ശ്രീയ്ക്ക് ഹാട്രിക്ക് നഷ്ടം, തീതുപ്പി ആപ്പിള്‍ടോം, മേഘാലയയെ എറിഞ്ഞിട്ട് കേരളം

Image 3
CricketCricket News

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ മേഘാലയ പുറത്ത്. ആദ്യ ഇന്നിംഗ്‌സില്‍ 40.4 ഓവറില്‍ കേവലം 148 റണ്‍സാണ് മേഘാലയ സ്വന്തമാക്കിയത്. കേരള ബൗളര്‍മാര്‍ നിറഞ്ഞാടിയതോടെ മേഘാല കൂട്ടതകര്‍ച്ചയ്ക്ക് ഇരയാകുകയായിരുന്നു.

കേരളത്തിനായി കൗമാര അരങ്ങേറ്റതാരം ഏദന്‍ ആപ്പിള്‍ ടോം തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ഒന്‍പത് ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ ആപ്പിള്‍ ടോം ആദ്യ മത്സരത്തില്‍ തന്നെ സ്വന്തമാക്കി. മനു കൃഷ്ണ 11 ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുമെടുത്തു.

ഏറെ നാളുകള്‍ക്ക് ശേഷം രഞ്ജിയില്‍ കളിച്ച ശ്രീശാന്ത് തിരിച്ചുവരവ് മോശമാക്കിയില്ല. 11.4 ഓവറില്‍ രണ്ട് മെയ്ഡിന്‍ അടക്കം 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. അവസാന രണ്ട് വിക്കറ്റുകളാണ് തുടര്‍ച്ചയായ പന്തില്‍ ശ്രീ വീഴ്ത്തിയത്. ഇതോടെ ഹാട്രിക്കെടുക്കാനുളള അവസരം ശ്രീയ്ക്ക് നഷ്ടമായി. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് രഞ്ജിയില്‍ പന്തെറിഞ്ഞത്. ബേസില്‍ തമ്പി ഒരു വിക്കറ്റും സ്വന്തമാക്കി.

2012 ഡിസംബറില്‍ ആന്ധ്രയ്ക്ക് എതിരെ ആയിരുന്നു ശ്രീശാന്തിന്റെ അവസാന രഞ്ജി മത്സരം. ആകെ 22 കളിയില്‍ നിന്ന് 60 വിക്കറ്റ് നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രീശാന്തിന്റെ അവസാന മത്സരം 2013 ഫെബ്രുവരിയില്‍ ആയിരുന്നു. മുംബൈയ്‌ക്കെതിരായ റസ്റ്റ് ഓഫ് ഇന്ത്യ ടീമിലെ അംഗമായിരുന്നു ശ്രീശാന്ത്. ഇതിന് ശേഷമുണ്ടായ ഐപിഎല്‍ വിവാദത്തെ തുടന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന ശ്രീശാന്ത് കഴിഞ്ഞ സീസണില്‍ സയദ് മുഷ്താഖ് അലി, വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റുകള്‍ക്കുള്ള കേരള ടീമില്‍ അംഗമായി.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മേഘാലയയെ ബാറ്റിംഗിനയക്കുകയായിരുന്നു. മേഘാലയക്കായി ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ പുനിത് ബിഷ്ത്ത് മാത്രമാണ് പോരാടിയത്. 90 പന്തില്‍ 19 ഫോടകം 93 റണ്‍സെടുത്ത പുനിത്തിനെ മനു കൃഷ്ണന്‍ പുറത്താക്കുകയായിരുന്നു.

26 റണ്‍സെടുത്ത കിഷനും 15 റണ്‍സെടുത്ത കുരാനയും ആണ് രണ്ടക്കം കടന്ന മറ്റ് മേഘാലയ ബാറ്റ്‌സ്മാന്‍മാര്‍.