ജയിച്ചിട്ടും കലിപ്പടങ്ങാതെ മെസി, റഫറിക്കെതിരെ പ്രതിഷേധം

നാപോളിക്കെതിരായ ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ജയം നേടി അടുത്ത ഘട്ടത്തിലേക്കു മുന്നേറിയെങ്കിലും കളി നിയന്ത്രിച്ച റഫറിക്കെതിരെ പ്രതിഷേധവുമായി നായകൻ ലയണൽ മെസി. ബാഴ്‌സക്ക് അനുകൂലമായ പല തീരുമാനങ്ങളും എടുക്കാൻ വൈകിയ റഫറി മെസിയുടെ ഒരു ഗോൾ നിഷേധിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ബാഴ്സ നായകൻ മത്സരത്തിനു ശേഷം റഫറിക്ക് ഷേക്ക് ഹാൻഡ് നൽകാതെ പ്രതികരിച്ചത്.

മത്സരത്തിൽ മെസി രണ്ടാമത്തെ ഗോൾ നേടിയിരുന്നെങ്കിലും അതു നിഷേധിക്കപ്പെടുകയായിരുന്നു. ഡി ജോംഗ് നൽകിയ പാസിൽ നിന്നും മെസി വല കുലുക്കിയെങ്കിലും കയ്യിൽ കൊണ്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് റഫറി അതു വീഡിയോ അസിസ്റ്റന്റിനു വിടുകയും പിന്നീട് ഹാൻഡ് ബോളാണെന്നു വിധിക്കുകയും ചെയ്തു. എന്നാൽ അതു ഹാൻഡ് അല്ലെന്നായിരുന്നു മെസിയുടെ നിലപാട്.

അതിനു ശേഷം ആദ്യ പകുതിയിൽ തന്നെ മറ്റൊരു സംഭവം കൂടിയുണ്ടായി. മെസിയെ മാരകമായ രീതിയിൽ നാപോളി താരം കൂളിബാളി ബോക്സിനുള്ളിൽ ഫൗൾ ചെയ്തിട്ടും അതു റഫറി ആദ്യം പരിഗണിച്ചില്ല. പിന്നീട് വീഡിയോ റഫറി പരിശോധിച്ചതിനു ശേഷമാണ് അതു പെനാൽട്ടി അനുവദിക്കപ്പെട്ടത്. ഇതിലും താരത്തിന് അതൃപ്തിയുണ്ടെന്നാണു കരുതേണ്ടത്.

മത്സരത്തിനു ശേഷം റഫറി മെസിക്കു ഷേക്ക് ഹാൻഡ് നൽകാൻ വന്നപ്പോൾ മെസി അത് അവഗണിക്കുകയായിരുന്നു. അതിനു ശേഷം കൈ ചൂണ്ടി റഫറിയോട് ദേഷ്യത്തിൽ സംസാരിക്കുന്നതും കാണാം. സോഷ്യൽ മീഡിയകളിൽ ഇതിന്റെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

You Might Also Like