ഫ്രീകിക്ക് നേട്ടം; മെസ്സി മറ്റൊരു തകർപ്പൻ റെക്കോർഡിന്റെ പടിവാതിൽക്കൽ

Image 3
Copa America

കോപ്പ അമേരിക്കയിൽ തകർപ്പൻ ഫ്രീകിക്കോടെ രാജകീയമായി തുടങ്ങിരിരിക്കുകയാണ് അർജന്റൈൻ സൂപ്പർതാരം ലയണൽ മെസ്സി. എന്നാൽ മെസിയുടെ തകർപ്പൻ ഫ്രീകിക്കിനും അർജന്റീനയെ രക്ഷിക്കാനായില്ല. സെക്കൻഡ് ഹാഫിൽ ചിലിയുടെ എഡ്വാർഡോ വർഗാസ് നേടിയ ഗോളിൽ മത്സരം സമനിലയിൽ അവസാനിച്ചു.

എന്നാൽ, ഈ ഫ്രീകിക്ക് മെസ്സിയെ മറ്റൊരു റെക്കോർഡിന്റെ പടിവാതിൽക്കൽ എത്തിച്ചു. ഫ്രീകിക്കിലൂടെ ഏറ്റവുമധികം ഗോളുകൾ നേടിയ അർജന്റീനിയൻ താരം എന്നതാണ് റെക്കോർഡ്. സാക്ഷാൽ ഡിയാഗോ മറഡോണയെ മറികടക്കാൻ മെസ്സിക്ക് ഇനി അഞ്ചു ഫ്രീകിക്ക് ഗോളുകൾ കൂടി മതി.

കരിയറിൽ 57 തവണയാണ് മെസ്സി ഫ്രീകിക്കിലൂടെ വലകുലുക്കിയത്. മറഡോണയാവട്ടെ 62 തവണയും. 745 ഗോളുകൾ അർജന്റീനക്കായും, ബാഴ്സലോണക്കായും അടിച്ചു കൂട്ടിയ മെസ്സിയുടെ ഗോളുകളിൽ 7.6% ആണ് ഫ്രീകിക്ക് ഗോളുകൾ. മറഡോണയാവട്ടെ നേടിയ 353 ഗോളുകളിൽ 17% ആണ് ഫ്രീകിക്ക് ഗോളുകൾ.

ഫ്രീകിക്ക് ഗോളുകളുടെ കണക്കിൽ ചിരവൈരിയായ ക്രിസ്റ്റിയാനോ റൊണാൾഡോയേക്കാളും ബഹുദൂരം മുന്നിലാണ് മെസി. ക്രിസ്റ്റിയാനോ ഫ്രീകിക്കിൽ നിന്നും ഇതുവരെ നേടിയ ഗോളുകളുടെ എണ്ണം 57 ആണ്.

ബ്രസീലിന്റെ സെറ്റ് പീസ് വിദഗ്ദൻ ജൂനീഞ്ഞോയാണ് ലിസ്റ്റിൽ ഏറ്റവുമാദ്യം (77). പെലെ (70), വിക്ടർ  ലെജിറോട്ടജിൽ (66), റൊണാൾഡീഞ്ഞോ (66), ഡേവിഡ് ബെക്കാം (65), മറഡോണ (62), സീക്കോ (62), റൊണാൾഡ്‌ കോമൻ (60), മാർസെലിഞ്ഞോ (60), റോജറിയോ സെനി (59) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നേട്ടം.