കൂമാൻ ലക്ഷ്യത്തോടടുക്കുന്നു, ലിയോണിന്റെ അവസാനശ്രമവും പരാജയപ്പെടുന്നു

Image 3
FeaturedFootballLa Liga

ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ ക്ലബിലെത്തിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന താരങ്ങളിലൊരാളാണ് ലിയോണിന്റെ ഹോളണ്ട് സ്ട്രൈക്കെർ മെംഫിസ് ഡീപേ. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാനുള്ള ബാഴ്സയുടെ ശ്രമങ്ങൾക്ക് ചിറകുമുളച്ചിരിക്കുകയാണ്. താരത്തെ നിലനിർത്താനുള്ള ലിയോണിന്റെ അവസാനശ്രമവും പരാജയപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽ എകിപെയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. താരത്തിന്റെ കരാർ പുതുക്കുന്നതിന് വേണ്ടി ലിയോൺ നൽകിയ ഓഫർ ഡീപേ തള്ളികളഞ്ഞതായാണ് റിപ്പോർട്ടുകൾ. ഡീപേ ലിയോൺ വിട്ട് ബാഴ്സയിലേക്ക് ചേക്കേറാനുള്ള തീരുമാനത്തിലെത്തിയെന്നാണ് അഭ്യൂഹങ്ങൾ. ബാഴ്സ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ താരത്തിന്റെ ലിയോണിലെ പ്രകടനത്തിനെ ബാധിച്ചുവെന്നു ആരാധകരും കുറ്റപ്പെടുത്തുന്നു.

ലീഗിലെ ആദ്യമത്സരത്തിൽ ബോർഡക്സിനെതിരെ ലിയോൺ ഗോൾരഹിത സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ മോശം പ്രകടനമായിരുന്നു ഡീപേ കാഴ്ചവെച്ചത്. ഇതിനു കാരണം ഇന്റർനാഷണൽ മത്സരങ്ങളിൽ കളിച്ചതിനാലാകാമന്നാണ് പരിശീലകൻ റൂഡി ഗാർഷ്യയുടെ പക്ഷം. നിലവിൽ ഡീപേക്ക് ഒരു വർഷം കൂടി ലിയോണിൽ കരാറുണ്ട്. പക്ഷെ വരുന്ന ജനുവരിയിൽ ഡീപേ ബാഴ്‌സയുമായി കരാറിലെത്തിയാൽ ലിയോണിന് ഒരു പൈസ പോലും കിട്ടാതെ താരത്തെ നഷ്ടമാവും

താരം കരാർ പുതുക്കാൻ വിസമ്മതിച്ച സ്ഥിതിക്ക് ലിയോൺ താരത്തെ ബാഴ്സക്ക് തന്നെ വിൽക്കാൻ തന്നെയാവും ശ്രമിക്കുക. പക്ഷെ ബാഴ്സ ഇതുവരെ ഒഫീഷ്യൽ ആയി ഓഫറുകൾ ഒന്നും മുന്നോട്ടു വെച്ചിട്ടില്ല. ബാഴ്സ ലുവറ്റാരോ മാർട്ടിനെസിന്റെ കാര്യത്തിൽ തീരുമാനമാവാനാണ് കാത്തിരിക്കുന്നത്. അതിന് ശേഷം ഡീപേയുടെ കാര്യത്തിൽ തീരുമാനം കൈക്കൊണ്ടേക്കും.പക്ഷെ ലൗറ്ററോയെക്കാൾ കൂമാൻ മുൻഗണന നൽകുന്നത് ഡീപേക്കു തന്നെയാണ്.