷർട്ടിനായി കൂടുതൽ യോഗ്യതയുള്ളവനായി അനുഭവപ്പെടുകയാണുണ്ടായത്.കൂടുതൽ മത്സരങ്ങൾ വിജയിക്കാൻ പരിശ്രമം തുടരും. ” മെസി വ്യക്തമാക്കി.