ബിജെപിയില്‍ ചേര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ രാജിവെച്ച് ബ്ലാസ്‌റ്റേഴ്‌സ് താരം
ബിജെപിയില്‍ ചേര്‍ന്ന് വൈകുന്നേരമായപ്പോഴേക്കും രാജിവച്ച് മുന്‍ ഇന്ത്യന്‍ താരവും കേരളാ ബ്ലാസ്റ്റേഴ്‌സ് താരവുമായിരുന്ന മെഹ്താബ് ഹുസൈന്‍. ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്ന മെഹ്താബ് ഹുസൈന്‍, ബുധനാഴ്ച രാവിലെ ഫെയ്‌സ്ബുക്കിലൂടെയാണ് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
‘ഇന്ന് ഞാന്‍ എന്താണോ, ആ നിലയിലേക്ക് വളരാന്‍ എന്നെ സഹായിച്ച ജനങ്ങള്‍ക്കൊപ്പമായിരിക്കാനാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എങ്കിലും അതേ ആളുകള്‍ തന്നെ നേരിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കരുതെന്ന് എന്നെ നിര്‍ബന്ധിക്കുന്നു’ മെഹ്താബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ഇന്നലെയാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുമെല്ലാം ഒരുപോലെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ക്കുന്നു. അവരുടെ ഇഷ്ടം കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവുന്നില്ല. എന്നെ രാഷ്ട്രീയത്തിലല്ല, ഇതുവരെ കണ്ട ഇടത്തില്‍ തന്നെ (ഫുട്‌ബോള്‍) കാണാനാണ് ഇഷ്ടമെന്നാണ് പൊതുവികാരം. ഞാന്‍ അതു മാനിക്കുന്നു രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയല്ല ഈ തീരുമാനമെന്ന് വ്യക്തമാക്കി മെഹ്താബ് കുറിച്ചു.
കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനും കളിച്ചിട്ടുള്ള ഈ മുന്‍ ഇന്ത്യന്‍ താരത്തെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ബിജെപി പാര്‍ട്ടിയില്‍ ചേര്‍ത്തത്. എന്നാല്‍, അംഗത്വം ലഭിച്ച് 24 മണിക്കൂറിനകം മെഹ്താബ് പാര്‍ട്ടിവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷാണ് മെഹ്താബ് ഹുസൈന് നേരിട്ട് പാര്‍ട്ടി അംഗത്വം നല്‍കിയത്. മുരളീധര്‍ സെന്‍ ലെയ്‌നിലെ ഓഫിസില്‍ ‘ഭാരത് മാതാ കീ ജയ്’ വിളികള്‍ക്ക് നടുവിലായിരുന്നു മെഹ്താബിന്റെ ബിജെപി പ്രവേശം.
ഇന്ത്യയ്ക്കായി 30 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് മെഹ്താബ്. ‘മിഡ്ഫീല്‍ഡ് ജനറല്‍’ എന്ന പേരിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. 18 വര്‍ഷം നീണ്ട കരിയറിനൊടുവില്‍ 2019 ഫെബ്രുവരിയിലാണ് മെഹ്താബ് പ്രഫഷനല്‍ ഫുട്‌ബോളില്‍നിന്ന് വിരമിച്ചത്. ഐഎസ്എല്ലില്‍ ജംഷഡ്പുര്‍ എഫ്‌സിക്കായും കളിച്ചിരുന്നു. 2014ലെ പ്രഥമ ഐഎസ്എല്‍ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ കടന്നപ്പോള്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. ബ്ലാസ്റ്റേഴ്‌സ് കരാറൊപ്പിട്ട ആദ്യ ഇന്ത്യന്‍ താരവും മെഹ്താബായിരുന്നു. രണ്ടു സീസണ്‍ കൂടി ബ്ലാസ്റ്റേഴ്‌സില്‍ തുടര്‍ന്ന മെഹ്താബ്, 2016ല്‍ വീണ്ടും ടീമിനെ ഫൈനലിലെത്തിച്ചു. 2017-18 സീസണില്‍ ജംഷഡ്പുര്‍ എഫ്‌സിയിലേക്ക് മാറി. ബ്ലാസ്റ്റേഴ്‌സിനായി 38 മത്സരങ്ങള്‍ സഹിതം ഐഎസ്എല്ലില്‍ 50 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.