ഇനിയുള്ള മൂന്നു സീസണിൽ ഗോളും അസിസ്റ്റുമില്ലെങ്കിലും മെസി റൊണാൾഡോക്കു മുന്നിൽ

ഫുട്ബോൾ ലോകത്ത് ഏറ്റവും മികച്ച താരം മെസിയാണോ റൊണാൾഡോയാണോ എന്ന കാര്യത്തിൽ നിരവധി വർഷങ്ങളായി ആരാധകർ തർക്കിച്ചു കൊണ്ടിരിക്കുകയാണ്. ഇരുവരും ചേർന്ന് അത്രയധികം നേട്ടങ്ങളും റെക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട് എന്നതു കൊണ്ടു തന്നെ ആരാധകർക്ക് വാഗ്വാദം നടത്താൻ നിരവധി കാര്യങ്ങളുമുണ്ട്.

എന്നാൽ ഫുട്ബോൾ ത്രഡ്സ് എന്ന ട്വിറ്റർ പേജ് പുറത്തു വിട്ട കണക്കുകൾ ഈ തർക്കത്തിനു മറുപടി കണ്ടെത്താൻ നമ്മളെ പ്രേരിപ്പിക്കുന്നതാണ്. ഇനിയുള്ള മൂന്നു വർഷങ്ങൾ മെസി ഗോളും അസിസ്റ്റും നേടാതിരുന്നാലും പ്രകടനമികവിൽ ബാഴ്സലോണ നായകൻ റൊണാൾഡോക്കു മുന്നിലാകുമെണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കണക്കുകൾ പ്രകാരം ഇനിയുള്ള 15000 മിനുട്ടുകൾ, അതായത് മൂന്നു സീസണുകളിലെ 166 മത്സരങ്ങളിൽ മെസി ഗോളും അസിസ്റ്റും സ്വന്തമാക്കാതിരുന്നാലും ഇതുവരെയുള്ള പ്രകടനം കണക്കിലെടുത്താൽ ഓരോ 85.3 മിനുട്ടിലും ഗോളോ അസിസ്റ്റോ മെസിക്കു സ്വന്തമായിട്ടുണ്ടാകും. അതേ സമയം റൊണാൾഡോയുടെ ഇതുവരെയുള്ള പ്രകടനം മാത്രം കണക്കിലെടുക്കുമ്പോഴും ഇത് 85.6 ആണ്.

ചുരുക്കിപ്പറഞ്ഞാൽ മൂന്നു വർഷം മെസി കളത്തിനു പുറത്തിരുന്നാലും ബാഴ്സ നായകന്റെ റെക്കോർഡ് മറികടക്കാൻ റൊണാൾഡോ ഇതുവരെയുള്ളതിനേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. അതിൽ നിന്നു തന്നെ ആരാണു മികച്ച താരമെന്ന തർക്കത്തിൽ മെസി ബഹുദൂരം മുന്നിലാണെന്നു അനുമാനിക്കാവുന്നതാണ്.

You Might Also Like